Criticism | വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നു; ഇതാദ്യമല്ല ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്; പ്രതിപക്ഷത്തിനെതിരെയും വിമര്‍ശനം
● വയനാട് ദുരന്തം, കെവിന്‍ കേസ് തുടങ്ങിയ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു
● മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: (KVARTHA) സര്‍ക്കാരിനെതിരെ ഇതാദ്യമായല്ല വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ കാലത്തും ഓരോ വാര്‍ത്തകള്‍ അവര്‍ക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന ചെലവുകളെ ചിലവഴിച്ച തുക എന്നും പിന്നീട് പെരുപ്പിച്ച തുക എന്നും പ്രചരിപ്പിക്കുന്നത് വിദ്യാഭ്യാസക്കുറവിന്റെ പ്രശ്‌നമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മറിച്ച് അവരുടെ ചില പ്രത്യേക താല്‍പര്യങ്ങളുടെ കുഴപ്പമാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ പ്രാചരണങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനങ്ങള്‍.
വയനാട് ദുരന്തം സംബന്ധിച്ച് ഹൈക്കോടതിയുടെ വിധിന്യായത്തെയാണ് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത്. ഇന്റര്‍ഫിയറന്‍സ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ജസ്റ്റിസ് ആണ് നടത്തിയിരിക്കുന്നത്. അതുകൂടി കണക്കിലെടുത്തുള്ള നിയമനടപടികള്‍ ആലോചിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഇല്ലാക്കഥ മെനയുന്നത്. മാധ്യമങ്ങളുടെ ക്രിമിനല്‍ വാസനാ വികൃതികളുടെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. സര്‍ക്കാരിനെതിരെ മാത്രമല്ല, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനെതിരെയും വ്യക്തികള്‍ക്കെതിരെയും നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ ഓരോന്നും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
കെവിന്‍ കേസ് ഓര്‍മ്മയില്ലേ? ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമല്ലേ അന്ന് കെവിന്‍ കൊലക്കേസില്‍ മാധ്യമങ്ങള്‍ വ്യാജപ്രചാണങ്ങള്‍ അഴിച്ചുവിട്ടത്? നടന്നത് ദുരഭിമാനക്കൊലയാണെന്നറിഞ്ഞിട്ടും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഡി വൈ എഫ് ഐയെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വല്ലാതെ വ്യഗ്രത കാട്ടിയത്. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് കഴിയുന്നതുവരെയും ഡി വൈ എഫ് ഐയെ ആക്രമിക്കാനായിരുന്നു ഇത്തരം ചാനലുകള്‍ക്ക് അമിതതാല്പര്യം. അവസാന വോട്ടും വീണുകഴിഞ്ഞെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് കെവിന്‍ കേസിലെ പ്രതികള്‍ ഭാര്യാ സഹോദരനും പിതാവുമാണെന്ന് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓമനക്കുട്ടന്റെ കഥയും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ലല്ലോ? പ്രളയ സമയത്താണ് ചേര്‍ത്തലക്കാരന്‍ ഓമനക്കുട്ടനെ ക്രൂശിച്ചത്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന ഓട്ടോക്ക് വണ്ടിക്കൂലി കൊടുക്കാന്‍ കയ്യില്‍ പണമില്ലാത്തതു കൊണ്ട് ക്യാമ്പിലുള്ള ചിലരോട് എഴുപതുരൂപ പിരിക്കുകയായിരുന്നു ഓമനക്കുട്ടന്‍ എന്ന സിപിഐഎം പ്രാദേശികനേതാവ്. അദ്ദേഹത്തെ ഏതുവിധേനെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിച്ചു നോക്കുന്നതു നന്നാവും. ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനായല്ലേ അദ്ദേഹത്തെ ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം എസ് എഫ് ഐക്കാര്‍ തകര്‍ത്തതാണ് എന്നായിരുന്നു കുറേ ദിവസം ഇവിടത്തെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നീട് ഇതിന്റെ വാസ്തവം വ്യക്തമായതല്ലേ? എസ് എഫ് ഐക്കാര്‍ ഓഫീസ് വിട്ടിറങ്ങിയ ശേഷമാണ് ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതെന്ന വസ്തുത പിന്നീട് തെളിവ് സഹിതം പുറത്തു വന്നില്ലേ?എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ ആളെ കിട്ടിയോ എന്നായിരുന്നില്ലേ പരിഹാസം? ഒടുവില്‍ ആളെ കിട്ടിയപ്പോള്‍ അത് കോണ്‍ഗ്രസ്സിന്റെ വേണ്ടപ്പെട്ടയാള്‍ ആയിരുന്നില്ലേ? കൂടാതെ ഈയിടെ പിടിയിലായ ഈ കേസിലെ മുഖ്യ ആസൂത്രകനും കെപിസിസി പ്രസിഡന്റിന്റെ അടുത്ത അനുയായിയല്ലേ? ഇതേ വ്യക്തി വിമാനത്തില്‍ വെച്ച് ആക്രമണശ്രമമുണ്ടായ ദിവസം വിമാനത്തിലുണ്ടാവുകയും ഇതിന്റെ ആസൂത്രണം ഉള്‍പ്പെടെ ചെയ്യുകയുമുണ്ടായില്ലേ?
ന്യൂയോര്‍ക്കിലെ ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ താരനിശ മോഡലില്‍ പിരിവ് എന്നല്ലേ വാര്‍ത്ത ചമച്ചത്? ലോക കേരള സഭയില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ 82 ലക്ഷം രൂപ ഫീസ് എന്നായിരുന്നു അന്നത്തെ തലക്കെട്ട്. ന്യൂയോര്‍ക്കിലെ സമ്മേളന നടത്തിപ്പിന് സംഘാടകര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ വഴി തേടിയതിനെ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണം പിരിക്കുന്നു എന്നു കാട്ടിയല്ലേ നിര്‍ലജ്ജം വ്യാജവാര്‍ത്ത നിര്‍മിച്ചത്?
മാധ്യമപ്രവര്‍ത്തനത്തിന്റെ മാനം മാറുന്നു എന്നാണ് പുതിയ സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും ഇവ ഓരോന്നും എടുത്തുപറഞ്ഞ് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്. ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. സ്വീകരിക്കാന്‍ പാടില്ലാത്ത ഈ നില ജനങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഇവിടെ ഇത്രയും വിശദീകരിച്ചത്. വ്യക്തികളെ, രാഷ്ട്രീയ പാര്‍ട്ടികളെ ആക്രമിക്കുന്നതും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും മാധ്യമങ്ങളുടെ രീതി ആണ്. അതില്‍ പുതുമ കാണുന്നില്ല.
ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇവര്‍ ആലോചിക്കുന്നില്ല ഇവരുടെ ഈ വ്യാജ പ്രചാരണങ്ങള്‍ എത്ര പാവപ്പെട്ട മനുഷ്യരെയാണ് ബാധിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇല്ലാതായാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാകാതെ പോകുക. അതോടൊപ്പം വിവിധ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങളും നിലച്ചുപോകും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. അതില്‍ ചികിത്സാസഹായമായി മാത്രം നല്‍കിയത് 685.62 കോടി രൂപയാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് സഹായം ലഭ്യമായത്.
ഇതു കൂടാതെ പ്രളയബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ വന്ന ശേഷം 856.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ദുരിതമനുഭവിച്ചവര്‍ക്ക് 380.95 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കാലയളവില്‍ നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി പറഞ്ഞാല്‍ 25/5/2016 മുതല്‍ 20/5/2021 വരെ 5715.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. സുതാര്യവും സുഗമവും ആയി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസ്സമുണ്ടാകും. അതുപോലെതന്നെ മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. അതുകൊണ്ട് വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണം. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്.
മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്.
പ്രളയത്തിന്റെ സമയത്ത് കോണ്‍ഗ്രസ്സ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ 'സാലറി ചലഞ്ചി'നെതിരെ രംഗത്തുവന്നത് ഓര്‍ക്കുന്നത് നന്നാവും. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അവര്‍ അധപതിച്ചില്ലേ അന്ന്? സാലറി ചലഞ്ചിനോട് മുഖം തിരിക്കുക മാത്രമല്ല, ക്യാമ്പെയിന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഇന്നാട്ടിലെ അധ്യാപകരേയും ജീവനക്കാരെയും അകാരണമായി പിഴിയുന്നു എന്നാണ് അന്ന് ഇവര്‍ പറഞ്ഞു പരത്തിയത്? എന്നാല്‍ പ്രതിപക്ഷത്തിന്റെ ദുഷ് പ്രചാരണങ്ങളെ വകവെക്കാതെ നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയാണ് ബഹുഭൂരിപക്ഷം ജീവനക്കാരും ചെയ്തത്.
കൊറോണക്കാലത്ത് മാനദണ്ഡം ലംഘിച്ചു പുറത്തിറങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകവരെ ചെയ്തില്ലേ പ്രതിപക്ഷ നേതൃത്വം? സമരകോലാഹലങ്ങള്‍ നടത്തി നാടിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനല്ലേ ഇവര്‍ അന്ന് ശ്രമിച്ചത്? വ്യാജ പ്രചാരണങ്ങളുടെ പെരുമഴയല്ലേ അന്നിവര്‍ നടത്തിയത്?
കോവിഡ് വിഷയത്തിലെ സാലറി ചലഞ്ചുവഴി ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വിളിച്ചു പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്‍ഡേറ്ററി സാലറി കട്ട് നല്‍കുന്ന അതേ സമയത്തായിരുന്നു ആറു ദിവസത്തെ ശമ്പളം കടമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.
ലോകം മുഴുവന്‍ മഹാമാരി മരണം വിതച്ച സമയമായിരുന്നല്ലോ അന്ന്. തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സര്‍ക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വേണ്ടത്ര കാശില്ലാതെ ലോകമാകെ സര്‍ക്കാരുകള്‍ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു. പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചത്.
സര്‍ക്കാരിന്റെ ഉത്തരവ് തെരുവില്‍ കത്തിക്കുകയല്ലേ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിയുമായി പോവുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. ഇപ്പോള്‍ 'പെരുപ്പിച്ച കണക്ക്' എന്നും 'വ്യാജ കണക്ക്' എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ്.
കേന്ദ്ര സര്‍ക്കാര്‍ വയനാടിനായി ഇതുവരെ പ്രത്യേക സഹായമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, സംസ്ഥാനം നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റിനെ 'ചെലവാക്കിയ തുകയായി' ദുര്‍വ്യാഖ്യാനം ചെയ്ത നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെ പ്രധാന നേതാക്കളും ഉണ്ട് എന്നത് നാം കാണുകയാണ്. ആ പരിഹാസ്യ സമീപനം നമ്മുടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മറ്റു പല സംസ്ഥാനങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ പെട്ടെന്ന് തന്നെ സഹായം പ്രഖ്യാപിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള ഇടപെടലാണ് നാടിനെയും ജനങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുക. മാധ്യമങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകണം എന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഇടതുപക്ഷ വിരുദ്ധതയുടെ ആഴവും പരപ്പും എന്തെന്നു കാട്ടിത്തരുന്ന കൃത്യമായ ഉദാഹരണമാണ് 'വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള' എന്ന ഏറ്റവും പുതിയ അസത്യ പ്രചാരണം. ഒരു പകല്‍ മുഴുവന്‍ തങ്ങളാല്‍ കഴിയുംവിധം നുണ പ്രചരിപ്പിച്ച ശേഷം തെറ്റുപറ്റിപ്പോയെന്ന ചിലരുടെ പരിദേവനങ്ങളും പിന്നീട് കേട്ടു. തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത നല്‍കിയതിനുശേഷം ആദ്യം തിരുത്തുകൊടുത്തതു തങ്ങളാണെന്നുവരെ മേനി നടിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് മലയാള മാധ്യമലോകം എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
#KeralaPolitics #FakeNews #MediaBias #CMofKerala #IndiaNews