Theyyam | കലയുടെ വിസ്മയലോകം തുറന്ന് ചിറക്കൽ തെയ്യം ഗ്യാലറി നാടിന് സമർപ്പിച്ചു


● ഫോക് ലോർ അക്കാദമി ആസ്ഥാനത്താണ് തെയ്യം ഗാലറി സ്ഥിതി ചെയ്യുന്നത്.
● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
● തെയ്യം കലാകാരന്മാരെ മന്ത്രി ആദരിച്ചു.
● 100 തെയ്യക്കാവുകളിലേക്ക് 5000 കമുകിൻ തൈകൾ വിതരണം ചെയ്തു.
കണ്ണൂർ: (KVARTHA) കേരള ഫോക് ലോർ അക്കാദമി ആസ്ഥാനത്ത് പി കെ കാളൻ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ തെയ്യം കലയുടെ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സമ്പന്നമായ സാംസ്കാരിക കലാ ചരിത്രത്തെ സൂക്ഷിച്ചുവെച്ച് വരുംകാലത്തിന് പകർന്നു നൽകേണ്ടത് അനിവാര്യമാണ് എന്ന് മന്ത്രി പറഞ്ഞു. അത്തരത്തിലൊരു ഉദ്യമമാണ് തെയ്യം ഗാലറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെയ്യം കലാകാരന്മാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 100 തെയ്യക്കാവുകളിലേക്ക് സമ്മർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണോദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമിയ്ക്ക് പുതിയ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐ സി എ ആർ ഡയറക്ടർ ഡോ. വി വെങ്കിട സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻസ് കൊയ്യാൽ രചിച്ച 'നമ്മുടെ നാടൻ കലകൾ' പുസ്തകത്തിൻ്റെ പുന:പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാർഷിക സർവ്വകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ മേനോന് നൽകി നിർവഹിച്ചു. കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. പി ജയരാജ് വിഷയാവതരണം നടത്തി. 45 വർഷത്തിനുശേഷം 2023ൽ നടന്ന ചിറക്കൽ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിയ തെയ്യക്കോലങ്ങളുടെ ചിത്രങ്ങൾ അനാവരണം ചെയ്യുന്ന ആർട്ട് ഗ്യാലറി പുതുതലമുറയ്ക്ക് തെയ്യം കലയുടെ വൈവിധ്യമാർന്ന ലോകത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകുന്നു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വാർഡ് മെമ്പർ കസ്തൂരിലത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് ചെയർമാൻ കോയ കാപ്പാട്, കാർഷിക സർവകലാശാല മുൻ ഫാം സൂപ്രണ്ട് ടി.വി സുരേന്ദ്രൻ, ഫോക് ലോറിസ്റ് ചന്ദ്രൻ മുട്ടത്ത്, റിട്ട. പ്രൊഫസർ എം.എം മണി, തെയ്യം ഗാലറി നിർവാഹകൻ സജി മാടപ്പാട്ട്, പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ എന്നിവർ സംസാരിച്ചു. ചെറുതാഴം രാമചന്ദ്രപ്പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടവും ശ്രീശങ്കരം തിരുവാതിര ടീം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
Minister Ramachandran Kadannapally inaugurated the art gallery showcasing the visual experience of Theyyam art at the PK Kalan Art Gallery at the Kerala Folklore Academy headquarters. The Minister said that it is essential to preserve the rich cultural art history and pass it on to the future.
#TheyyamGallery #KeralaFolkloreAcademy #Chirakkal #Kannur #KeralaCulture #ArtGallery