Assembly | കുട്ടികളിലെ ആക്രമണോത്സുകത: അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Children's Aggression: A Serious Concern Requiring Immediate Attention, Says Chief Minister Pinarayi Vijayan
Children's Aggression: A Serious Concern Requiring Immediate Attention, Says Chief Minister Pinarayi Vijayan

Photo Credit: Screenshot from a Facebook Video by Pinarayi Vijayan

● കുട്ടികളിലെ ആക്രമോത്സുകത ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്.
● ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണിന്ന്.
● മയക്കുമരുന്ന് ഒരു ആഗോളശൃംഖലയുടെ ഭാഗമാണ്.
● സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്.
● വിമുക്തി ഡി അഡിക്ഷന്‍ പരിപാടി വഴി 1,36,500 പേരെ ഔട്ട് പേഷ്യന്റായും 11,078 പേരെ ഇന്‍ പേഷ്യന്റായും ചികിത്സിച്ചിട്ടുണ്ട്.

തിരുവനന്തപുരം: (KVARTHA) കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകത തീര്‍ച്ചയായും അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണ്. സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ ഇത്തരം അക്രമസംഭവങ്ങള്‍ സമൂഹമാകെ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതും ഇക്കാര്യം ദേശീയവും അന്തര്‍ദേശീയവുമായ മാനങ്ങളുള്ളതുമാണെന്ന് രമേശ് ചെന്നിത്തല നല്‍കിയ ഉപക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഈയിടെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ നാല് സംഭവങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 

ഈ വിഷയങ്ങള്‍ ഒറ്റപ്പെട്ട് പരിശോധിക്കേണ്ട ഏകമുഖമായ ഒരു കാര്യമല്ല. പലമുഖങ്ങളും പല തലങ്ങളുമുള്ള വിഷയമാണിത്. ഈ ചര്‍ച്ചയോടെ അവസാനിപ്പിക്കേണ്ട ഒരു വിഷയമായി സര്‍ക്കാര്‍ കാണുന്നുമില്ല. അതീവ ഗുരുതരമായ ഒരു വിഷയമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. പൊതുസമൂഹത്തിന്റെ വികാരം പൂര്‍ണ്ണമായും സര്‍ക്കാര്‍ കണക്കിലെടുക്കുകയാണ്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എല്ലാ നിയമനടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. കേവലമായ ഒരു ക്രമസമാധാന കാര്യമല്ല ഇത്. അതിനപ്പുറം വലിയ സാമൂഹിക മാനങ്ങളുള്ള അതിഗൗരവതരമായ വിഷയമാണിത്. ഇതിനെ ഏതെങ്കിലും തരത്തില്‍ വ്യക്തിനിഷ്ഠമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ചുരുക്കിക്കണ്ടുകൂട. 

കുട്ടികളിലെ ആക്രമോത്സുകത ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. 1999 ലാണ് അമേരിക്കയിലെ കൊളറാഡോയിലുള്ള കൊളംബിയാ ഹെസ്‌കൂളില്‍ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പന്ത്രണ്ടു സഹപാഠികളെയും ഒരു ടീച്ചറെയും വെടിവെച്ചു കൊന്നത്. 21 കുട്ടികള്‍ക്കാണു ഗുരുതരമായി അന്നു പരിക്കേറ്റത്. ഏതാണ്ട് അതുമുതല്‍ക്കിങ്ങോട്ട് ഈ സ്വഭാവത്തിലുള്ള ആക്രമണങ്ങളും ഇതിനെ നേരിടേണ്ടതെങ്ങനെ എന്ന നിലയ്ക്കുള്ള ചര്‍ച്ചകളും ലോകവ്യാപകമായിത്തന്നെ നടക്കുന്നു.

2007 ഏപ്രിലിലാണ് വെര്‍ജീനിയയിലെ ബ്ളക്സ്ബറിയിലും സമാന സംഭവമുണ്ടായത്. പിന്നീട്, ന്യൂടൗണ്‍, ടെക്സാസ്, ഫോറിഡ, റെഡ്ലേക് തുടങ്ങിയ പല സ്ഥലങ്ങളിലായി കുട്ടികള്‍ കുട്ടികളെ കൊല്ലുന്ന സംഭവങ്ങളുണ്ടായി. ചിലയിടത്തു മുതിര്‍ന്ന ഒന്നു രണ്ടുപേര്‍ വന്നു വെടിവെച്ച സംഭവമുണ്ടായെങ്കിലും പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കഠാരയും തോക്കും ഉപയോഗിച്ച് സഹപാഠികളെ കൊന്നൊടുക്കിയത്. മേല്‍പ്പറഞ്ഞ ഓരോ ഇടത്തും 28 ഉം 22 ഉം 17 ഉം ഒക്കെ കുട്ടികളാണു പിടഞ്ഞു വീണ് മരിച്ചത്.

ഇത്തരം തുടര്‍പരമ്പരകളുണ്ടായപ്പോഴാണ് ലോകം ആകെ ഈ പ്രശ്നത്തിലേക്ക് ഉണര്‍ന്നത്. ലോകമാകെ ഇതു ചര്‍ച്ചയ്ക്കെടുത്തത്. ഏതാണ്ട് ഒരു ആഗോള പ്രതിഭാസമായി കുട്ടികളുടെ അക്രമവാസന പടരുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ പോലും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നു എന്നതു കേരളത്തില്‍ ഇതുണ്ടാവുന്നതിനുള്ള ന്യായീകരണമല്ല. എന്നാല്‍ ഒന്നുണ്ട്, കേരളം ഈ ലോകത്തിന്റെ ഭാഗമാണ്. 

നമുക്ക് സവിശേഷമായ ഒരു സംസ്‌കാരമുണ്ട്. ജീവിതസാഹചര്യവുമുണ്ട്. അതിനു നിരക്കുന്നതല്ലാത്തതൊന്നും ഇവിടെ സംഭവിച്ചുകൂടാ. നമ്മുടെ  ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണിന്ന്. ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതു കമ്പോള വ്യവസ്ഥയും അതിലെ അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും അവരെ അസ്വസ്ഥതപ്പെടുത്തുന്ന പല ഘടകങ്ങളിലൊന്നാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. എന്‍ട്രന്‍സിനു മത്സരം, ഇന്റര്‍വ്യൂവിനു മത്സരം, തൊഴില്‍ കിട്ടാന്‍ മത്സരം, തൊഴിലില്‍ പിടിച്ചുനില്‍ക്കാന്‍ മത്സരം, സഹോദരങ്ങള്‍ തമ്മില്‍ മത്സരം. ഈ മത്സരത്തിന്റെ അന്തരീക്ഷം ഒപ്പമുള്ളവനെ തോല്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തുന്നുണ്ട്.  ഒപ്പമുള്ളവന്‍ ശത്രുവാണ് എന്ന ബോധം വളര്‍ത്തുന്നു.  ആഗോളവത്ക്കരണ സമ്പല്‍ഘടനയും അതുണ്ടാക്കുന്ന കമ്പോള മത്സരങ്ങളും യുവമനസ്സുകളില്‍ ഒപ്പമുള്ളവര്‍ ശത്രുക്കള്‍ എന്ന ചിന്ത വളര്‍ത്തുകയാണ്. ഇത്തരം സാമ്പത്തിക നയകാരണങ്ങള്‍ വരെയുണ്ട് പുതിയ തലമുറയുടെ മനസ്സിന്റെ അസ്വസ്ഥതക്കു പിന്നില്‍. അജ്ഞാതനായ ശത്രുവിനോടു പക വീട്ടാനുള്ള ഒരവസരവും കളയരുതെന്നും ആ ശത്രു കൂടെയുള്ളവര്‍ തന്നെയാവാമെന്നുമുള്ള ഒരു ചിന്തയിലേക്ക് ഇവരുടെ അരക്ഷിതബോധം വളരുന്നുണ്ടോ എന്നത് ആലോചിക്കണം.

ഇതേപോലെ, ബാല്യത്തില്‍ തന്നെ ഉണ്ടാവുന്ന ഒറ്റപ്പെടലുകളുണ്ട്. കുട്ടികള്‍ക്കു മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്നേഹമുണ്ടാവാത്ത അവസ്ഥ. വീട്ടിലെ മുറി എന്ന പെട്ടിയില്‍ നിന്ന് സ്‌കൂള്‍ ബസ് എന്ന പെട്ടിയിലേക്കും അതില്‍ നിന്നു ക്ലാസ്മുറി എന്ന പെട്ടിയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന ബാല്യം. പഠിപ്പിനപ്പുറത്ത് ഒന്നിലേക്കും തുറക്കാത്ത അടഞ്ഞ മനസ്സ്. പഠിപ്പ് പഠിപ്പ് എന്ന് മാത്രം. 

വൈകി വീട്ടില്‍ വന്നാലോ, ആ കുഞ്ഞുങ്ങളുടെ സന്തോഷമോ സങ്കടമോ പങ്കിടാന്‍ ആരുമില്ല എന്ന തോന്നലിലാവുന്നു അവര്‍. ചില കുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ക്കു പരസ്പരം സംസാരിക്കാന്‍ സമയമില്ല. ഓരോരുത്തരും അവരുടെ സ്വകാര്യ ലോകങ്ങളില്‍. അതല്ലെങ്കില്‍ ടി വി സീരിയലില്‍. കുട്ടിക്ക് ആകെ അനാഥാവസ്ഥ. അവന്‍ അവന്റെ ഒരു ഡിജിറ്റല്‍ ലോകത്തേക്ക് ഒതുങ്ങുന്നു. പതിയെ അത് ഡിജിറ്റല്‍ അഡിക് ഷന്‍ ആവുന്നു. അതില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നവര്‍ അച്ഛനാവട്ടെ, അമ്മയാവട്ടെ, കൂട്ടുകാരാവട്ടെ, അവന്റെ ശത്രുക്കളാവുന്നു. ഈ ഡിജിറ്റല്‍ അഡിക് ഷന്‍ പ്രധാനമാണ്.

മറ്റൊന്നു സീരിയലുകളും ചലച്ചിത്രങ്ങളും ഉളവാക്കുന്ന ദുസ്വാധീനങ്ങളാണ്. വയലന്‍സ് ആഘോഷിക്കപ്പെടുന്ന നിലയാണവിടെ. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍  ഒരു സെന്‍സര്‍ ബോര്‍ഡ് തയ്യാറാവുന്നുണ്ടോ. ഏറ്റവും കൂടുതല്‍ അക്രമവും കൊലയും നടത്തുന്നവന്‍ ഹീറോ ആവുന്ന അവസ്ഥ. ഈ ഹീറോവര്‍ഷിപ്പ് എല്ലാവരെയും തല്ലി ഒതുക്കുന്നതിലാണു തന്റെ മഹത്വം എന്നു ചിന്തിക്കുന്ന രീതിയിലേക്കു കുട്ടിയെ നയിക്കുന്നു. 

ഞാന്‍ പറഞ്ഞുവരുന്നത്, കുട്ടികളിലെ മാനസിക അസ്വസ്ഥതകള്‍ക്കു പല കാരണങ്ങളുണ്ട് എന്നതാണ്. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍. രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍, ധൂര്‍ത്ത ജീവിത രീതികളോടുള്ള ആസക്തി, സന്തോഷം എവിടെയുണ്ടോ, അതൊക്കെ സ്വന്തമാക്കാനുള്ള വ്യഗ്രത, തുടങ്ങി കാരണങ്ങള്‍ പലതുണ്ട്. എല്ലാം പിടിച്ചടക്കണമെന്ന ചിന്തയാണിന്ന്. 

നമ്മുടെ പഠനം ജീവിതത്തില്‍ ഭൗതിക നേട്ടങ്ങളുണ്ടാക്കുക എന്നതിനു മാത്രമുള്ളതായി മാറുന്നുണ്ടോ? നല്ല മനുഷ്യരാവുക എന്നതു പഠനത്തില്‍ ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ജീവിത മൂല്യസത്തകള്‍ പകരുന്ന കവിതകളും കഥകളും സാഹിത്യകൃതികളും സിലബസിന്റെ ഭാഗമാകേണ്ടതുണ്ട്. സ്‌കില്‍ഡ് തൊഴിലാളിയെ അല്ലാതെ സ്‌കില്‍ഡ് മനുഷ്യനെക്കൂടി സൃഷ്ടിക്കാനാവണം. പണ്ട് സ്‌കൂളുകളില്‍ 'നല്ല ശമരിയാക്കാരന്റെ കഥ' പോലുള്ളവ പഠിക്കണമായിരുന്നു. 'കൊല്ലുന്നതുമെങ്ങനെ ജീവികളെ' എന്ന ശ്രീനാരായണ ഗുരുവിന്റെ കാവ്യശകലം പഠിക്കണമായിരുന്നു. 

'കോപം കൊണ്ടു ശപിക്കരുതാരും' എന്നൊക്കെയുള്ള കാവ്യശകലങ്ങള്‍ പാഠങ്ങളായുണ്ടായിരുന്നു. അതൊക്കെ പുതിയ കാലത്തു കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. 'നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം' എന്ന ഭാഗം. 'ദുഷ്ടസംസര്‍ഗം വരാതെയായീടണം, ശിഷ്ടരായുള്ളവര്‍ തോഴരായീടണം' എന്നൊക്കെയുള്ള ഭാഗം. 'നമുക്കു നാമേ പണിപതു നാകം നരകവുമതു പോലെ' എന്നൊക്കെയുള്ള ഭാഗങ്ങള്‍ കുട്ടികളെ മനസ്സിലാക്കണം.  

ഇതൊക്കെ ഒരു ജീവിതമൂല്യസത്ത കുഞ്ഞുങ്ങളില്‍ ഉള്‍ച്ചേര്‍ക്കുമായിരുന്നു. അതൊക്കെയാണ് 'അറിവുള്ളവര്‍' എന്നതിനൊപ്പം 'കനിവുള്ളവര്‍' കൂടിയായ തലമുറകളെ ഇവിടെ വളര്‍ത്തിയത്. സിലബസിലും കരിക്കുലത്തിലും ഒക്കെ ജീവിതപാഠങ്ങള്‍, മോറല്‍സ് ഒക്കെ ഇല്ലാതാവുന്നോ, അത് അറിവു സമ്പാദനത്തില്‍ മാത്രമായി പരിമിതപ്പെടുന്നോ എന്നതും ആലോചിക്കണം.

തിന്മയും തെമ്മാടികളും മാത്രമല്ല, നന്മയും നല്ലവരും കൂടിയുള്ളതാണ് ഈ ലോകം എന്നു കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നമുക്കു കഴിയണം. സ്‌കില്‍ ഡവലപ്പമെന്റിനൊപ്പം നന്മയുടെ ഡവലപ്പ്മെന്റും ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം. പൂക്കളെ, പൂത്തുമ്പിയെ, ശലഭങ്ങളെ ഒക്കെ സ്നേഹിക്കാന്‍ പഠിപ്പിക്കണം. പ്രകൃതിയോടുള്ള സ്നേഹമാണ് സഹജാതരോടാകെയുള്ള സ്നേഹമായി മാറേണ്ടത്.

ഇനി മയക്കുമരുന്നിലേക്കു വരാം, ഇതു മാരകമായ വിപത്തു തന്നെയാണ്. തുടച്ചുനീക്കേണ്ടതും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതുമായ വിപത്ത്. 

മയക്കുമരുന്ന്  ഒരു ആഗോളശൃംഖലയുടെ ഭാഗമാണ്. മയക്കുമരുന്ന്, പ്രത്യേകിച്ച് രാസമയക്കുമരുന്ന് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നതല്ല, ഇറക്കുമതി ചെയ്യുന്നവയാണ്. ഇറക്കുമതി നടക്കുന്നതാകട്ടെ, പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിലെ  തുറമുഖങ്ങളിലൂടെയാണ്. ആ തുറമുഖങ്ങളിലൂടെ ഇറക്കുന്നതിനെ തടുക്കാന്‍ നമുക്കു മാര്‍ഗ്ഗമില്ല. ഇതിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിനെ കര്‍ക്കശമായി നമ്മള്‍ നിയന്ത്രിക്കുന്നുണ്ട്. മയക്കുമരുന്ന് ഏതുവഴി ഇന്ത്യയിലെത്തുന്നു എന്ന ചോദ്യത്തിന് കേന്ദ്ര ഗവണ്‍മെന്റ് രാജ്യസഭയില്‍ നല്‍കിയ ഒരു മറുപടിയുണ്ട്. ഇതില്‍ കേരളത്തിലുള്ള ഒരു തുറമുഖവുമില്ല. എന്തുകൊണ്ടാണിത്? കേരളത്തിലെ തുറമുഖത്തിലിറങ്ങിയാല്‍ അത് അവിടെനിന്ന് റോഡിലേക്കിറക്കാന്‍ അനുവദിക്കാത്ത കര്‍ക്കശ സാഹചര്യം ഇവിടെ ഉണ്ട് എന്നതുകൊണ്ടുതന്നെ.

ഈ സാഹചര്യത്തില്‍ വേണ്ടത്, സര്‍ക്കാരും സമൂഹം ആകെയും ചേര്‍ന്ന് മയക്കുമരുന്ന് എന്ന മാരകവിപത്തിനെ തുടച്ചുനീക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരുമയാണിവിടെ ആവശ്യം.

നാട്ടുകാരില്‍ പലര്‍ക്കും മയക്കുമരുന്നു കൈമാറുന്ന ഇടങ്ങളറിയാം. എന്നാല്‍ അവരില്‍ പലരും വിവരം പോലീസിനോ എക്സൈസിനോ കൈമാറുന്നതിനെ ഭയക്കുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നു ഭയന്ന്. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഒരു പോലീസ് സ്റ്റേഷനില്‍ ചെന്നു പറയുന്നതിനു പകരം, ഉന്നത പോലീസ് ഓഫീസര്‍ക്ക് മാത്രം മൊബൈലില്‍ വിവരം കൈമാറാന്നതാണ്.  ഇന്‍ഫോര്‍മറുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

കുട്ടികള്‍ അരുതാത്ത വഴിക്കു നീങ്ങുന്നില്ല എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സാമൂഹ്യ ഉത്തരവാദിത്വം കൂടിയാവണം. കുടുംബത്തിന്റെയും പോലീസിന്റെയും ഉത്തരവാദിത്വത്തിനു പുറമെയാണിത്. 

പോലീസ്, പഞ്ചായത്ത്, രക്ഷകര്‍തൃ സമിതി, അധ്യാപകര്‍, തദ്ദേശഭരണ പ്രതിനിധി, ബഹുമാന്യനായ ഒരു തദ്ദേശീയ വ്യക്തിത്വം എന്നിവര്‍ ഉള്‍പ്പെട്ട സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ഉണ്ടാവണം.

ഓരോ മാസവും ജനവാസമേഖലകളില്‍ ഈ വിഷയം മുന്‍നിര്‍ത്തി പോലീസ് - റസിഡന്റ്സ് സംയുക്ത യോഗങ്ങള്‍ വേണം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ശക്തമാക്കണം.

മയക്കുമരുന്നുകള്‍ അതിമാരക വിപത്തുതന്നെയാണെന്നതില്‍ സംശയമില്ല. ഈ സഭ തന്നെ കഴിഞ്ഞ മാസം സഭാ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് ചര്‍ച്ച നടത്തിയതാണ്. കേവലം മദ്യമോ മയക്കുമരുന്നോ മാത്രമല്ല നമ്മളിന്ന് കണ്ടതുപോലുള്ള പ്രവണതകളുടെ മൂലകാരണം. രോഗലക്ഷണങ്ങളെ നാം കാണാതെ പോവരുത്.

വര്‍ദ്ധിച്ചു വരുന്ന ഇത്തരം സാമൂഹ്യ പ്രവണതകള്‍ക്ക് സാമൂഹ്യശാസ്ത്രപരമായ ചികിത്സ ആവശ്യമാണ്. രോഗം എന്തെന്നു തിരിച്ചറിഞ്ഞു മാത്രമേ ചികിത്സയും ഫലപ്രദമാവു.  സമൂഹത്തെ എന്നുപറഞ്ഞാല്‍ കേരള സമൂഹത്തെ മാത്രമല്ല, ഈ തലമുറയില്‍ ലോകത്തെവിടെയുമുള്ള സമൂഹങ്ങളെ ബാധിച്ച പൊതുവായ ചില രോഗങ്ങളും രോഗലക്ഷണങ്ങളുമുണ്ട്. അവയെ ആ നിലയ്ക്ക് കണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനത്തിലൂന്നിയ മറുമരുന്നുകളിലൂടെ മാത്രമേ നമുക്ക് ഈയൊരു ഘട്ടത്തെ മുറിച്ചു കടക്കുവാന്‍ സാധിക്കുകയുള്ളൂ. 

തുറന്ന വിപണിയുടെ എല്ലാവിധ സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ പുതിയ തലമുറ ഇവിടെ വളരുന്നത്. കമ്പോളം നിശ്ചയിക്കുന്ന ഒരു മധ്യവര്‍ഗ്ഗ ഉപഭോക്തൃ ജീവിതക്രമമാണ് ഇന്ന് പൊതുവില്‍ പലരെയും നയിക്കുന്നത്. അണുകുടുംബങ്ങളും സാമൂഹ്യബന്ധങ്ങളില്ലായ്മയും നമ്മളുടെ കാലത്തിന്റെ പ്രത്യേകതയാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട നിലയില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ് പലരും. നമ്മുടെ കുഞ്ഞുങ്ങളെ വേലി കെട്ടി വളര്‍ത്തുന്ന ഒരു പ്രവണത ഇക്കാലത്ത് ചില രക്ഷിതാക്കളിലെങ്കിലും ബലപ്പെട്ടുവരികയാണ്. ചിലതല്ല പലരും എന്ന് പറയാം. 

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കോച്ചിങ് വലിയ പണം മുടക്കിക്കൊണ്ട് ചെറു പ്രായത്തിലേ ഏര്‍പ്പെടുത്തുന്ന അവസ്ഥയുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മാനസികോല്ലാസത്തിനുള്ള സമയമോ സാഹചര്യമോ നല്‍കുന്നുമില്ല. വൈകുന്നേരങ്ങളിലെ കളിക്കളങ്ങളും സൗഹൃദ കൂട്ടായ്മകളും കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഇങ്ങനെയാണ് ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കുഞ്ഞുങ്ങള്‍ ചേക്കേറപ്പെടുന്നത്. 

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഹൃദയശൂന്യതയുടെ ഒരു ലോകത്തേക്കാണ് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നത്. വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണവര്‍ എത്തിപ്പെടു ന്നത്. അവരുടെ ഇടയില്‍ സാമൂഹ്യ ബന്ധങ്ങളുടെ ഊഷ്മളത അന്യം നിന്നുപോവുന്നുണ്ടോ എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. 

ക്യാമ്പസുകളില്‍ അരാഷ്ട്രീയത അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ് പലരും പലകുറി പറഞ്ഞുകൊണ്ടിരിക്കുന്നത്.  ക്യാമ്പസ്സുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ അവിടെ അരാജക ഗാങ്ങുകളാണ് ശക്തിപ്പെടുന്നത്. സീനിയര്‍-ജൂനിയര്‍ വിഭാഗീയത, ഗാങ്ങ് സംഘര്‍ഷങ്ങള്‍, മയക്കുമരുന്ന് കൈമാറ്റങ്ങള്‍, പ്രാദേശിക വികാരത്തിലൂന്നിയ സംഘട്ടനങ്ങള്‍ ഇവയൊക്കെ തലപൊക്കുന്നത് അരാഷ്ട്രീയ ക്യാമ്പസുകളിലാണെന്നത് ശ്രദ്ധിക്കണം. ഇത് സാമൂഹ്യപ്രതിബദ്ധതയില്ലാത്ത പുതുതലമുറയെ രൂപപ്പെടുത്തുന്നതിന് കാരണമായി മാറുന്നുണ്ട്. 

സാമൂഹ്യബോധവും രാഷ്ട്രീയ സാക്ഷരതയുമുള്ള ക്യാമ്പസിനു മാത്രമേ അരാജക പ്രവണതകളെ തടയാനാവുകയുള്ളൂ. അതിന് ക്യാമ്പസ്സുകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുതന്നെ പോകേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ക്യാമ്പസ്സുകളില്‍ ഇത്തരം അരാജക പ്രവണതകള്‍ താരതമ്യേന കുറവാണ് എന്നതാണ് വസ്തുത.  വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ ബോധ്യങ്ങളെ ഉള്‍ക്കൊണ്ട്, ശാസ്ത്രീയ കാഴ്ചപ്പാടോടെ വളരേണ്ടതുണ്ട്. 

നമ്മുടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് നിയമസഭ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. എല്ലാവരും ഈ വിപത്തിനെതിരെ ഒരേ വികാരമാണ് പുറപ്പെടുവിച്ചത്. ഇതിനെ നമുക്ക് ഒരുമിച്ച് എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സുപ്രധാന പങ്കുണ്ട്. ഇതിനായി വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍, സിനിമാ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകള്‍, അദ്ധ്യാപക - രക്ഷാകര്‍തൃ സംഘടനകള്‍ എന്നിവയുടെ യോഗം ചേര്‍ന്ന് വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കും. 

എന്‍.ഡി.എപി.എസ് കേസ് വിവരങ്ങള്‍

ഈ സര്‍ക്കാരിന്റെ കാലത്ത് 2024  ഡിസംബര്‍ 31 വരെ 87702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  ഇതില്‍ 87389 കേസുകളിലായി 94886 പേരെ പ്രതി ചേര്‍ക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ (201621 വരെ) 37340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 37228 കേസുകളിലായി 41567 പേരെ പ്രതി ചേര്‍ക്കുകയും 41378 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പോലീസ് മയക്കുമരുന്ന് സംഭരണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ക്കെതിരെ ഡി ഹണ്ട് (22.02.2025 മുതല്‍ 01.03.2025 വരെ നടന്ന പ്രത്യേക ഡ്രൈവ്)
ഈ ഡ്രൈവിന്റെ ഭാഗമായി 17246 പേരെ പരിശോധിച്ചു.  അതില്‍ വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വെച്ചതിന് 2762 കേസുകളിലായി 2854 പേരെ അറസ്റ്റ് ചെയ്തു. 

എംഡിഎംഎ 1.312 കിലോഗ്രാം, കഞ്ചാവ് 153.56 കിലോഗ്രാം, ഹാഷിഷ് ഓയിര്‍ 18.15 ഗ്രാം, ബ്രൗണ്‍ഷുഗര്‍ 1.855 ഗ്രാം, ഹെറോയിന്‍ 13.06 ഗ്രാം വിവിധയിനം മയക്കുമരുന്ന് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി. 

ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. 
9497927797 എന്ന നമ്പറിലേക്ക് നല്‍കുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക.  

പൊതുജനങ്ങള്‍ക്ക്   മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ഈ സംവിധാനം വഴി അറിയിക്കാന്‍ കഴിയും.

ഹൈദരാബാദിലെ വന്‍കിട മയക്കുമരുന്ന് നിര്‍മ്മാണ ശാല നടത്തുന്ന വ്യക്തിയെ ഹൈദരാബാദില്‍ പോയി അറസ്റ്റ് ചെയ്തത് തൃശ്ശൂര്‍ സിറ്റി പോലീസാണ്. മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ കേരളത്തിലെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനം മോശമാണെന്ന് പറയുന്നവര്‍ ഇതുകൂടി കാണണം.

·    സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷാനിരക്ക് (കണ്‍വിക്ഷന്‍ റേറ്റ്) 98.19 ശതമാനമാണ്. ഇതിലെ ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയില്‍ 25.6 ശതമാനവും ആന്ധ്രാപ്രദേശില്‍ 25.4 ശതമാനവുമാണ്. ഈ വിവരങ്ങള്‍ രാജ്യസഭയില്‍ 2022 ഡിസംബര്‍ 22ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ഉള്ളതാണ്.

·    മയക്കുമരുന്ന് കേസുകളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന് ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് ഇതില്‍നിന്നും കാണാന്‍ കഴിയും. സര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും കാര്യക്ഷമമല്ലായെന്നാണോ ഇത് തെളിയിക്കുന്നത്?
·    കേരളത്തില്‍ 2024 ല്‍ എന്‍.ഡിപി.എസ് കേസുകളില്‍ 4,474 പേരെ ശിക്ഷിച്ചപ്പോള്‍ 161 പേരെ മാത്രമാണ് വെറുതെ വിട്ടത്. 2023 ല്‍ 4,998 പേരെ ശിക്ഷിച്ചപ്പോള്‍ 100 പേരെ മാത്രമാണ് വെറുതെ വിട്ടത്. 

·    മയക്കുമരുന്ന് കേസുകളില്‍ (എന്‍.ഡി.പി.എസ്) സംസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ 2024 ല്‍ അറസ്റ്റു ചെയ്തത് 24,517 പേരെയാണ്. പഞ്ചാബില്‍ ഇതേ കാലയളവില്‍ 9,734 പേരെയാണ് അറസ്റ്റ് ചെയ്തത്. 

·    വിമുക്തി ഡി അഡിക്ഷന്‍ പരിപാടി വഴി 1,36,500 പേരെ ഔട്ട് പേഷ്യന്റായും 11,078 പേരെ ഇന്‍ പേഷ്യന്റായും ചികിത്സിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമമായാണ് ഈ പരിപാടി നടന്നുവരുന്നത്.  

·    കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 10.02.2025 ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024 ല്‍ 25,000 കോടി വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023 ല്‍ 16,100 കോടിയായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

·    കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. താരതമ്യേന ഇത് കുറവാണ്. എന്നാല്‍ ശിക്ഷാ നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതാണ്. സംസാരിക്കുന്ന ഈ കണക്കുകള്‍ നമ്മുടെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ കാര്യക്ഷമതയാണിത് കാണിക്കുന്നത്. 

ഐക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും 2011 ല്‍ 24 കോടി ആളുകള്‍ ലഹരി ഉപയോഗിച്ചിരുന്നപ്പോള്‍ 2021 ല്‍അത് 296 കോടിയായി വര്‍ദ്ധിച്ചു. ആഗോളതലത്തിലെ വന്‍വര്‍ദ്ധനവ്. 1,173 ശതമാനത്തിന്റെ വര്‍ദ്ധന.

ഈ വിഷയം വളരെ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. നിങ്ങള്‍ എങ്ങനെ ഇത് കാണുന്നു? അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്തുകൊണ്ട് വാര്‍ത്ത മറ്റുള്ളവരുമായി പങ്കിടുക.

Chief Minister Pinarayi Vijayan highlighted the growing issue of child aggression and its serious implications, urging society to focus on the various causes and solutions to curb this dangerous trend.

#ChildAggression #PinarayiVijayan #KeralaNews #SocialAwareness #ChildProtection #GlobalIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia