CM Pinarayi | കാര്യവട്ടം കാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷനും മുന്നിലുമുണ്ടായ സംഘര്‍ഷത്തില്‍ രാഷ്ട്രീയ വിവേചനമില്ലാതെയാണ് നടപടികള്‍ എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Chief Minister's reply to M.Vincent's allegation that the assembly should be stopped, CM Pinarayi, Pinarayi Vijayan, Kerala, News, Thiruvananthapuram


ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തിവരുന്നു.

കാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരം.

തിരുവനന്തപുരം: (KVARTHA) സിറ്റിയിലെ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ 02.07.20214 ന് രാത്രിയും പിറ്റേന്ന് പുലര്‍ച്ചെ ശ്രീകാര്യം പോലീസ് സ്റ്റേഷനു മുന്നിലും രണ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതില്‍ പോലീസ് കേസ്സുകളെടുത്ത് അന്വേഷിച്ചു വരുന്നു.

02.07.2024 ന് രാത്രി കാര്യവട്ടം മെന്‍സ് റിസര്‍ച്ച് ഹോസ്റ്റലില്‍ പുറത്തുനിന്നുള്ള ഒരാള്‍ പ്രവേശിച്ചതു കാരണമുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെ.എസ്.യു നേതാക്കളോടൊപ്പമാണ് ക്യാമ്പസിനു പുറത്തുനിന്നുള്ള ജോബിന്‍സണ്‍ എന്നയാള്‍ എത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കുന്നു. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കെ.എസ്.യു നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് ക്രൈം നം. 710/2024 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

തുടര്‍ന്ന് കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരായ ശ്രീ. ചാണ്ടി ഉമ്മന്‍, ശ്രീ. എം. വിന്‍സെന്റ് എന്നിവര്‍ സ്ഥലത്തെത്തി ഉപരോധത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ സമയത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പോലീസിനു നേരെ കല്ലേറുണ്ടായി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ സന്തോഷിന് കല്ലേറില്‍ നെഞ്ചില്‍ പരിക്കേറ്റു. ഈ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എമാരായ എം. വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കു പുറമെ ഇരുപതോളം കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ക്രൈം. നം. 709/2024 ആയി ശ്രീകാര്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഇതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകരും സ്റ്റേഷനു സമീപത്ത് ഉണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ സംജാതമായ സാഹചര്യത്തില്‍ ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ശ്രീകാര്യം പോലീസ് ക്രൈം നം. 708/2024 ആയി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

02.07.2024 ന് രാത്രി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസിനു പുറത്തുള്ള ആദിനാഥ് എന്ന വ്യക്തി ശ്രീകാര്യം പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ശ്രീകാര്യം പോലീസ് ക്രൈം. നം. 711/2024 ആയി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.യുക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ 5 പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പോലീസ് കൃത്യമായ ഇടപെടലും പ്രവര്‍ത്തനവുമാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ യാതൊരുവിധ രാഷ്ട്രീയ വിവേചനവുമില്ലാതെയാണ് നടപടികള്‍ എടുത്തുവരുന്നത്.

സംഭവം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും ശക്തമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കും. ക്യാമ്പസുകളില്‍ ഈ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

(രണ്ടാം മറുപടി)

തെറ്റായ രീതികള്‍ പ്രചരണത്തിന് വേണ്ടി നിങ്ങള്‍ ഉപയോഗിക്കാറുണ്ട്. വയനാട്ടില്‍ ഗാന്ധി ചിത്രം തകര്‍ത്തതും എ. കെ. ജി സെന്റര്‍ ആക്രമണവും ഉദാഹരണം. ഇതൊക്കെ ആരാണ് ചെയ്തതെന്ന് പിന്നീട് ബോധ്യമായല്ലോ. ഏതാനും വര്‍ഷം മുമ്പ് ചാപ്പകുത്തല്‍ സംഭവം എസ്. എഫ് ഐക്കെതിരെ ഉപയോഗിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ നിരവധി എസ് എഫ് ഐക്കാര്‍ കൊല ചെയ്യപ്പെട്ടു. ഇത്തരം ഒന്ന് കെ.എസ് യുവിന് പറയാനുണ്ടോ. ധീരജ് കൊല്ലപ്പെട്ടപ്പോള്‍ ഇരന്നു വാങ്ങിയ കൊലപാതകം എന്ന് പറഞ്ഞതാരാ- കൊലനടത്തുക - നിര്‍ലജ്ജം അതിനെ ന്യായീകരിക്കുക - സംരക്ഷണം നല്‍കുക - ഇതാണ് നിങ്ങള്‍. 

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതുണ്ടാകാന്‍ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പോലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ആവശ്യമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പോടോടുകൂടി മാത്രം കണ്ടുകൊണ്ട് ഒരു പ്രത്യേക വിദ്യാര്‍ത്ഥി സംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണ് പ്രശ്നങ്ങളെ ഒന്നുകൂടി വഷളാക്കുന്നത്. സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആരാണെന്നും സംഭവങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിച്ചു കണ്ടെത്തുന്നതിനു മുമ്പുതന്നെ പക്ഷപാതപരമായ വിധിയെഴുത്ത് നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ തുരങ്കംവയ്ക്കുന്ന സമീപനമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ നല്ല ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 'നാക്' അക്രെഡിറ്റേഷനിലും എന്‍.ഐ.ആര്‍.എഫ് റാങ്കിംഗിലും കേരളത്തിലെ സര്‍വകലാശാലകളും കോളേജുകളും മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന അഭിമാനകരമായ വസ്തുതയെ തമസ്‌ക്കരിച്ചുകൊണ്ടാണ് ക്യാമ്പസുകളിലാകെ ഗുണ്ടാവിളയാട്ടമാണെന്ന പ്രചാരണം നടത്തുന്നത്. ഇത് മരം കണ്ടു, കാട് കണ്ടില്ല എന്ന അവസ്ഥയാണ്.
 
ഇവിടെ ഒരിടയ്ക്ക് ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലായെന്നുവരെ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ് നടപ്പില്‍ വരുത്തിയ പുരോഗമനപരമായ പല പരിഷ്‌ക്കരണങ്ങള്‍ക്കുമെതിരെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ  തെരുവിലിറക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. അപ്രകാരം പിന്തിരപ്പന്‍ ശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ സര്‍വ്വാത്മനാ പിന്തുണ നല്‍കിയവരാണ് അവരുടെ ആശയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അംഗീകാരം ലഭിക്കാതെ വന്നപ്പോള്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാളോങ്ങിയത്.

ക്യാമ്പസിലെ സംഘട്ടനങ്ങള്‍ അപലപനീയവും അനഭിലഷണീയവുമാണ്. ഇക്കാര്യത്തില്‍ ഉത്തരവാദികളായവര്‍ നടപടികള്‍ നേരിടുകയും വേണം. പക്ഷെ, ഒരു പ്രത്യേക സംഘടനയില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി വസ്തുതകളെ വക്രീകരിക്കുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനയുടെ ലേബല്‍ അടിസ്ഥാനപ്പെടുത്തി 'മരണം ഇരന്നുവാങ്ങി'യതാണെന്ന അഭിപ്രായം ഒരു മുതിര്‍ന്ന നേതാവ് പറയുകയുണ്ടായി. അതിനെ ചെറിയ തോതിലെങ്കിലും അപലപിക്കാന്‍ നിങ്ങള്‍ തയ്യാറായിട്ടുണ്ടോ? ഇത്തരം സമീപനങ്ങളാണ് ക്യാമ്പസുകളിലെ സംഘര്‍ഷങ്ങള്‍ക്ക് ത്വരകമായി മാറുന്നത്. പക്ഷപാതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിന് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഉദ്ദേശ്യവും അംഗീകരിക്കാന്‍ കഴിയില്ല.
 
വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വഴിവിട്ടു പോകാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ക്രമസമാധാനപാലകരും ഒരുമിച്ച് പരിശ്രമങ്ങള്‍ നടത്തണം. അതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കേണ്ടത് പഠനത്തിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുകയാണെന്ന് എം വിന്‍സെന്റിന്റെ സഭ നിര്‍ത്തിവെയ്ക്കണമെന്ന ഉപക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia