Controversy | ജാതി അധിക്ഷേപം: സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: (KVARTHA) ജാതി പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ എഴുത്തുകാരന്‍ (Writer) സന്തോഷ് ഏച്ചിക്കാനത്തിനെതിരായ (Santhosh Echikkanam) കേസ് ഹൈക്കോടതി (Kerala High Court) റദ്ദാക്കി (Dismissed). സാഹിത്യോത്സവത്തില്‍ നടന്ന ഒരു സംഭാഷണത്തില്‍ ദലിത് വിരുദ്ധ പരാമര്‍ശം (Anti-Dalit Remark) നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, ഇരു കക്ഷികളും പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതിനാല്‍ കേസ് റദ്ദാക്കണമെന്ന ഏച്ചിക്കാനത്തിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് വിധി.
2018-ല്‍ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ എഴുത്തുകാരന്‍ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. അറസ്റ്റിലായ ഏച്ചിക്കാനത്തിന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ഇപ്പോള്‍ ഹൈക്കോടതി ഈ കേസ് പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്.
പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ വാദത്തെ പിന്തുണച്ച്, പരാതിക്കാരനായിരുന്ന ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണനും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 'ബിരിയാണി' എന്ന കഥയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, കേരളത്തിലെ പൊതുസമൂഹം പുലര്‍ത്തുന്ന ദലിത് വിരുദ്ധതയെക്കുറിച്ച് വിശകലനം ചെയ്യുന്ന 'പന്തിഭോജനം' എന്ന കഥയെക്കുറിച്ചും ഏച്ചിക്കാനം പരമാര്‍ശിച്ചിരുന്നു. കഥയില്‍ പറയുന്നതു പോലെ വലിയ നിലയില്‍ എത്തിയാല്‍ ചില ദലിതര്‍ സവര്‍ണ മനോഭാവം പുലര്‍ത്തുന്ന മട്ടില്‍ പെരുമാറുന്നുവെന്നും അത്തരമൊരാള്‍ നാട്ടിലുണ്ടെന്നുമുള്ള വിധത്തിലായിരുന്നു പരാമര്‍ശം. ഇതാണ് തന്റെ ജാതിയായ മാവിലന്‍ സമുദായത്തെ അധിക്ഷേപിക്കലാണെന്ന് കാണിച്ച് ബാലകൃഷ്ണന്‍ പരാതി നല്‍കിയത്.