Byelection | വികസനമോ വൈകാരികതയോ? പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ ആർക്കൊപ്പം?
Aug 10, 2023, 09:57 IST
കണ്ണൂര്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത സ്മരണങ്ങള്‍ ഉറങ്ങുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പോര് തിരഞ്ഞെടുപ്പ് കളത്തില്‍ നിറയുമ്പോള്‍ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. പിടി തോമസ് മരണമടഞ്ഞ തൃക്കാക്കരയില്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി ഉമാ തോമസിനെ നിര്‍ത്തി യുഡിഎഫ് നേടിയവന്‍ വിജയം പുതുപള്ളിയിലും ചാണ്ടി ഉമ്മനിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്
സഹതാപ തരംഗത്തെ വികസന രാഷ്ട്രീയം കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസം എല്‍ഡിഎഫിനുണ്ട്.
പുതുപള്ളിയില്‍ കാലാകാലങ്ങളായി ഉമ്മന്‍ ചാണ്ടി ജയിച്ചു വന്നുവെങ്കിലും ആറ് ബ്‌ളോക് പഞ്ചായതുകളും ഭൂരിപക്ഷം ഗ്രാമ പഞ്ചായതുകളും എല്‍ഡിഎഫ് ഭരിക്കുന്നതാണ്. സാങ്കേതികമായി മണ്ഡലം എല്‍ഡിഎഫിനൊപ്പമാണെങ്കിലും വൈകാരികമായി യുഡിഎഫിനൊപ്പമാണെന്നതാണ് വസ്തുത. പുതുപ്പള്ളി തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലോ സംസ്ഥാന നിയമസഭയിലോ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരില്ലെങ്കിലും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ അനുരണനങ്ങള്‍ സംസ്ഥാന വ്യാപകമായി തന്നെ അതു പ്രതിഫലിപ്പിച്ചേക്കാം.
ജീവിച്ചിരിക്കുന്നതിനെക്കാള്‍ കോടി സൂര്യ പ്രഭയുമായി ഉമ്മന്‍ ചാണ്ടി
കേരള ചരിത്രത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫായിരുന്നു വിജയികള്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ നേടിയെടുത്ത കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നിലനിര്‍ത്തുകയും പരാജയപ്പെട്ട അരൂര്‍ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രണ്ടാമതായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിനാണ് പുതുപ്പള്ളി വേദിയാകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതി ഉമ്മന്‍ ചാണ്ടിയുടേതാണ്. ഒരുപക്ഷേ ഇനിയാര്‍ക്കും തര്‍ക്കാന്‍ പറ്റാത്ത ബഹുമതിയായി അത് നിലനിന്നേക്കും. ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെയാവും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കുന്ന അദൃശ്യ സാന്നിധ്യം. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തെ പരമാവധി ദൃശ്യപരമാക്കുമ്പോള്‍ രാഷ്ട്രീയമായി അതിനെ മറികടക്കാന്‍ സിപിഎമ്മിന് കഴിയുമോ എന്നത് പുതുപ്പള്ളിയിലെ രാഷ്ട്രീയ വെല്ലുവിളികളിലൊന്നാണ്
രാഷ്ട്രീയ അടിത്തറ വോട്ടാകുമോ ?
നിലവില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ ആറിലും ഭരണം ഇടതുപക്ഷത്തിനൊപ്പമാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സാന്നിധ്യം ഇടതുപക്ഷത്തിന് ഗുണകരമാണ്. ഈ ഘടകങ്ങളെല്ലാമാണ് 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ ഇടിവ് വരുത്തിയത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ ഈ ഘടകങ്ങളെല്ലാം ഈ നിലയില്‍ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷം പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയില്ലാതെ നടന്ന പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചിത്രം അടക്കം പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലം തന്നെയാണ് പുതുപ്പള്ളിയെന്ന് വ്യക്തം. ഉമ്മന്‍ ചാണ്ടി പ്രഭാവത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയ പുതുപ്പള്ളി തിരിച്ചുപിടിക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപോരാട്ടത്തില്‍ തീപാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഉമ്മന്‍ ചാണ്ടി പ്രഭാവത്തിന് മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് വളക്കൂറുള്ള മണ്ഡലമായിരുന്നു പുതു പള്ളിയെന്നാണ് ചരിത്രം പറയുന്നത്. കേരള പിറവിക്ക് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പുതുപ്പള്ളി മണ്ഡലം ചിത്രത്തിലുണ്ട്. കോണ്‍ഗ്രസും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും നേര്‍ക്ക് നേര്‍ മത്സരിച്ച ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ പി സി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ എം ജോര്‍ജ്ജ് 1396 വോട്ടിനായിരുന്നു 1957ല്‍ പരാജയപ്പെട്ടത്. 1960ലും വിജയം പി സി ചെറിയാനൊപ്പം നിന്നു. ഭൂരിപക്ഷം 7911ലേക്ക് ഉയര്‍ന്നപ്പോള്‍ അടിയറവ് പറഞ്ഞത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം തോമസായിരുന്നു.
1964 കേരള രാഷ്ട്രീയത്തില്‍ ഏറ്റവും സവിശേഷമായ ഒരുവര്‍ഷമായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വേര്‍പെട്ട ഒരുവിഭാഗം കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ തലത്തില്‍ സിപിഎം, സിപിഐ എന്ന രണ്ട് പാര്‍ട്ടികളായി മാറി. ഈ രാഷ്ട്രീയമാറ്റങ്ങളുടെ അനുരണനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 1965ലെ തിരഞ്ഞെടുപ്പ് നടന്നത്. പുതുപ്പള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും കേരള കോണ്‍ഗ്രസും ഒറ്റയ്ക്ക് മത്സരിച്ച ആദ്യത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പായിരുന്നത്. ആദ്യമായി സിപിഎം സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1835 വോട്ടിനായിരുന്നു സിപിഎമ്മിന്റെ ഇ എം ജോര്‍ജ്ജ് പുതുപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ തോമസ് രാജന്‍ 13736 വോട്ടുമായി രണ്ടാമത് വന്നപ്പോള്‍ കേരള കോണ്‍ഗ്രസിലെ ഒ ഗീവര്‍ഗീസ് 13432 വോട്ടുമായി മൂന്നാമതെത്തി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച പി ടി പുന്നൂസിന് പക്ഷേ 1703 വോട്ടുമാത്രമാണ് നേടാനായത്.
കൈവിട്ടു പോയ ഇടതു സ്വാധീനം
1967ല്‍ ഇ എം ജോര്‍ജ്ജ് പുതുപ്പള്ളിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പിസി ചെറിയാനെ രംഗത്തിറക്കിയെങ്കിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചായിരുന്നു ഇ എം ജോര്‍ജ്ജിന്റെ വിജയം. ഇ എം ജോര്‍ജ്ജ് ഭൂരിപക്ഷം 5558 ആയി വര്‍ദ്ധിപ്പിച്ചു. കേരള കോണ്‍ഗ്രസിന് 1965 നേടിയ വോട്ട് നിലനിര്‍ത്താന്‍ സാധിച്ചില്ല.
അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും സിപിഎമ്മിന്റെ കുത്തകസീറ്റ് എന്ന നിലയിലേക്ക് പുതുപ്പള്ളിയുടെ സ്വഭാവം മാറിയിരുന്നു. 1970ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയിലായിരുന്ന ആര്‍എസ്പിക്കാണ് ആദ്യഘട്ടത്തില്‍ പുതുപ്പള്ളി സീറ്റ് മാറ്റിവച്ചത്. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് മുന്നണിക്ക് ഏറ്റവും കുറവ് വിജയസാധ്യതയുള്ള പുതുപ്പള്ളിക്ക് പകരം അകലക്കുന്നത്തിനായി ആര്‍എസ്പി നിലപാടെടുത്തു. മത്സരിക്കാന്‍ ആരും തയ്യാറാകാതിരുന്ന പുതുപ്പള്ളിയില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി നിയോഗിതനായി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സിറ്റിംഗ് എംഎല്‍എ ഇംഎം ജോര്‍ജ്ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്കെത്തി. 7252 വോട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. അകലകുന്നത്ത് മത്സരിച്ച ആര്‍എസ്പി മൂന്നാം സ്ഥാനത്തേക്ക് പോയപ്പോള്‍ ഇവിടെ വിജയിച്ചത് കേരള കോണ്‍ഗ്രസിലെ ജെഎ ചാക്കോയായിരുന്നു.
ചെറിയാനെ തോല്‍പിച്ച് ഉമ്മന്‍ ചാണ്ടിയുടെ അശ്വമേധം
1977ല്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരാളിയായി പുതുപ്പള്ളിക്ക് സുപരിചിതനായ പിസി ചെറിയാന്‍ ഭാരതീയ ലോക്ദളിന്റെ സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളിയിലെത്തി. പോള്‍ ചെയ്ത വോട്ടിന്റെ 60%ത്തിലെറെ വോട്ട് സ്വന്തമാക്കി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. 15423 വോട്ടായിരുന്നു 1977ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. 1980ലെ തിരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് അപൂര്‍വ്വമായ സംഭവമായിരുന്നു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ദേവരാജ് അര്‍ശ് വിഭാഗത്തിനൊപ്പമായിരുന്നു കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും അടക്കമുള്ള ഒരു വിഭാഗം. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് മത്സരിച്ച 1980ല്‍ ഉമ്മന്‍ ചാണ്ടി 13659 വോട്ടിന് വിജയിച്ചു.
കോണ്‍ഗ്രസ് നേതൃനിരയില്‍ കരുത്തനായി മാറിയ ഉമ്മന്‍ ചാണ്ടിയാണ് 1982ല്‍ പുതുപ്പള്ളിയില്‍ മത്സരത്തിനെത്തുന്നത്. കോണ്‍ഗ്രസ് എസിന്റെ തോമസ് രാജനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്ക് സമ്മാനിച്ചു. 15983 വോടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം. 1987ല്‍ സിപിഎം പുതുപ്പള്ളി മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചു തുടങ്ങി. വി എന്‍ വാസവനെ സിപിഎം മത്സരിക്കാനിറക്കിയ 1987ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9164. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വൈരം ആളിക്കത്തിയിരുന്ന 1991ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ എതിരിടാന്‍ വാസവനെ തന്നെ സിപിഐഎം വീണ്ടും രംഗത്തിറക്കി. രാജീവ് വധത്തിന്റെ സഹതാപ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 13811 വോട്ടായി മാറി.
പാര്‍ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കത്തില്‍ കരുണാകരനെ അടിയറവ് പറയിപ്പിച്ചതിന്റെ വീരപരിവേഷമെല്ലാം ചാര്‍ത്തിക്കിട്ടിയ പശ്ചാത്തലത്തിലാണ് 1996ല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ഏഴാം അങ്കത്തിനിറങ്ങുന്നത്. പുതുമുഖമായ യുവനേതാവ് റെജി സക്കറിയയെയാണ് ഉമ്മന്‍ ചാണ്ടിയെ പിടിച്ചുകെട്ടാന്‍ സിപിഐഎം നിയോഗിച്ചത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 10155 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയെ കോണ്‍ഗ്രസിന് അനുകൂലമായി പിടിച്ചുനിര്‍ത്തി. 2001ല്‍ കോണ്‍ഗ്രസ് പാളയം വിട്ടെത്തിയ ചെറിയാന്‍ ഫിലിപ്പിനെയാണ് സിപിഐഎം പുതുപ്പള്ളിയില്‍ രംഗത്തിറക്കിയത്. പക്ഷെ സിപിഐഎമ്മിന്റെ നീക്കം പാളി. 12575 വോട്ടിനായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പരാജയം.
വിദ്യാര്‍ഥി നേതാവ് സിന്ധു ജോയിയെ 2006ല്‍ സിപിഎം മത്സരരംഗത്തിറക്കി. ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ഇടതുപക്ഷത്തിന്റെ ആദ്യവനിതയെന്ന സിന്ധുവിന്റെ ഖ്യാതി പക്ഷേ പുതുപ്പള്ളിക്കാര്‍ അംഗീകരിച്ചില്ല. 19,863 വോട്ടുകള്‍ക്കായിരുന്നു തുടര്‍ച്ചയായ ഒമ്പതാം തവണ പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചത്. 2011ല്‍ സിപിഎം മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. സുജ സൂസന്‍ ജോര്‍ജ്ജിനെതിരായ മത്സരമാണ് ഉമ്മന്‍ ചാണ്ടിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചത്. 33255 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തകര്‍പ്പന്‍ വിജയം.
ഭൂരിപക്ഷം കുറച്ച ജെയ്ക്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മഹാമേരുവായഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി നേരിടാന്‍ വിദ്യാര്‍ത്ഥി നേതാവ് ജെയ്ക് സി തോമസിനെയാണ് 2016ല്‍ സിപിഎം രംഗത്തിറക്കിയത്. 2011ലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതൊഴിച്ചാല്‍ ജെയ്ക്കിനും പുതിയതായി ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 27092 വോട്ടിനായിരുന്നു ജെയ്ക്ക് അടിയറവ് പറഞ്ഞത്. സഭാതര്‍ക്കം കത്തിനിന്ന 2021ല്‍ ഉമ്മന്‍ ചാണ്ടിയെ എതിരിടാന്‍ ജെയ്ക്കിനെ തന്നെ സിപിഎം വീണ്ടും നിയോഗിച്ചു. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയമായി ഏറ്റവും അധികം വെല്ലുവിളികള്‍ നേരിട്ട ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം ജെയ്ക് കാഴ്ചവച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044ക്ക് കുറച്ച് കൊണ്ടുവരാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. 2016ല്‍ 15993 വോട്ട് നേടിയ ബിജെപിയുടെ വോട്ട് 2021ല്‍ 11694 വോട്ടായി കുറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയില്‍ ഒരു ഉപതിരഞ്ഞെടുപ്പ് കടന്ന് വരുമ്പോള്‍ ഈ കണക്കുകളുടെ ചരിത്രമെല്ലാം അപ്രസക്തമാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായി വരുന്ന എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം എല്‍ഡിഎഫിനാണ്. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സഹതാപതരംഗത്തെ അതിജീവിക്കാന്‍ ഇടതുപക്ഷം അനുകൂലമായി കാണുന്ന ഏക രാഷ്ട്രീയമേല്‍ക്കെ ഇത് മാത്രമാണ്. അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരണത്തിലുള്ളത്. അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് പുതുപ്പള്ളിയില്‍ കഴിഞ്ഞ പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിരുന്നു. ഈ മികവ് നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയുമോ എന്ന ചോദ്യം കൂടിയാണ് ഉപതിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടുന്നത്.
സെന്റിമെന്‍സ് പൊളിറ്റിക്‌സും വികസന രാഷ്ട്രീയവും
സിപിഎം നേതാവ് എ കെ ബാലന്റെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണീര്‍ പുഴ ഒഴുക്കി വോട്ടു പിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ വികസന രാഷ്ട്രീയം കൊണ്ടു നേരിടാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്. തങ്ങളുടെ വിശാലമായ അടിത്തറ വോട്ടുകള്‍ സമാഹരിക്കുന്നതിന് സഹായമാകുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍ . എന്നാല്‍ സോളാര്‍ കേസില്‍ മുഖ്യമന്തി പിണറായി വിജയനും സിപിഎമും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്റെ കഥകള്‍ വീണ്ടും പുനരാവിഷ്‌ക്കരിക്കാനാണ് തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കൂട്ടരും പ്രഖ്യാപിച്ചിരിക്കവെ അതിനെ തടയിടാന്‍ എല്‍ഡിഎഫ് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും..
Keywords: Kannur, News, Kerala, Byelection, Puthuppally byelection, Kerala: Puthuppally byelection.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.