വിവാഹദിനം നവവധു കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍

 


വിവാഹദിനം നവവധു കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍
എരുമേലി: വിവാഹദിനത്തില്‍ നവവധു കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. വിവാഹം കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്. വീട്ടുകാര്‍ തന്നെ ഇഷ്ടമില്ലാത്ത വിവാഹത്തിന്‌ നിര്‍ബന്ധിച്ചതാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പോലീസില്‍ അറിയിച്ചു. ഒടുവില്‍ പോലീസ് നടത്തിയ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നവവധുവിനെ കാമുകനൊപ്പം പറഞ്ഞയച്ചു. ഭര്‍ത്താവിന്‌ നഷ്ടപരിഹാരം നല്‍കി പോലീസ് പ്രശ്നം ഒത്തുതീര്‍പ്പാക്കി.

ഞായറാഴ്ച എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശികളായ യുവാവും യുവതിയും ഉച്ചയോടെ ടൌണിലെ ഒരു ഓഡിറ്റോറിയത്തില്‍വച്ചാണ് വിവാഹിതരായത്. രാത്രി ഒമ്പതരയോടെ യുവതിയുടെ വീട്ടില്‍ ഭര്‍ത്താവും യുവതിയുടെ പിതാവും തമ്മില്‍ മുറ്റത്തു സംസാരിച്ചുകൊണ്ടിരിക്കെ അയല്‍പക്കത്തെ വീട്ടിലേക്ക് പോയിട്ടു വരാമെന്ന് പറഞ്ഞിറങ്ങിയ യുവതി ഫോണില്‍ ചേനപ്പാടി സ്വദേശിയായ കാമുകനെ വിളിച്ചുവരുത്തി സ്ഥലം വിടുകയായിരുന്നു. ഒപ്പംകൊണ്ടുപോയില്ലെങ്കില്‍ തന്റെ പേരെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഫോണിലൂടെ ഭീഷണി മുഴക്കിയതിനാലാണ് യുവതിയെയുംകൊണ്ട് നേരെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയതെന്ന് കാമുകന്‍ പോലീസിനോടു പറഞ്ഞു. വധു കാമുകനൊപ്പം സ്ഥലംവിട്ടതൊന്നും ഈ സമയമത്രയും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പോലീസ് വിവരം അറിയിക്കുമ്പോഴാണ് വീട്ടുകാര്‍ വധുവിന്റെ ഒളിച്ചോട്ടം അറിയുന്നത്.

പ്രണയവിവരം യുവതി തുറന്നു പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തുമായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. വിവാഹം നടക്കുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നപ്പോഴെല്ലാം താനുമായി വിവാഹം നടത്താന്‍ ഇഷ്ടമായിരുന്നെന്നാണ് യുവതി പറഞ്ഞതെന്നും യുവാവ് പോലീസിനോടു പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് ഉച്ചയോടെ മണിമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിക്കൊപ്പം ജീവിക്കാമെന്ന് കാമുകന്‍ അറിയിക്കുകയായിരുന്നു. വിവാഹം മൂലം യുവതി വരുത്തിവച്ച മാനക്കേടിന് നഷ്ടപരിഹാരമായി ഒരുതുക യുവാവിന് നല്‍കി ബന്ധം വേര്‍പെടുത്താന്‍ ധാരണയാവുകയായിരുന്നു. ഭര്‍ത്താവ് അണിയിച്ച താലിമാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ തിരികെ നല്‍കി.

Keywords: Kerala, Erumeli, Love, Bride, Groom, Compensation, Wedding day, Police station, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia