Academic Slip | മുഖ്യമന്ത്രിയടക്കം പഠിച്ച ബ്രണ്ണൻ കോളജ് ദേശീയ അക്കാദമിക് നിലവാരത്തിൽ പുറകിലായത് വിവാദമായി; സർക്കാർ വിശദീകരണം തേടി
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ 2024-ലെ പട്ടികയിൽ 113-ാം റാങ്കാണ് ബ്രണ്ണന് ലഭിച്ചത്. കഴിഞ്ഞവർഷം 115 ആയിരുന്നു
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ പഠിച്ച തലശേരി ബ്രണ്ണൻ കോളജ് അക്കാദമിക് രംഗത്ത് പുറകെ പോയത് വിവാദമായി. ദേശീയ റാങ്കിങ്ങിൽ തലശ്ശേരി ധർമ്മടത്ത് സ്ഥിതി ചെയ്യുന്ന ഗവ. ബ്രണ്ണൻ കോളജിന്റെ സ്ഥാനം വീണ്ടും നൂറിന് മുകളിലായതാണ് വിവാദമായത്. ഇതേ തുടർന്ന് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം ആവശ്യപ്പെട്ടു. ഈ മാസം 23ന് നേരിട്ടു കാണാൻ മുഖ്യമന്ത്രി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (NIRF) 2024-ലെ പട്ടികയിൽ 113-ാം റാങ്കാണ് ബ്രണ്ണന് ലഭിച്ചത്. കഴിഞ്ഞവർഷം 115 ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഉൾപ്പെടെ നാല് സർക്കാർ കോളേജുകളും 12 എയ്ഡഡ് കോളജുകളും നൂറിൽ താഴെയുള്ള പട്ടികയിലെത്തി. ഈ സാഹചര്യത്തിലാണ് സ്ഥലം എംഎൽഎ കൂടിയായ മുഖ്യമന്ത്രി പ്രിൻസിപ്പലിനെ വിളിച്ചത്. എന്താണ് പിന്നാക്കം പോകാൻ കാരണമെന്ന് അന്വേഷിച്ച ശേഷമാണ് നേരിട്ടുകാണാൻ ആവശ്യപ്പെട്ടത്.
പിണറായിയിൽ നടക്കുന്ന പൊതുപരിപാടിക്കുശേഷം കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലായിരിക്കും കൂടിക്കാഴ്ച. 23ന് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വിളിപ്പിച്ച കാര്യം പ്രിൻസിപ്പൽ ഇൻ ചാർജ് ജെ വാസന്തി സ്ഥിരീകരിച്ചു. 100-ന് മുകളിലാണെങ്കിലും കണ്ണൂർ സർവകലാശാലയിൽ ഏറ്റവും ഉയർന്ന റാങ്ക് ബ്രണ്ണൻ കോളജിനാണ്, എവിടെയാണ് പോരായ്മ സംഭവിച്ചതെന്ന് വിശദമായ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻ മന്ത്രി എ കെ ബാലൻ തുടങ്ങിയവരും പഠിച്ച കോളജാണ് ബ്രണ്ണൻ.