Protest | മുഖ്യമന്ത്രിക്കെതിരെ വഴി നീളെ കരിങ്കൊടി പ്രതിഷേധം; യൂത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ തിങ്കളാഴ്ചയും യൂത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാസർകോട്ടേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്ക് എതിരെ കണ്ണൂരിൽ രണ്ട് ഇടങ്ങളിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. തളിപറമ്പ് ചുടലയിലും, പരിയാരം പൊലീസ് സ്റ്റേഷന് സമീപവുമാണ് യൂത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച 10 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് യൂത് കോൺഗ്രസ്, കെ എസ് യു നേതാക്കളെ പൊലീസ് വ്യാപകമായി കരുതൽ തടങ്കലിലിലാക്കിയിരുന്നു. ഇതിന് ഇടയിലാണ് കാസർകോട്ടേക്ക് പാർടി സംസ്ഥാന സെക്രടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ മുന്നേറ്റ ജാഥയിലടക്കം പങ്കെടുക്കാൻ പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്.
യൂത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തളിപ്പറമ്പ് ചുടലയിലെ പ്രതിഷേധം. മൂവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധിച്ച എഴു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത് കോൺഗ്രസ് നേതാക്കളായ സന്ദീപ് പാണപ്പുഴ, മഹിത മോഹൻ, സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂൽ രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്സൺ മാത്യു എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് തളിപ്പറമ്പിൽ ഏഴുയൂത് കോൺഗ്രസ് പ്രവർത്തകരെയും, പയ്യന്നൂരിൽ രണ്ടു പേരെയും കരുതൽ തടങ്കലിൽ ആക്കിയിരുന്നു. യൂത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭരത് ഡി പൊതുവാൾ, കെ എസ് യു പയ്യന്നൂർ അസംബ്ലി പ്രസിഡണ്ട് ആകാശ് ഭാസ്ക്കർ എന്നിവരെയാണ് മുൻകരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ 8.50 ഓടെയാണ് പയ്യന്നൂർ പെരുമ്പ ദേശീയപാതയ്ക്ക് സമീപത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Kannur, News, Kerala, Custody, Chief Minister, Youth Congress, Black flags waved at CM.