'ചന്ദ്രിക എഡിറ്റോറിയല്‍ വിവാദമാക്കിയതിന് പിന്നില്‍ ആര്യാടന്റെ ഗൂഢലക്ഷ്യം'

 


കോഴിക്കോട്: ചന്ദ്രിക ദിനപത്രം ശനിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വിവാദമാക്കിയതിന്‌ പിന്നില്‍ ഗൂഢ തന്ത്രങ്ങളാണെന്നു ലീഗ് നേതൃത്വം. അഫ്‌സല്‍ ഗുരു ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലാണ് വിവാദമായത്. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് വിവാദത്തിന് തിരികൊളുത്തിയത്. ദേശദ്രോഹികള്‍ക്ക് ചന്ദ്രിക വളംവെക്കുന്നുവെന്നും മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു ആര്യാടന്റെ പ്രസ്താവന. ആര്യാടന്റെ ആരോപണവും ചന്ദ്രിക എഡിറ്റോറിയലും അന്നുതന്നെ രാത്രിയിലെ ചാനല്‍ ചര്‍ചകളില്‍ സജീവമാകുകയും ചെയ്തു.

അതേസമയം ചന്ദ്രികയുടെ ഞായറാഴ്ച പുറത്തിറങ്ങിയ സോഷ്യല്‍ മീഡിയ വിശകലനം ചെയ്യുന്ന കോളത്തില്‍ നേരത്തെ എഡിറ്റോറിയലില്‍ വ്യക്തമാക്കിയ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നടപടി കശ്മീരികളെ മാത്രമല്ല, നിരാശരാക്കിയതെന്നാണ് ഞായറാഴ്ച പതിപ്പില്‍ ചന്ദ്രിക വിശതീകരിക്കുന്നത്. മണിശങ്കര്‍ അയ്യര്‍, അരുന്ധതി റോയ് തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനകളും സോഷ്യല്‍ മീഡിയകളില്‍ പലരും നടത്തിയ കമന്‍ന്റുകളും ലേഖനം ഉദ്ധരിക്കുന്നു.
'ചന്ദ്രിക എഡിറ്റോറിയല്‍ വിവാദമാക്കിയതിന് പിന്നില്‍ ആര്യാടന്റെ ഗൂഢലക്ഷ്യം' എന്നാല്‍ ചന്ദ്രിക പത്രത്തിന്റെ അഭിപ്രായം പത്രത്തിന്റെ അഭിപ്രായമാണെന്നും അത് ലീഗിന്റെ അഭിപ്രായമല്ലെന്നും വിവാദത്തിലിടപെട്ട് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ആര്യാടന്‍ ഉദ്ദേശിച്ച രൂപത്തില്‍ വിവാദം മറ്റു തലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ്‌ ചന്ദ്രിക ഏഡിറ്റോറിയലിനെ ലീഗ് തല്‍ക്കാലം ന്യായീകരിക്കാത്തത്. ചന്ദ്രിക എഡിറ്റോറിയലില്‍ പറയുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്. ശവപ്പെട്ടി കുംഭകോണക്കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് പാര്‍ലമെന്റ് ആക്രമണക്കേസെന്ന് അരുന്ധതി റോയ് ഉള്‍പെടെയുള്ള പ്രമുഖര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിന്റെതായി മാധ്യമങ്ങളില്‍ വന്ന അഭിമുഖത്തിലും പാര്‍ലമെന്റ് ആക്രമണക്കേസില്‍ തന്നെ എങ്ങനെയാണ് കുടുക്കിയതെന്ന കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.

അഫ്‌സല്‍ ഗുരു വധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചന്ദ്രികയുടെ അഭിപ്രായം മാത്രം വിവാദമാക്കിയതിന് പിന്നില്‍ പൊതുവെ ലീഗ് വിരോധിയായ ആര്യാടന് മറ്റ് പല പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വൈദ്യുതി മുടക്കവും കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ പ്രതിസന്ധിയും മറ്റും കൊണ്ട് ആര്യാടനെതിരെ മുന്നണിക്കകത്ത് തന്നെ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിവാദം ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. ഡീസലിന്റെ വിലക്കയറ്റത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് പറയുന്ന മന്ത്രി ആര്യാടന്‍മുഹമ്മദിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജിവെച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
'ചന്ദ്രിക എഡിറ്റോറിയല്‍ വിവാദമാക്കിയതിന് പിന്നില്‍ ആര്യാടന്റെ ഗൂഢലക്ഷ്യം'

അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന് ശേഷം ഉയരുന്ന മുറവിളിയും ചോദ്യങ്ങളും അവഗണിക്കാന്‍ പറ്റാത്തതാണെന്ന് ചന്ദ്രിക എഡിറ്റോറിയല്‍ പറയുന്നു. എഡിറ്റോറിയലിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

പാര്‍ലമെന്റ് ആക്രമണം നടന്ന ഡിസംബര്‍ 13 ന് സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഗുരുവിനെ 15 ന് ശ്രീനഗറില്‍ നിന്ന് സൊപോറിലേക്ക് ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. പിടിയിലാകുന്നതുമായി ബന്ധപ്പെട്ട് ഗുരു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചില്ല എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിയിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്.ടി.എഫ്) ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുവിന് കൊടിയ പീഢനം ഏല്‍ക്കേണ്ടി വന്നു എന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധ നേടിയത് ഈയിടെയാണ്. 22 രാഷ്ട്രീയ റൈഫിള്‍സിലെ രാംമോഹന്‍ സിംങ്, ഡി.എസ്.പിമാരായ വിനയ ഗുപ്ത, ദേവീന്ദര്‍ സിംങ്, ഇന്‍സ്‌പെക്ടര്‍ ശാന്തി സിംങ് എന്നിവരാണ് തന്നെ ശാരീരികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥരെന്ന് ഡല്‍ഹിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ഗുരു പറയുന്നുണ്ട്.

ഡി.എസ്.പി. ദേവീന്ദര്‍ സിംങ് പറഞ്ഞിട്ടാണ് താന്‍ മുഹമ്മദ് എന്നയാളെ കാശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റിയതിന്റെ പിറ്റേന്ന് പ്രമുഖ പത്രമായ ഡി.എന്‍.എ. നടത്തിയ അഭിമുഖത്തില്‍ തപസുമും ഇക്കാര്യം ഉന്നയിച്ചിരുന്നു. ദേവീന്ദര്‍ സിംങില്‍ നിന്ന് മുഹമ്മദിനും തനിക്കും ഫോണ്‍കോളുകള്‍ വരാറുണ്ടായിരുന്നെന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സമയത്ത് എസ്.ടി.എഫിന് കേസുമായുള്ള ബന്ധം വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസിന്റെ വിചാരണ ഘട്ടത്തില്‍ അഫ്‌സല്‍ ഗുരുവിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ അതിദേശക്കൂറ് കാണിച്ചുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. - എഡിറ്റോറിയലില്‍ പറയുന്നു.

'ചന്ദ്രിക എഡിറ്റോറിയല്‍ വിവാദമാക്കിയതിന് പിന്നില്‍ ആര്യാടന്റെ ഗൂഢലക്ഷ്യം'അഫ്‌സല്‍ ഗുരുവിന് നല്‍കിയ വിധിയുമായി ബന്ധപ്പെട്ട കാര്യമാണ് രണ്ടാമതായി എഡിറ്റോറിയലില്‍ പറയുന്നത്. 'ആറു മാസത്തിനകം പോട്ടാ കോടതി നടത്തിയ വിധി പ്രസ്താവത്തില്‍ പറയുന്ന ന്യായം വിചിത്രമായിരുന്നു. സംഭവത്തില്‍ അഫ്‌സലിനെതിരെയുള്ളത് സാഹചര്യ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര വിധിന്യായത്തില്‍ പറയുന്നതിങ്ങനെ- രാഷ്ട്രത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ നിലയില്‍(ആക്രമണം) ആക്രമിക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സമൂഹ മനഃസാക്ഷി തൃപ്തിപ്പെടൂ. ഗുരുവിന് മുമ്പ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1991 ലെ രാജീവ് വധക്കേസിലെയും 95 ലെ ബിയാന്ത് സിംങ് വധക്കേസിലെയും പ്രതികളുടെ ശിക്ഷ നടപ്പാക്കാതെയാണ് ഗുരുവിനെ തിടുക്കപ്പെട്ട് കഴുവേറ്റിയത്. ശിക്ഷ നടപ്പാക്കുന്നത് വേഗത്തിലും വൈകിവന്ന നീതിയായി വീതിച്ചെടുത്ത രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇതിന്റെ പൊരുള്‍ അന്വേഷിക്കാന്‍ പോയില്ല.

ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ങ്ങളില്‍ അദ്ദേഹത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഗുരു തൂക്കിലേറ്റപ്പെട്ടതെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കണം. തൂക്കിലേറ്റുന്നതിന് മുമ്പ് ഗുരുവിന് ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ അവസരം ഒരുക്കിയില്ല, ഗുരു വീട്ടിലേക്കയച്ച കത്ത് കുടുംബാംഗങ്ങള്‍ക്ക് കിട്ടുന്നതിനു മുമ്പേ ശിക്ഷ നടപ്പാക്കി തുടങ്ങിയ കാര്യങ്ങളും എഡിറ്റോറിയലില്‍ പറയുന്നു. വധശിക്ഷയ്ക്ക് ശേഷം കാശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട കാര്യവും എഡിറ്റോറിയലില്‍ പറയുന്നു. ഗുരുവിനെ വധിച്ച കാര്യത്തില്‍ രാജ്യത്തിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജനാധിപത്യത്തിന്റെയും പൗര സമൂഹത്തിന്റെയും സുതാര്യതയ്ക്ക് അത് നല്ലതാണ് എന്ന് ഓര്‍മിപ്പിച്ചുമാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്. 

Keywords : Kozhikode, Aryadan Muhammed, Minister, Kerala, Afzal Guru, Execution, Chandrika News Paper, Editorial Page, Controversy, Medias, Muslim League, Parliament Attack Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia