Apply Now | നോര്‍ക റൂട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപിന് അപേക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com) സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക റൂട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപിന് (Norca Roots Directors Scholarship) അപേക്ഷിക്കാം. 2022-23 അധ്യായന വര്‍ഷം പ്രൊഫഷനല്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള എമിഗ്രേഷന്‍ ചെക് റിക്വയേഡ് (ECR) കാറ്റഗറിയില്‍പ്പെട്ടവരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ് ലഭിക്കുക.
സ്‌കോളര്‍ഷിപിന് അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍കുളളവരും, റഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം. അപേക്ഷകള്‍ www(dot)scholarship(dot)norkaroots(dot)org എന്ന വെബ്ബ്‌സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്.
ഡിസംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 (ഇന്‍ഡ്യയ്ക്കകത്ത് നിന്നും), 918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Keywords: Thiruvananthapuram, News, Kerala, Application, Apply for Norca Roots Directors Scholarship.