Negligence | അങ്കണവാടിയില്‍ വീണ് കുഞ്ഞിന് പരുക്കേറ്റ സംഭവത്തില്‍ നടപടി; അധ്യാപികയെയും ഹെല്‍പറെയും സസ്‌പെന്‍ഡ് ചെയ്തു

 
Anganwadi Worker Suspended After Child Injured
Anganwadi Worker Suspended After Child Injured

Representational Image Generated by Meta AI

● അങ്കണവാടിയില്‍ ആകെ 6 കുട്ടികളാണുള്ളത്.
● മൂന്നരവയസുള്ള കുട്ടിക്കാണ് പരുക്കേറ്റത്. 
● കുഞ്ഞ് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍.

തിരുവനന്തപുരം: (KVARTHA) അങ്കണവാടിയില്‍ വീണ് ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടപടി. അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടിയിലെ അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മാറനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആകെ ആറ് കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാന്‍ അധ്യാപികയും ആയയുമാണുള്ളത്. കുട്ടി ക്ലാസില്‍ വീണിരുന്നുവെന്നും എന്നാല്‍ അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നുമായിരുന്നു അങ്കണവാടി അധ്യാപികയുടെ മറുപടി. 

മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മൂന്നരവയസുള്ള മകള്‍ വൈഗയാണ് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഞ്ഞിന് സ്‌പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും തലയില്‍ ആന്തരിക രക്തസ്രാവവുമുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 
 
വ്യാഴാഴ്ച വൈകുന്നേരം പിതാവ്, മകളെ അങ്കണവാടിയില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. തീര്‍ത്തും ക്ഷീണിതയായിരുന്ന കുഞ്ഞഅ അല്‍പ്പ സമയത്തിന് ശേഷം നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി. കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ടലയിലെ ആശുപത്രിയിലും വൈകാതെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അങ്കണവാടി അധ്യാപികയോട് ചോദിച്ചപ്പോള്‍, കസേരയില്‍ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്നാണ് സഹോദരന്‍ മാതാപിതാക്കളോട് പറയുന്നത്. 

#anganwadi #childsafety #Kerala #accident #suspension #teachernegligence #childinjury

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia