Ali Manikfan | അലി മണിക്ഫാന് മറൈന്‍ ബയോളജികല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ആദരം; അറിവ് നേടാനുള്ള ആവേശമാണ് 86ാം വയസിലും മുന്നോട്ടുള്ള ഊര്‍ജമെന്ന് പത്മശ്രീ ജേതാവ് 

 
Ali Manikfan Honored by Marine Biological Association of India, Padma Shri, Fish Species, Sea, Lakhswadeep

Supplied

14 ഭാഷകളില്‍ പ്രാവീണ്യമുണ്ട്. 

2021-ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

കൊച്ചി: (KVARTHA) എണ്‍പത്തിയാറാം വയസ്സിലും അറിവ് നേടാനുള്ള അടങ്ങാത്ത ആവേശമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പത്മശ്രീ (Padma Shri) ജേതാവ് അലി മണിക്ഫാന്‍ (Ali Manikfan). പ്രകൃതിയെ നിരീക്ഷിക്കാനും അവക്ക് പിന്നിലെ ശാസ്ത്രസത്യങ്ങള്‍ (Scientific Truths) അറിയാന്‍ ശ്രമിച്ചതുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് സമുദ്രശാസ്ത്രം (Oceanography), ഗോളശാസ്ത്രം  (Astronomy), കപ്പല്‍നിര്‍മാണം (Shipbuilding), പരിസ്ഥിതി ശാസ്ത്രം (Environmental Science) തുടങ്ങി നിരവധി മേഖലകളില്‍ വൈദഗ്ധ്യമുള്ള മണിക്ഫാന്‍ പറഞ്ഞു.

സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എംബിഎഐ) ഓണററി ഫെല്ലോഷിപ്പ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ചടങ്ങില്‍ അറിവന്വേഷണത്തിന്റെ സഞ്ചാരവഴികള്‍ മണിക്ഫാന്‍ സദസ്യരുമായി പങ്കുവെച്ചു.

പല ശാസ്ത്രീയ അറിവുകളും നേടാന്‍ സഹായകരമായത് സ്വന്തം ജീവിതാനുഭവങ്ങളാണ്. ലക്ഷദ്വീപിലെ പ്രത്യേക സഹാചര്യങ്ങളെ അതിജീവിക്കാനുള്ള വഴിയെന്ന നിലക്കാണ് ആദ്യകാലത്ത് ശാസ്ത്രത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ തുനിഞ്ഞത്. പിന്നീട് അതൊരു ആവേശമായി മാറി. ആദ്യകാലത്ത് മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരന്റെ സഹായിയായിരുന്നു. കണ്‍മുന്നിലുള്ള കടലിനെ കുറിച്ചും മീനുകളെ കുറിച്ചും അറിയേണ്ടത് അനിവാര്യമാണെന്ന് തോന്നി. കൃഷി, ജ്യോതിശാസ്ത്രം, ഷിപ് ബില്‍ഡിംഗ് എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിലേക്ക് വഴിനടത്തിയത് അറിവിനോടുള്ള ഈ ആവേശമായിരുന്നുവെന്ന് സിഎംഎഫ്ആര്‍ഐയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ മണിക്ഫാന്‍ പറഞ്ഞു.

പതിവായി കടലില്‍ നീന്താറുണ്ടായിരുന്ന അദ്ദേഹം നീന്തലിനിടയിലൊരിക്കല്‍ സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രസംഘത്തെ യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് മണിക്ഫാന് സിഎംഎഫ്ആര്‍ഐയിലേക്കുള്ള വഴിതുറന്നത്. അക്കാലത്ത് അദ്ദേഹം ഒരു പുതിയ മീനിനെ കണ്ടെത്തുകയും അബുദഫ്ദഫ് മണിക്ഫാനി എന്ന് മീനിന് പേര് നല്‍കുകയും ചെയ്തു. പതിനാല് ഭാഷകളില്‍ പ്രാവീണ്യമുണ്ട്്. 2021ല്‍ രാജ്യം പത്മശ്രീ നല്‍കി അലി മണിക്ഫാനെ ആദരിച്ചു.  

സിഎംഎഫ്ആര്‍ഐയില്‍ നടന്ന അനുമോദന ചടങ്ങില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ എന്‍ ജി കെ പിള്ള, ഡോ പി എം അബൂബക്കര്‍, ഡോ കെ കെ സി നായര്‍, ഡോ രേഖ ജെ നായര്‍, ഡോ ഗ്രിന്‍സന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia