മൂവാറ്റുപുഴ-തേനി ഹൈവേ നിര്‍മാണോദ്ഘാടനത്തിനു 12 വര്‍ഷം; നിര്‍മാണം പൂര്‍ത്തിയായില്ല

 


മൂവാറ്റുപുഴ-തേനി ഹൈവേ നിര്‍മാണോദ്ഘാടനത്തിനു 12 വര്‍ഷം; നിര്‍മാണം പൂര്‍ത്തിയായില്ല
തൊടുപുഴ: നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് 12 വര്‍ഷം പിന്നിട്ടിട്ടും മുവാറ്റുപുഴ-തേനി സംസ്ഥാന ഹൈവേ എങ്ങുമെത്താതെ നില്‍ക്കുന്നു. 1997 സെപ്തംബര്‍ ഏഴിനു സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകമായാണ് ഈ ഹൈവേ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2000 ആഗസ്റ്റ് ഏഴിനു കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കണിയാംകുടി ജംഗ്ഷനില്‍ മന്ത്രി പി.ജെ ജോസഫ് ഹൈവേയുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. പ്രാരംഭഘട്ടമായി മൂവാറ്റുപുഴ മുതല്‍ പെരുമാംകണ്ടം വരെ ടെണ്ടര്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

മൂവാറ്റുപുഴയില്‍നിന്നും ആരംഭിച്ച് കല്ലൂര്‍ക്കാട്, പടി, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴത്തോപ്പ്, തങ്കമണി, ഇരട്ടയാര്‍, നെടുങ്കം, കമ്പംമെട്ട് വഴിയാണ് ഹൈവേ തേനിയിലെത്തുന്നത്. ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കല്ലൂര്‍ക്കാട്, കുമാരമംഗലം ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ കോട്ടപുറമ്പോക്കു നിവാസികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തുപ്രദേശത്തെ കോട്ട പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഇവിടെ വീടു നിര്‍മിക്കാന്‍ പണം നല്‍കുമ്പോഴും വീട് ഒഴിയുന്ന മുറയ്ക്കു ഇതു പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയാറാകാത്തതു മൂലം ഒരു വീട് തന്നെ പല പ്രാവശ്യം കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. ഇതു കോട്ടപുറമ്പോക്കു നിവാസികളെ ഒഴിപ്പിക്കുന്നതിനു വിലങ്ങുതടിയായിരിക്കുകയാണ്. ഉടുമ്പന്നൂര്‍ മുതല്‍ വാഴത്തോപ്പ് വരെയുള്ള ദൂരം ഹൈവേ നിര്‍മാണം നടത്തുന്നതിനു വനംവകുപ്പിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുവാറ്റുപുഴ-തേനി ഹൈവേ പൂര്‍ത്തിയായാല്‍ ഹൈറേഞ്ച് മേഖലയുടേയും കിഴക്കന്‍ പ്രദേശത്തിന്റേയും വികസനത്തിനും കാര്‍ഷിക- ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനും വഴിവയ്ക്കും. കാലാ വസ്ഥകൊണ്ടും പ്രകൃതി ഭംഗി കൊണ്ടും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ജില്ലയിലേക്കും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, എന്നിവിടങ്ങളിലേക്കും നെടുമ്പാശേരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും സാധിക്കും.

ഹൈവേ യാഥാര്‍ഥ്യമായാല്‍ ഹൈറേഞ്ചിലെ കാര്‍ഷികോത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വേഗത്തില്‍ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിനും ഇതുവഴി ജില്ലയുടെ കാര്‍ഷികമേഖലയുടെ വളര്‍ച്ച ത്വരിത ഗതിയാലാക്കുന്നതിനു കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വല്ലാര്‍പാടം എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയായതോടെ മൂവാറ്റുപുഴ - തേനി ഹൈവേയിലൂടെ ജില്ലയിലേക്കുള്ള ചരക്ക് നീക്കവും എളുപ്പത്തിലാക്കാന്‍ സാധിക്കും.

കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ -തേനി ഹൈവേക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേയുടെ നിര്‍മാണം മറ്റു പാതകളെ അപേക്ഷിച്ച് ചുരുങ്ങിയ ഫണ്ടുകൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നുള്ളതും ഈ ഹൈവേയുടെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ ഹൈവേ നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്നത് പിന്നോക്ക ജില്ലയായ ഇടുക്കിയോടുള്ള അവഗണനയുടെ ഫലമായാണ്. ഹൈവേ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ട്. ജില്ലയുടെ ചാര്‍ ജുള്ള മന്ത്രി പി.ജെ. ജോസഫും പി.ടി. തോമസ് എംപിയും മുന്‍ കൈയെടുത്ത് അടിയന്തിരമായി മുവാറ്റുപുഴ-തേനി ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Keywords : Thodupuzha, Idukki, Highway Road, Inauguration, P.J.Joseph, P.T Thomas, Work, Moovatupuzha,  Thamilnadu, Theni, Kerala, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia