Cheating | കണ്ണൂരില്‍ സിംകാര്‍ഡ് തട്ടിപ്പ് നടത്തിയ പ്രതികള്‍ കുട്ടികളെയും ഇരയാക്കിയെന്ന് പൊലീസ് അന്വേഷണ റിപോര്‍ട്
ഒരു സിമ്മിന് 500 രൂപയും മറ്റും പ്രതിഫലം നല്‍കി തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈപ്പറ്റിയിരുന്നു
വിദേശത്തേക്ക് അയക്കുന്ന സിമ്മുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കണ്ണൂര്‍: (KVARTHA) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മറ്റുള്ളവരുടെ പേരില്‍ സിം കാര്‍ഡുകള്‍ എടുത്ത് വിദേശത്തേക്ക് അയക്കുന്ന രണ്ടുപേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ മട്ടന്നൂര്‍ പൊലീസിന് ലഭിച്ചു. സ്‌കൂള്‍ കുട്ടികളെയും സിം എടുക്കുന്നതിനുവേണ്ടി ഇവര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു സിമ്മിന് 500 രൂപയും മറ്റും പ്രതിഫലം നല്‍കി തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈപ്പറ്റിയിരുന്നു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി പഠനാവശ്യത്തിന് ഉപയോഗിക്കാന്‍ സിംകാര്‍ഡ് വേണമെന്ന് പറഞ്ഞാണ് പ്രതികള്‍ മറ്റുളളവരെ കബളിപ്പിച്ചതെന്നും അന്വേഷണ റിപോര്‍ടില്‍ പറയുന്നു.
ശിവപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സ്വാലിഹ് ടി പി (22), മുഹമ്മദ് മിഹാല്‍ പി ( 22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ സാജന്‍ എ, എസ് ഐ ഷാജി കെ, സിപിഒ മാരായ ജോമോന്‍, രഗ് തേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
മട്ടന്നൂര്‍ കോളാരി കീച്ചേരി എന്ന സ്ഥലത്ത് താമസിക്കുന്ന പരാതിക്കാരനോട് ഒന്നും രണ്ടും പ്രതികള്‍ ട്രേഡിങ്ങിനാണെന്നും സിം ഒന്നിന് 500 രൂപ തരാമെന്നും പറഞ്ഞ് പരാതിക്കാരന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഏഴ് സിംകാര്‍ഡുകള്‍ വാങ്ങിക്കുകയായിരുന്നു.
പിന്നീട് സിം കാര്‍ഡുകള്‍ മറ്റെന്തൊക്കെയോ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സാജന്‍ എ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. വിദേശത്തേക്ക് അയക്കുന്ന സിമ്മുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.