Recognition | ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അബ്ദുല്ല അബൂബകറിന് സമ്മാനിക്കും
● വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണ.
● ജപാനില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണം നേടി.
● ഫ്രാന്‍സില്‍ നടന്ന മീറ്റില്‍ വെങ്കലം കരസ്ഥമാക്കി.
● ദേശീയ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപിലും ഓപണ്‍ ജംപ്‌സ് മത്സരത്തിലും സ്വര്‍ണം നേടി.
● നിലവില്‍ ഇന്‍ഡ്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍.
കണ്ണൂര്‍: (KVARTHA) കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 36-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ (Jimmy George Foundation) അവാര്‍ഡിന് പ്രശസ്ത ട്രിപിള്‍ ജംപ് താരം ഒളിംപ്യന്‍ അബ്ദുല്ല അബൂബകര്‍ (Abdullah Aboobacker) അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്‍ഡ്യയുടെ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പെടുത്തിയത്. 2024 പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത അബ്ദുല്ല 2022-ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്.
2023-ലെ, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ സ്വര്‍ണ മെഡല്‍. 2022 -2023-ല്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപിലും 2023-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ജപാനില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണവും ഫ്രാന്‍സില്‍ നടന്ന മീറ്റില്‍ വെങ്കലവും കരസ്ഥമാക്കി. ഈ വര്‍ഷം നടന്ന ദേശീയ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപിലും ഓപണ്‍ ജംപ്‌സ് മത്സരത്തിലും സ്വര്‍ണം നേടിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത പുലിയാവ് സ്വദേശിയാണ്. അബൂബകര്‍ - സാറ ദമ്പതികളുടെ മകനാണ്. നിലവില്‍ ഇന്‍ഡ്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണ്. നവംബര്‍ 30-ന് ജിമ്മി ജോര്‍ജ് വിടവാങ്ങിയിട്ട് 37 വര്‍ഷം തികയുന്ന ദിവസം പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അകാഡമിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് ദാനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
#AbdullahAboobacker #JimmyGeorgeFoundationAward #IndianSports #Athletics #Olympics #CommonwealthGames #KeralaSports