Amoebic Meningoencephalitis | കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കണ്ടെത്തിയത് 14 കാരന്


കോഴിക്കോട്: (KVARTHA) ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിക്കോടി പഞ്ചായത് പരിധിയിലെ പതിനാല് കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ കുട്ടി ചികിത്സ തേടിയിരുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് പഞ്ചായത് പരിധിയിലെ പതിമൂന്നുകാരന്‍ കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കിടെ മരിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചതിന് പിന്നാലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ അവസാന വാരത്തില്‍ കണ്ണൂര്‍ പഞ്ചായത് പരിധിയിലെ പതിമൂന്നുകാരിയും രോഗംബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് പൂളില്‍ കുളിച്ചിരുന്നു. അവിടെ നിന്നുമാണ് രോഗബാധ ഉണ്ടാകുന്നത്.
രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ പഞ്ചായത് പരിധിയിലെ അഞ്ചുവയസ്സുകാരിയാണ് ആദ്യം മരിക്കുന്നത്. മേയ് മാസത്തിലാണ് മരണം സംഭവിച്ചത്. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.