പ്രതിയായ 13കാരനെ കോടതി വിട്ടയച്ചു; ദുരൂഹതയുടെ ചുരുളഴിയാതെ സജീന കൊലക്കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 30/01/2015) കഞ്ഞിക്കുഴിയില്‍ ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന (25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ജുവനൈല്‍ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി മുരളീകൃഷ്ണ പണ്ടാല വെറുതെ വിട്ടത്.

സജീനയെ വീടിനു സമീപത്തെ പുല്‍മേട്ടില്‍ 2012 ജൂലൈ 29നാണ് മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ വീടിനു സമീപത്ത് താമസിക്കുന്ന എട്ടാംക്ലാസുകാരനെയാണ് കഞ്ഞിക്കുഴി പോലീസ് അറസ്റ്റ്  ചെയ്തത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറി നില്‍ക്കുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് ഉദ്യോഗസ്ഥരെ കുട്ടിയില്‍ എത്തിച്ചത്. മാനഭംഗശ്രമം തടഞ്ഞതാണ് കൊലപാതകത്തിനിടയാക്കിയതെന്നായിരുന്നു പോലീസ് ഭാഷ്യം. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഉണ്ടായ മുറിവായിരുന്നു  മരണകാരണം.

സംഭവദിവസം പശുവിനെ അഴിക്കാന്‍ സമീപത്തെ പുല്‍മേട്ടിലേക്ക് പോയ സജിനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് പിതാവ് ഷാജഹാന്‍ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സജിന നാലുമാസം ഗര്‍ഭിണിയായിരുന്നെന്നും കണ്ടെത്തി.

പുല്‍മേട്ടില്‍ വെച്ച് പ്രതി യുവതിയെ  കയറിപ്പിടിച്ചെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്നും  പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സജീനയെ കുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കുട്ടി വലിയ കല്ലെടുത്ത് സജീനയുടെ തലയിലിലിട്ട് കൊലപ്പെടുത്തിയെന്നും  മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടു പോയി താഴ്ചയിലേക്ക് തളളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

സംഭവത്തിന് പിറ്റേന്ന് പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്ത് നഖക്ഷതങ്ങള്‍ കാണപ്പെട്ടതും തെളിവായി ഉന്നയിച്ചിരുന്നു. ബാലന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയുന്ന  കത്തി, കല്ല് എന്നിവയും കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്തിന് സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണ്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഏതാനും ദിവസം മുമ്പ് വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന് അറിയില്ലായിരുന്നെന്നും സംഭവ ദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്ക് വീണതിന്റെ മുറിവാണ് ദേഹത്തു കണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം.

സൈക്കിളില്‍ നിന്നും വീണതറിഞ്ഞ പിതാവ് സൈക്കിള്‍ തല്ലി ഒടിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ മനോവിഷമത്താല്‍ കുട്ടി നാടുവിട്ടതാണെന്നും പ്രതിഭാഗം വാദിച്ചു. വസ്ത്രങ്ങള്‍ അടക്കമുളള തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ചതും ഇയാള്‍ നാടുവിട്ടതും സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിയായ 13കാരനെ കോടതി വിട്ടയച്ചു; ദുരൂഹതയുടെ ചുരുളഴിയാതെ സജീന കൊലക്കേസ്
സജിന

തമിഴ്‌നാട്ടുകാരന്‍ നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്. ഇവര്‍ സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ്. ഭര്‍ത്താവ് പിന്നീട് മതപരിവര്‍ത്തനം നടത്തി അബ്ദുല്ലയെന്ന പേര് സ്വീകരിച്ചു. എറണാകുളത്ത് ഒരു കടയിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. ഇതിനാല്‍ സജിന അച്ഛനമ്മമാരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സംഭവസമയത്ത്  സജിനക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു.

യഥാര്‍ഥ കൊലയാളിയെ അറസ്റ്റ്  ചെയ്തിട്ടില്ലെന്ന് സജിനയുടെ മാതാപിതാക്കള്‍ 2012 ഓഗസ്റ്റ് ഒന്നിന് വാര്‍ത്താസമ്മേളനത്തില്‍    ആരോപിച്ചിരുന്നു. പ്രതിയായ കുട്ടി മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം. കൂടാതെ സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്ന വിദ്യാര്‍ഥിയുടെ കുടുംബത്തിന് ആരോ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്നും കൊലപാതകം ഏറ്റെടുത്തതിനുള്ള പ്രതിഫലമായാണിതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കൊലചെയ്യപ്പെട്ട സ്ഥലത്ത് സ്ഥിരമായി ചീട്ടുകളിസംഘം ഉണ്ടായിരുന്നു.സജിനയുടെ മരണശേഷം ഭര്‍ത്താവ്  കുട്ടിയെ കാണാന്‍പോലും വരാത്തതും സംശയം വര്‍ധിപ്പിക്കുന്നതാണെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. പോലീസ് കണ്ടെത്തിയ കുട്ടിയെ കുറ്റവാളിയാക്കി അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു അവരുടെ നിലപാട്.  മകളുടെ യഥാര്‍ഥ കൊലപാതകികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്  സജിനയുടെ പിതാവ് ഷാജഹാന്‍, മാതാവ് നബീസ എന്നിവര്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ജോബി ജോര്‍ജ് കൊച്ചുപറമ്പില്‍, എബി തോമസ് തൊണ്ടമ്പ്രമാലില്‍ എന്നിവര്‍ ഹാജരായി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords :  Idukki, Kerala, Accused, Case, Investigates, Court, Murder, Sajina. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script