ബാബാ രാംദേവ് സോമയാഗത്തില്‍ പങ്കെടുക്കും

 


കോഴിക്കോട്: ജാതിമത ദേശഭേദമില്ലാതെ എല്ലാ വിഭാഗമാളുകളെയും ഉള്‍പെടുത്തി കാരാപ്പറമ്പില്‍ ഫെബ്രുവരി 13ന് ആരംഭിക്കുന്ന വടക്കന്‍ മലബാറിലെ ആദ്യത്തെ സോമയാഗത്തില്‍ ബാബ രാംദേവ് പങ്കെടുക്കും. ഇതോടനുബന്ധിച്ചു വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന വേദസംഗമത്തിന് രാംദേവ് തിരിതെളിക്കും.

മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, എം.പി. വീരേന്ദ്രകുമാര്‍, പി. പരമേശ്വരന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരും സോമയാഗ സംഘാടകരായ കാശ്യപ വേദ റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആചാര്യ എം.ആര്‍. രാജേഷും ഉദ്ഘാടന ചടങ്ങില്‍ പങ്കുകൊള്ളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന വേദസമ്മേളനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആത്മീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കും.

ആഗോള സമാധാനവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സോമയാഗത്തില്‍ 10 ലക്ഷം ആളുകള്‍ പങ്കെടുക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ആശയത്തെ ഉയര്‍ത്തിക്കാട്ടി എല്ലാദിവസവും നടത്തുന്ന അന്നദാനമാണ് സോമയാഗത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഒപ്പം സെമിനാറുകളും കലാപരിപാടികളും പുസ്തകമേളയും ഇതോടനുബന്ധിച്ചുണ്ടെന്ന് ആചാര്യ എം.ആര്‍. രാജേഷ് പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹാശിസുകളോടെ നടത്തുന്ന സോമയാഗം സ്വാമി വിവേകാനന്ദന്റെയും കേരളത്തിലെ നവോത്ഥാന നായകന്മാരായിരുന്ന ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആശയസംഹിതകളെ ഉയര്‍ത്തിക്കാട്ടുന്നു. പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാബാ രാംദേവ് സോമയാഗത്തില്‍ പങ്കെടുക്കും
കന്യാകുമാരിയില്‍ നിന്നും കൊല്ലൂരില്‍ നിന്നുമായി സോമയാഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച വേദരഥയാത്രകള്‍ കേരളത്തിലുടനീളം സഞ്ചരിച്ച് തിങ്കളാഴ്ച കോഴിക്കോട് സംഗമിച്ചിരുന്നു. മൂന്നാഴ്ചക്കാലം കൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച വേദരഥങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വിശ്വാസികള്‍ക്ക് ദര്‍ശിക്കാനായി നിര്‍ത്തുകയും ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം വിവിധ കേന്ദ്രങ്ങളിലായി 350 മരത്തൈകളും നട്ടുപിടിപ്പിച്ചു. യാഗവേദിയില്‍ പുസ്തകമേളയും സജ്ജീകരിച്ചിട്ടുണ്ട്. ഏഴു ദിവസങ്ങളിലുമായി സര്‍വമത സമ്മേളനം, വേദം, പ്രകൃതി, ഗോസുരക്ഷ, തത്വശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള സംഗമങ്ങള്‍, കൃഷ്ണനാട്ടം, സോപാന നൃത്തം തുടങ്ങിയ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

പ്രകൃതിജന്യവും പ്രകൃതി സൗഹൃദപരവുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് സോമയാഗം നടത്തുന്നതെന്ന് യാഗരക്ഷാസമിതിയുടെ പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണന്‍ പറഞ്ഞു. നിങ്ങള്‍ കാണുന്നത് ഒരു തിയേറ്ററാണെങ്കില്‍ അവിടെ വിവിധങ്ങളായ നാടകങ്ങളും പ്രതീകാത്മക ഇടപാടുകളും നടക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  സോമയാഗം പല യാഥാസ്ഥിതിക ചിന്താഗതികളേയും തച്ചുതകര്‍ക്കുന്ന ഒന്നുകൂടിയാണെന്ന് ആചാര്യ രാജേഷ് ചൂണ്ടിക്കാട്ടി. അനുഷ്ഠാനങ്ങളിലെല്ലാം പ്രായവും ജാതിയും ലിംഗവും നോക്കാതെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം കാണാനാകും. സംസ്‌കൃതം സംസാരഭാഷയായ ഇന്ത്യയിലെ ഏക ഗ്രാമമായ കര്‍ണാടകയിലെ മത്തൂരില്‍ നിന്നുള്ള പുരോഹിതരാണ് സോമയാഗത്തിന് നേതൃത്വം നല്‍കുന്നത്. വേദാനുഷ്ഠാനങ്ങള്‍ ഏറ്റവുമധികം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍പെട്ട നേതാക്കളുടെയും സാധാരണക്കാരുടെയും സാന്നിധ്യത്തില്‍ വേദ പണ്ഡിതരും യാജ്ഞികരും ചേര്‍ന്നാണ് സോമയാഗം നടത്തുക. യാഗത്തോടനുബന്ധിച്ചുള്ള ഭക്ഷണാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഫൗണ്ടേഷന്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്രകൃതി കൃഷിയിലൂടെ വിളയിച്ചെടുത്തവയാണ്. ലോകത്തെ സമ്പല്‍സമൃദ്ധമാക്കുന്നതിനൊപ്പം ആളുകള്‍ക്കിടയിലെ സ്വാര്‍ഥചിന്തകളെ ഇല്ലായ്മ ചെയ്യുന്നതിനും യജ്ഞങ്ങള്‍ ആവശ്യമാണെന്ന് ആചാര്യ രാജേഷ് പറഞ്ഞു.  ഋഷികളുടെ തത്വചിന്താരപമായ സമീപനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ശാസ്ത്രാഭിരുചിയുടെയും സംയുക്തമാണ് ഇതെന്നും സൃഷ്ടിയുടെ സഹജഘടകമായി യാഗങ്ങളെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മീയ പഠനങ്ങളിലൂടെയും വേദാചാരങ്ങളിലൂടെയും വിവിധ വിഭാഗങ്ങളില്‍പെട്ട സ്ത്രീ പുരുഷന്മാരിലും കുട്ടികളിലും ആത്മജ്ഞാനം വളര്‍ത്താന്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഇതിനോടകം സാധിച്ചിട്ടുണ്ട്. പൂര്‍ണമായും ഗ്രഹസ്ഥനായ ആചാര്യ രാജേഷ്, അഗ്‌നിഹോത്ര വിദ്യയിലൂടെയും പഞ്ചമഹായജ്ഞവിദ്യയിലൂടെയും ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വേദജ്ഞാനം പകര്‍ന്നു നല്‍കി വിജയകരമായ രീതിയില്‍ സ്ത്രീശാക്തീകരണം സാധ്യമാക്കിയ വ്യക്തിയാണ്.
ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ വിവേക് ഷേണായ്, പി.ടി വിപിന്‍ദാസ്, യാഗ സംഘാടകരായ അരുണ്‍ പ്രഭാകരന്‍, പി.പി.ഉണ്ണിക്കൃഷ്ണന്‍, കെ. ചന്ദ്രശേഖരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kozhikode, Press meet, Baba Ramdev, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia