SWISS-TOWER 24/07/2023

കോടിയേരിക്കും പിടികൊടുത്തില്ല; മൂന്നാര്‍ പ്രക്ഷോഭം മുന്നോട്ട്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 12.09.2015) കോടിയേരിക്ക് പോലും ചെവികൊടുക്കാതെ മൂന്നാറിലെ തൊഴിലാളി പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ലായ മൂന്നാറിനെ നിശ്ചലമാക്കി 5000ത്തോളം വരുന്ന സ്ത്രീ തൊഴിലാളികള്‍ അടങ്ങുന്ന പ്രക്ഷോഭകര്‍ അചഞ്ചലരായി നിലകൊളളുന്നു. സമരം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയുംസി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എസ്.രാജേന്ദ്രന്‍ ആരംഭിച്ച നിരാഹാര സമരത്തോടും അവര്‍ മുഖം തിരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ശ്രീമതി സമരവേദിയില്‍ ഇരിക്കുന്നത് തൊഴിലാളികള്‍ തടഞ്ഞു. ടാറ്റാ കമ്പനിയില്‍ നിന്നും വീടടക്കമുളള ആനുകൂല്യം കൈപ്പറ്റിയ 150 നേതാക്കളുടെ പേരുകള്‍ ഇന്നലെ തൊഴിലാളികള്‍ പുറത്തുവിട്ടു. ഇതില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എയും മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ മണിയും ഉള്‍പ്പെടും.

സി.പി.ഐ നേതാവ്  ഇ.എസ് ബിജിമോള്‍ എം.എല്‍.എയോട് മാത്രമാണ് സമരക്കാര്‍ അല്‍പ്പമെങ്കിലും മമത കാണിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എം.പിയെ ആദ്യം എതിര്‍ത്ത സമരക്കാര്‍ പിന്നീട് സംസാരിക്കാന്‍ തയ്യാറായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് സമരക്കാരെ അഭിസംബോധന ചെയ്യാനെത്തും. അതേ സമയം കോണ്‍ഗ്രസ് നേതാക്കളാരും മൂന്നാറിലേക്കെത്താന്‍ ധൈര്യം കാണിക്കുന്നുമില്ല. ഇന്നലെ വൈകിട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ മൂന്നാറില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രക്ഷോഭത്തോട് സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്തു. അതിനിടെ ആനുകൂല്യം വര്‍ധിപ്പിക്കാനാകില്ലെന്ന നിലപാടില്‍ കണ്ണന്‍ദേവന്‍ കമ്പനി ഉറച്ചു നില്‍ക്കുകയാണ്. ലോക്കൗട്ട് പ്രഖ്യാപിച്ച് തൊഴിലാളികളെ വരുതിയിലാക്കാനും മാനേജുമെന്റിന് ആലോചനയുണ്ട്.
രാവിലെ 10 മണിയോടെയാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ  നിരാഹാര സമരം തുടങ്ങിയത്. സമര സ്ഥലത്തു നിന്നു അര കിലോമീറ്റര്‍ മാറിയാണ്  എംഎല്‍എയുടെ സമരം. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയ തോട്ടം തൊഴിലാളികള്‍ എം.എല്‍.എയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. രാജേന്ദ്രന്‍ അണ്ണാച്ചി, ഇത്ര നാള്‍ എന്നാച്ച്? എന്നു ചോദിച്ചായിരുന്നു മുദ്രാവാക്യം.

ഒരു മണിയോടെ കോടിയേരി ബാലകൃഷ്ണന്‍ വരുന്നതിന് തൊട്ടുമുമ്പാണ് പി.കെ ശ്രീമതി സമരസ്ഥലത്തെത്തിയത്. അവര്‍ക്കൊപ്പം ഇരുന്ന ശ്രീമതിയോട് ഇറങ്ങിപ്പോകാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടു.അവിടെയുണ്ടായിരുന്ന ബിജിമോള്‍ സമരക്കാരെ സാന്ത്വനിപ്പിച്ചു. അതിന് പിന്നാലെയാണ് കെ.കെ.ശൈലജ എം.എല്‍.എ, എം.സി ജോസഫൈന്‍ എന്നിവര്‍ക്കൊപ്പം കോടിയേരി എത്തിയത്. പൊതുവേ തണുത്തതായിരുന്നു സമരക്കാരുടെ പ്രതികരണം. കോര്‍പറേറ്റ് സര്‍ക്കാര്‍ ഒത്തുകളിയാണ് തൊഴിലാളികളെ സമരത്തിലേക്ക് തളളിവിട്ടതെന്ന് പറഞ്ഞാണ് കോടിയേരി പ്രസംഗം ആരംഭിച്ചത്. മൂന്നു സെന്റ് വീതം ഭൂമി നിങ്ങള്‍ക്ക് തരാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം കേള്‍ക്കരുത്. 10 സെന്റ് സ്ഥലമെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കണം. ഈ സമരം സി.പി.എം ഏറ്റെടുക്കും. കോടിയേരി ആവേശത്തോടെ പറഞ്ഞിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നില്‍ നിന്ന നേതാക്കളാരോ കൈയടിക്ക് എന്ന് പറഞ്ഞപ്പോള്‍ ചെറിയ കൈയടി ഉയര്‍ന്നു.  എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ ഉയര്‍ന്ന ജനരോഷം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.

വൈകിട്ട് പെയ്ത കനത്ത മഴക്കിടെ 5.30ഓടെ പ്രക്ഷോഭകര്‍ പിരിഞ്ഞുപോയി. ഇന്നത്തെ രണ്ടാം വട്ട മന്ത്രിതല ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ സര്‍ക്കാരിന് മൂന്നാര്‍ സമരം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കണ്ണന്‍ദേവന്‍ കമ്പനിക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കും. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിനും.
കോടിയേരിക്കും പിടികൊടുത്തില്ല; മൂന്നാര്‍ പ്രക്ഷോഭം മുന്നോട്ട്

Keywords : Idukki, Kerala, Munnar, Protest, Kodiyeri Balakrishnan, CPM. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia