Criticism | 'കേരള പൊലീസിൽ സംഘ്പരിവാർ സ്വാധീനം, ആഭ്യന്തര വകുപ്പിന് ആർജവമില്ലായ്മ'; സിറാജ് മുഖപ്രസംഗം വലിയ ചർച്ചയായി; സർകാർ ശൈലി മാറ്റുമോ?

 
Kerala Police Faces Serious Allegations
Kerala Police Faces Serious Allegations

Logo Credit: Image Credit: Facebook / Siraj News

● മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാട്ടി 
● 'സംഘ്പരിവാർ പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു'
● 'കേരള പൊലീസ് ആർ എസ് എസിന്റെ ഉപകരണമായി മാറുന്നു'

തിരുവനന്തപുരം: (KAVRTHA) ആർഎസ്എസ് ബന്ധമടക്കം നിരവധി ആരോപണങ്ങൾ കേരള പൊലീസ് നേരിട്ടുകൊണ്ടിരിക്കുമ്പോൾ ആഭ്യന്തര വകുപ്പിനെതിതീരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള  സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ എഡിറ്റോറിയൽ വലിയ ചർച്ചയായി. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ മുഴങ്ങി നിൽക്കുമ്പോഴാണ് മുൻ ഡിജിപി ആർ ശ്രീലേഖയുടെ ബിജെപിയിലേക്കുള്ള പ്രവേശനം ചൂണ്ടിക്കാട്ടിയുള്ള സിറാജിന്റെ എഡിറ്റോറിയൽ എന്നതാണ് ശ്രദ്ധേയം.

ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ പാർടിയിൽ ചേരുന്നത് നിയമവിരുദ്ധമല്ലെങ്കിലും, സർവീസ് കാലത്ത് തന്നെ സംഘ്പരിവാർ ബന്ധം പ്രകടിപ്പിക്കുന്നതും ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുന്നതും ഗൗരവമായി കാണേണ്ടതാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. 

സിറാജ് ലേഖനം ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വിഷയം, സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു എന്നതാണ്. സംഘ്പരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നെങ്കിൽ, സംഘ്പരിവാർ പ്രവർത്തകർക്കെതിരെ അത്തരം നടപടികൾ ഉണ്ടാകാറില്ല. ശബരിമല വിവാദം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിൽ പൊലീസ് സ്വീകരിച്ച നിലപാടുകൾ ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

നിയമനടപടികളിൽ സംഘ്പരിവാർ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർ എസ് എസ് സെൽ, സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നുവെന്ന കാര്യവും സിറാജ് ഓർമിപ്പിക്കുന്നു. 

പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതികൾ ഉയരുന്നത് പതിവാണെങ്കിലും, കേരള പൊലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആർഎസ്എസിന്റെ ഉപകരണമായി മാറുകയാണെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. 

കേരള പൊലീസ് പോലുള്ള ഒരു പ്രധാന സുരക്ഷാ സേനയിൽ സംഘ്പരിവാർ സ്വാധീനം വർധിക്കുന്നത് സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിന് ഭീഷണിയാണെന്നും പൊലീസ് ഒരു നിഷ്പക്ഷ സ്ഥാപനമായി നിലനിൽക്കണമെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും സിറാജ് മുഖപ്രസംഗത്തോട് പ്രതികരിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ പ്രതികരിച്ചു. സിറാജ് എഡിറ്റോറിയൽ ഉയർത്തിയിരിക്കുന്ന പ്രശ്നം കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും പല ഘട്ടങ്ങളിലും ഉയർന്നു കേൾക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് എസ്ഐയുടെ ക്രൂരതയിൽ കാസർകോട്ട് മരണപ്പെട്ട അബ്ദുൽ സത്താറിന്റെ വിഷയവും സിറാജ് മുഖപത്രത്തോടൊപ്പം കൂട്ടിച്ചേർത്ത് ചർച്ചയായിട്ടുണ്ട്. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും പ്രമോഷനിലും സുതാര്യത ഉറപ്പാക്കുകയും, പൊലീസ് പരിശീലനത്തിൽ മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉൾപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും പലരും ഓർമിപിച്ചു. കാന്തപുരം വിഭാഗത്തിന്റെ പത്രമടക്കം തുറന്ന വിമർശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ സർകാർ ശൈലിയിൽ മാറ്റമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 

#KeralaPolice #RSS #Siraj #Controversy #KeralaPolitics #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia