Focus | ലക്ഷ്യം എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമമെന്ന് മുഖ്യമന്ത്രി
● പട്ടികവർഗ്ഗക്കാരുടെ അടിസ്ഥാന രേഖകൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന ‘എ ബി സി ഡി’ പദ്ധതി രാജ്യത്തിന് തന്നെ മാതൃകാപരം.
തിരുവനന്തപുരം: (KVARTHA) വികസന - ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരിനെ നയിക്കുന്നത് അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സർക്കാർ അവയിൽനിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകൾക്ക് മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാര വിതരണവും നിർവഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ആറ്റിങ്ങൽ എസ് എസ് പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം
മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഈ സാഹചര്യത്തിൽ, കേരളം പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും മുന്നിൽ നിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുപോലും, അരികുവൽക്കരിക്കപ്പെട്ടവർക്ക് സർക്കാർ താങ്ങും തണലുമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിൽ കുതിച്ചുചാട്ടം
10 ബി.എ ക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നായിരുന്നു അയ്യൻകാളി ആഗ്രഹിച്ചിരുന്നത്. പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 ഓളം വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പോടെ വിദേശത്തേക്ക് ഉപരിപഠനത്തിന് പോയത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് പാലക്കാട് മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം ഉറപ്പാക്കുന്നത് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിൽ പ്രത്യേക ശ്രദ്ധ
വാർഷിക പദ്ധതിയിൽ കേരള ജനസംഖ്യയുടെ 9.1 ശതമാനമുള്ള പട്ടികജാതി വിഭാഗത്തിന് 9.81 ശതമാനവും 1.45 ശതമാനം വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിന് 2.83 ശതമാനവും തുക ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്താകെ 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങൾക്ക് കേവലം 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കേവലം 2.65 ശതമാനവുമാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. കേന്ദ്രം പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ കുറച്ചിരിക്കുന്നതും ആശങ്കാജനകമാണ്. മുൻവർഷം 1,078 കോടി രൂപയായിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇത്തവണ 921 കോടി രൂപയാക്കി കുറച്ചു. 90 കോടിയായിരുന്ന പിന്നാക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് 50 കോടി രൂപയാക്കി കുറച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്.
വിവിധ പദ്ധതികളുടെ വിജയം
പട്ടികവർഗ്ഗക്കാരുടെ അടിസ്ഥാന രേഖകൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന ‘എ ബി സി ഡി’ പദ്ധതിയും, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയും രാജ്യത്തിനുതന്നെ മാതൃകയാണ്. വാസസ്ഥലത്തിന്റെ പ്രത്യേകതകളാൽ പൊതുസമൂഹത്തിൽ നിന്നും അകന്നു വിദൂര മേഖലകളിൽ കഴിയുന്ന ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയ ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയാസ് പദ്ധതിക്ക് ലഭിച്ച യു എൻ ന്റെ അംഗീകാരം വലിയൊരു നേട്ടമാണ്.
എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. ഭൂരഹിത, ഭവനരഹിത പദ്ധതിപ്രകാരം ഈ സാമ്പത്തികവർഷം 647 പട്ടികജാതി കുടുംബങ്ങളിലെ ഭൂരഹിതർക്കും, ദുർബല വിഭാഗങ്ങൾക്കുള്ള വികസന പരിപാടികളിലുൾപ്പെടുത്തി മറ്റ് 221 പേർക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകി. 204 പേർക്ക് ഭവനപുനരുദ്ധാരണത്തിനുള്ള സഹായവും 14 പേർക്ക് ഭൂമിയും അനുവദിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച അഗളി ഗ്രാമപഞ്ചായത്തിന് മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരവും 5 ലക്ഷം രൂപയും മുഖ്യമന്ത്രി കൈമാറി. രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്കും യഥാക്രമം 3, 2 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരവും ലഭിച്ചു.
പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. 'മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി' എന്നതാണ് ഈ വർഷത്തെ പ്രമേയം. ഒക്ടോബർ 15 ന് വയനാട് മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും.
#KeralaGovernment #BackwardCommunities #SCST #WelfareSchemes #Education #Employment #Housing #TribalPlusScheme #LifeMission