Controversy | ഹേമ കമ്മിറ്റി റിപ്പോർട്ട്: ചലച്ചിത്രമേഖലയേക്കാള്‍ വലിയ തലവേദന സര്‍ക്കാരിന്; കാരണമെന്ത്?
മലയാള സിനിമയിലെ പ്രമുഖരായ പലരും ആരോപണങ്ങളിൽ പെട്ടു.
സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം.
ക്രിസ്റ്റഫർ പെരേര
(KVARTHA) വേലിയിലിരുന്ന പാമ്പിനെ എടുത്ത് ശഖുംമുഖത്ത് വെച്ച അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി സര്‍ക്കാര്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചത്. സിനിമയില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാലത് ചലച്ചിത്രമേഖലയേക്കാള്‍ സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. ഗവണ്‍മെന്റിന് വളരെ വേണ്ടപ്പെട്ട കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ അതീവഗുരുതരമാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും ഇരകളും പൊതുസമൂഹവും മാത്രമല്ല, ഇടതു മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഐയും ആവശ്യപ്പെട്ടിരിക്കുകയാണ്.
മുകേഷ് അടക്കമുളവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത് രാജിവെച്ചെങ്കിലും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുകേഷിനെതിരെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വരെ മോശം അനുഭവം തുറന്ന് പറയുന്നു. എന്നിട്ടും സിപിഎമ്മിലെ വനിതാ സഖാക്കള്‍ക്ക് പ്രതികരിക്കാനാകുന്നില്ല. മന്ത്രി ഗണേഷ് കുമാറിനെതിരെ പല ആരോപണങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലോ, നിലവിലെ വിവാദങ്ങളിലോ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. ഏത് നിമിഷവും അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കില്‍ ഗണേഷ് രാജിവയ്‌ക്കേണ്ടിവരുമെന്നും പറയുന്നവരുണ്ട്. അത് സര്‍ക്കാരിന് ട്രിപ്പിള്‍ പ്രഹരമാകും നല്‍കുക. അതുകൊണ്ട് നിലവിലുള്ള പരാതികളുമായി തല്‍ക്കാലം ശക്തമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
മുകേഷിനെ സിനിമാ കോണ്‍ക്ലേവില്‍ നിന്ന് ഒഴിവാക്കിയിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന ആവശ്യം സംവിധായകന്‍ ആഷിഖ് അബു ഉന്നയിച്ച് കഴിഞ്ഞു. കൊച്ചിയിലുള്ള പുതുതലമുറ സിനിമാക്കാരുടെ അടക്കം പിന്തുണ ആഷിഖിനുണ്ട്. മന്ത്രി പി രാജീവ് അടക്കമുള്ള പാര്‍ട്ടി നേതാക്കളുമായി വര്‍ഷങ്ങളായുള്ള ബന്ധവുമുണ്ട്. അതുകൊണ്ട് അമ്മയിലെ പ്രശ്‌നം മാത്രമല്ല, ഫെഫ്കയിലെ കലാപങ്ങളും സര്‍ക്കാരിന് തൊല്ലയായി മാറിയിരിക്കുകയാണ്.
കോണ്‍ക്ലേവുണ്ടാകുമ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കോണ്‍ക്ലേവിന്റെ ചുമതല കെഎഫ്ഡിസിയെ ഏല്‍പ്പിച്ചതിനെതിരെ അക്കാദമി മുന്‍ ചെയര്‍മാന്‍ കമല്‍ രംഗത്തെത്തി. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലായിരിക്കണം കോണ്‍ക്ലേവെന്ന് അദ്ദേഹം വാദിക്കുന്നു. വേട്ടക്കാരെ വിളിച്ചുവരുത്തിയുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന് വിമന്‍ ഇന്‍ കളക്ടീവും വ്യക്തമാക്കി കഴിഞ്ഞു.
സിനിമാ മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് പൊതുസമൂഹത്തിന് ശക്തമായ എതിര്‍പ്പാണുള്ളത്. രഞ്ജിത് ഇന്ത്യ കണ്ട ഏറ്റവും വലിയ കലാകാരനാണെന്ന തള്ളൊക്കെ നടത്തിയാണ് മന്ത്രി അപഹാസ്യനായത്. സര്‍ക്കാരിന്റെ മുന്നിലുള്ള മറ്റൊരു കീറാമുട്ടിയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കസേര. രഞ്ജിത് രാജിവെച്ചതോടെ വനിത ആ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മുമ്പ് ഏറെ വിവാദങ്ങളുണ്ടാക്കിയ ബീനോ പോളിനെ അവിടേക്ക് കൊണ്ടുവരാന്‍ അണിയറനീക്കം നടക്കുന്നുണ്ട്. അതിനെതിരെ സംവിധായകന്‍ ഡോ. ബിജു എന്നിവരടക്കം രംഗത്തെത്തിക്കഴിഞ്ഞു. ബീനോ പോള്‍ ഫിലിംഫെസ്റ്റിവല്‍ ഡയറക്ടറായിരുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയില്‍ ഏകപക്ഷീയ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ എടുത്തിട്ടുള്ളതെന്ന ആക്ഷേപം ശക്തമാണ്. ഡിസംബറില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കാനിരിക്കെ എന്തൊക്കെ പുകിലുകളാകും ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല.
ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇത്രയും കാലം പൂഴ്ത്തിവച്ചത് ആരെ സംരക്ഷിക്കാനായിരുന്നെന്ന ചോദ്യമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം നല്‍കാവുന്ന വിവരങ്ങളില്‍ നിന്ന് പല ഖണ്ഡികകളും സര്‍ക്കാര്‍ എടുത്ത് മാറ്റി. അതും വിവാദമായിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ പോക്‌സോ കേസ് അടക്കം എടുക്കാവുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് ഇരകള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ കേസെടുക്കാതിരിക്കാനാകില്ല. എന്നാല്‍ അതുമായി മുന്നോട്ട് പോകണമെങ്കില്‍ ഇരകള്‍ മുന്നോട്ട് വരണം. അതിന് ആരൊക്കെ തയ്യാറാകുമെന്ന് കാത്തിരുന്ന് കാണാനേ കഴിയൂ.
എന്നാല്‍ അതീവഗുരുതരമായ കുറ്റകൃത്യങ്ങളുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും എന്നിപ്പോള്‍ പ്രവചിക്കാനാകില്ല. വീണ്ടും മൊഴി നല്‍കുന്നതിലെ ബുദ്ധിമുട്ട് പലരും സൂചിപ്പിച്ചു. ആ നിലയ്ക്ക് വേട്ടക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഒരുക്കിയ സംവിധാനമായി ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തപ്പെടും. ഖജനാവിലെ കോടിക്കണക്കിന് രൂപ മുടക്കി ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ പ്രയോജനം എന്താണെന്ന് ജനം ചോദിക്കുകയും ചെയ്യും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അതൊക്കെ വലിയ പ്രതിസന്ധികളായിരിക്കും സര്‍ക്കാരിന് മുന്നില്‍ സൃഷ്ടിക്കുക.