Protests | കണ്ണൂർ വിമാനത്താവള വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി; അദാനിക്കായി അണിയറ നീക്കമോ? പ്രതിഷേധവുമായി ഓഹരി ഉടമകൾ

 
Kannur Airport Annual General Meeting Online Amid Protests
Kannur Airport Annual General Meeting Online Amid Protests

Image Credit: Facebook / Sanjeev VJ

● 18000 ഓഹരി ഉടമകളിൽ 1000 പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ അവസരം 
● ആറ് പേർക്ക് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിച്ചത്.
● യോഗം നീണ്ടത് 27 മിനിറ്റ് മാത്രം 

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ കള്ളക്കളി തുടരുന്നത് ചില ഗൂഢലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണെന്ന ആരോപണം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഓഹരി ഉടമകളെ നിരന്തരം വഞ്ചിച്ചുകൊണ്ടു മുൻപോട്ടു പോകുന്ന വിമാനത്താവള കമ്പനിയും സർക്കാരും അദാനിയുടെ ആലയിൽ വിമാനത്താവളത്തെ കൊണ്ടുപോയി കെട്ടാനുള്ള അണിയറ നീക്കങ്ങളാണ് നടത്തുന്നതെന്നാണ് ആക്ഷേപം. വെടക്കാക്കി തനിക്കാക്കാൻ കാത്തു നിൽക്കുകയാണ് അദാനി ഉൾപ്പെടെയുള്ള കോർപറേറ്റ് കമ്പനികൾ. 

ഇതോടെ കണ്ണൂരിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ അന്താരാഷ്ട്ര വിമാനത്താവളം തിരുവനന്തപുരം പോലെ അദാനിയുടെ കൈയ്യിൽ എത്തിച്ചേരാൻ സാധ്യതയേറിയിട്ടുണ്ട്. വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി നൽകാതെ കേന്ദ്ര സർക്കാരും ഇതിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ശക്തമാണ്. ഇതിൻ്റെ ഭാഗമായാണ് വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ മെട്രോ നഗരമല്ലെന്ന തൊടുന്യായം പറയുന്നത്. വിദേശത്ത് വിയർപ്പു ചീന്തി തങ്ങളുടെ സമ്പാദ്യമെല്ലാം വിമാനതാവള ഓഹരിയെടുത്ത പ്രവാസികളാണ് പെരുവഴിയിലായത്. 

അനീതിക്കെതിരെ ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ നിസഹായരായി നിൽക്കുകയാണ് ഇവർ. ആരോട് പരാതി പറയേണ്ടതെന്ന് അറിയാതെ നട്ടം തിരിയുന്ന ഓഹരി ഉടമകളെ തുടർച്ചയായി വഞ്ചിക്കുകയാണ് വിമാനതാവള കമ്പിനിയായ കിയാൽ. ബഹുഭൂരിപക്ഷം ഓഹരി ഉടമകളെ പുറത്തു നിർത്തി കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൻ്റെ വാർഷിക പൊതുയോഗം കിയാൽ വിളിച്ചു ചേർത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെങ്കിലും സർക്കാർ ഇതുകണ്ടഭാവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

കേന്ദ്ര കോർപറേറ്റ് കമ്പനിക്ക് രേഖാമൂലം പരാതി നൽകിയ ഓഹരി ഉടമകളിൽ ഭൂരിഭാഗത്തിനുമാണ് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ അവസരം നൽകാതിരുന്നത്. ഓൺലൈൻ വാർഷിക പൊതുയോഗം ഓഫ് ലൈനായി വിളിച്ചു ചേർക്കണമെന്ന് കഴിഞ്ഞ ആഴ്ച കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ചേർന്ന ഓഹരി ഉടമകളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു പരിഗണിച്ചില്ലെന്നു മാത്രമല്ല സാങ്കേതിക തടസമില്ലാതെ ഓൺലൈൻ യോഗം നടത്താൻ പോലും കിയാലിന് കഴിഞ്ഞിട്ടില്ല. 

തങ്ങൾ വിയർപ്പൊഴുക്കിയ പണം നിക്ഷേപിച്ച വിമാനതാവള കമ്പനിയുടെ ഓൺലൈൻ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് ബഹുഭൂരിപക്ഷം ഓഹരി ഉടമകളും. ഇവരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് കഴിഞ്ഞ ദിവസം കിയാലിൻ്റെ വാർഷിക പൊതുയോഗം ഓൺലൈനായി  ചേർന്നത്. എന്നാൽ പങ്കെടുത്തവർക്ക് പോലും ചോദ്യങ്ങൾക്ക് അവസരമില്ലാതെ, യോഗം പ്രഹസനമായി മാറിയെന്ന വിമർശനമുയർന്നിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിന് പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഏകപ്രതീക്ഷ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുളള അനുമതി ലഭിക്കുക എന്നതാണെന്ന് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പോയിന്‍റ് ഓഫ് കോൾ പദവിക്ക് കേന്ദ്രവുമായി ചർച്ചയിലാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓഹരി ഉടമകളുടെ യോഗത്തിൽ അറിയിച്ചു. 

എന്നാൽ ഇതിനുള്ള സാദ്ധ്യത വളരെ വിദൂരമാണെന്ന് യോഗത്തിൽ പങ്കെടുത്തവർക്ക് മാത്രമല്ല ഈ നാട്ടിലെ ഏതു കൊച്ചുകുട്ടിക്കുമറിയാം. ഇത്തരം ആശങ്കകൾ പങ്കുവയ്ക്കാതെ ഓൺലൈനിൽ നടന്ന വാർഷിക പൊതുയോഗം ഇത്തവണയും വളരെ ചുരുങ്ങിയ സമയമാണ് നീണ്ടത്. 27 മിനിറ്റ് മാത്രം നീണ്ടുനിന്ന യോഗത്തിൽ ഓഹരി ഉടമകളുടെ സംഘടനാ പ്രതിനിധികളിൽ ഭുരിഭാഗം പേർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല. പതിനെട്ടായിരത്തോളം ഓഹരി ഉടമകളിൽ പരമാവധി 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം. അതിൽ ചോദ്യം ചോദിക്കാനായത് ആറ് പേർക്ക് മാത്രമാണ്. ഇതിൽ രണ്ട് പേർ വിമാനത്താവള ജീവനക്കാർ തന്നെയാണ്.

ഇതു തങ്ങളോട് കാണിച്ച കടുത്ത അനീതിയാണെന്ന് ഒരു വിഭാഗം ഓഹരി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. വിവരാകാശ നിയമം ബാധകമാക്കുന്നതിലും സിഎജി ഓഡിറ്റ് നടത്തുന്നതിലും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണുണ്ടായതെന്നും ആക്ഷേപമുണ്ട്. വാർഷിക പൊതുയോഗം ഓൺലൈൻ നടത്തുന്നതിന് എതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഓഹരി ഉടമകൾ പരാതി നൽകിയിരുന്നു. 

കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവിക്കായി പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ വിമാനതാവള കമ്പനിയുടെ ബാധ്യതയെ കുറിച്ചോ അഞ്ചു വർഷം പൂർത്തിയായിട്ടും ലാഭവിഹിതം നൽകുന്നതിനെ കുറിച്ചോ മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ലെന്ന് ഓഹരി ഉടമകൾ ആരോപിക്കുന്നു. കാലാവധി പൂർത്തിയാക്കിയ രണ്ട് ഡയറക്ടർമാർക്ക് പകരം പുതിയ ആളുകളെ നോമിനേറ്റ് ചെയ്യുന്നതിലും തീരുമാനമുണ്ടായില്ല. 

വിമാനതാവള കമ്പനിയുടെ ലാഭ നഷ്ടങ്ങൾ അടങ്ങിയ ബാലൻസ് ഷീറ്റും അടുത്ത കാലത്തായി നടത്തിയ നിയമനങ്ങളും യോഗത്തിൽ ചർച്ചയായില്ല. വരും ദിവസങ്ങളിൽ വിമാനതാവള കമ്പനിയുടെ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഓഹരി ഉടമകൾ പറയുമ്പോൾ അതു വഞ്ചനയ്ക്കെതിരെയുള്ള ചെറുത്ത് നിൽപ്പ് കൂടിയാണ്. വിമാനതാവള കമ്പനി സർക്കാരിൻ്റെതോ അതോ ലിമിറ്റഡ് കമ്പനിയുടെതാണോയെന്നു ഇനിയെങ്കിലും സർക്കാർ വ്യക്തമാക്കണമെന്നാണ് ആവശ്യം.

Protest


 #KannurAirport #AGM #Adani #ShareholderProtests #CorporateGovernance #FinancialTransparency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia