Controversy | എഡിഎമ്മിൻ്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ കുറിച്ച് ചോദിക്കേണ്ടത് പൊലീസിനോടാണെന്ന് കണ്ണൂർ കലക്ടർ


● 'വിവാദങ്ങൾക്ക് കലക്ടർ മറുപടി പറയേണ്ട കാര്യമില്ല'
● 'അവധി സംബന്ധിച്ചു സർക്കാർ തലത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ല'
● 'തനിക്ക് പറയാനുള്ള കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ട്'
കണ്ണൂർ: (KVARTHA) തൻ്റെ അവധി സംബന്ധിച്ചു സർക്കാർ തലത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ് മോർട്ടം സംബന്ധിച്ച കാര്യങ്ങൾ പൊലീസിനോടാണ് ചോദിക്കേണ്ടത്. ഇതു സംബന്ധിച്ച വിവാദങ്ങൾക്ക് കലക്ടർ മറുപടി പറയേണ്ട കാര്യമില്ല.

പൊതുസമൂഹത്തിൽ പറയാനുള്ള കാര്യങ്ങളുണ്ടാകും. എന്നാൽ അതിപ്പോൾ പറയാനാകില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. നവീൻ ബാബുവിൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകൾ പണം വാങ്ങിച്ചെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ഇതിനിടെ കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ലെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കലക്ടർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. ഇതോടെ കലക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല.
പി പി ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. എന്നാൽ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോൾ പ്രകാരം തന്നേക്കാൾ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുൺ കെ വിജയൻ എ ഗീതയ്ക്ക് നൽകിയിരുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് കൈമാറി. കഴിഞ്ഞ ദിവസം ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.
എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതാണെന്നാണ് ആരോപണം.
#KannurADMDeath #KeralaNews #BreakingNews #NaveenBabu #Corruption #Investigation