Legal Battle | എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ചപ്പോൾ കോടതിയിൽ നടന്നത് ഇങ്ങനെ
ADVERTISEMENT
● പി പി ദിവ്യയ്‌ക്കെതിരെ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചു.
● വ്യക്തിഹത്യയാണെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
● ദിവ്യയുടെ അഭിഭാഷകൻ നിരപരാധിത്വം അവകാശപ്പെട്ടു.
കണ്ണൂർ: (KVARTHA) മുൻ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തലശേരി പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക. പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രൊസിക്യൂഷൻ ഉന്നയിച്ചത്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടർന്നതിന് ശേഷമാണ് മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ 29 ലേക്ക് നീട്ടി വച്ചതായി പ്രഖ്യാപിച്ചത്. ഇതിനിടെ ദിവ്യയുടെ ജാമ്യ ഹരജി എതിർത്തുകൊണ്ട് സർക്കാർ അഭിഭാഷകൻ ശക്തമായി രംഗത്തുവന്നു.
ജീവനൊടുക്കിയത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യയാണ് മരണകാരണമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കലക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു.
അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കലക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല.
ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങൾ? ഉദ്യോഗസ്ഥർക്കെതിരെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങൾ പിന്നെ എന്തിനാണെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
ഇതിനിടെ നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ കോടതിയിൽ വാദിച്ചു. എഡിഎം തെറ്റുകാരനല്ല എങ്കില്‍, വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്? പൊതുചടങ്ങാണ് നടന്നത്. അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല. കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും, അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദിവ്യ സംസാരിച്ചത്. പരാതിക്കാരുടെ പരാതി കള്ളമാണോയെന്ന് തനിക്ക് അറിയില്ല. അത് അന്വേഷിക്കേണ്ടത് പൊലീസാണ്. ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായ യാതൊന്നും പറഞ്ഞിട്ടില്ല. ടിവി ഓഫ് ചെയ്യാന്‍ അമ്മ പറഞ്ഞാല്‍ കുട്ടി ഉടന്‍ ആത്മഹത്യ ചെയ്താല്‍ അമ്മയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാകുമോ?. ഇങ്ങനെയെങ്കില്‍ അഴിമതിക്കെതിരെ എന്തെങ്കിലും പറയാനാകുമോ?. എഡിഎമ്മിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് പറഞ്ഞത്. എഡിഎം സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വിഷമമുണ്ടാകേണ്ട കാര്യമില്ലെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
അഴിമതിക്കെതിരായ സന്ദേശമാകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ ദിവ്യ സംസാരിച്ചതെന്ന് പി പി ദിവ്യ യുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു..
സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിലേക്ക് വന്നത്. എന്നാല്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തിൽ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ യുടെ അഭിഭാഷകൻകോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. എൻഒസി വേഗത്തിലാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു.
പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്‌നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
#PPDivya #BailHearing #LegalDrama #KeralaPolitics #NavinBabu #CourtCase
