Criticism | ജയരാജൻ ജാവദേകറെ കണ്ടത് മുഖ്യമന്ത്രിയെ കേസുകളിൽ നിന്നും രക്ഷിക്കുന്നതിനാണെന്ന് കെ സുധാകരൻ
ജയരാജനും പാർട്ടിയിലെ ചിലരുമായി തെറ്റിയിട്ടുണ്ടെന്നും ജയരാജൻ ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സുധാകരൻ
കണ്ണൂർ: (KVARTHA) ഇ പി ജയരാജനെ എൽ.ഡി.എഫ് കൺവീനർസ്ഥാനത്തു നിന്നും നീക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം. ഇത് സി.പി.എമ്മിൻ്റെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം പി കണ്ണൂരിൽ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ബി.ജെ പിയോട് ലെയ്സൺ വർക്ക് നടത്തുകയായിരുന്നു ജയരാജൻ. ജയരാജൻ പ്രകാശ് ജാവദേകറെ കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി പുറത്തിറങ്ങി നടക്കുന്നത്. എല്ലാ ക്രിമിനൽ കേസുകളും ബാൻ ചെയ്യുകയാണ് ജയരാജനിലൂടെ ചെയ്തത്. എത്ര ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഖ്യമന്ത്രി എത്ര തവണ ജയിലിൽ പോകേണ്ടെതായിരുന്നു.
അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സെക്രട്ടറി കിടന്നതുപോലെ കിടക്കണ്ടേ. കള്ളം പൊളിഞ്ഞപ്പോൾ സി.പി.എം ജയരാജനെ ബലിയാടാക്കുകയായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇത്രയേറെ ക്രിമിനൽ കേസുകളിലും അഴിമതികളിലും പ്രതിയായ മുഖ്യമന്ത്രിയുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
ജയരാജൻ നേരത്തെ തൻ്റെ രാഷ്ട്രീയ ലൈൻ വ്യക്തമാക്കിയിരുന്നു. പ്രകാശ് ജാവദേകറെ കണ്ട കാര്യം താൻ നേരത്തെ പറഞ്ഞു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ വോട്ടു കുറഞ്ഞത് ജയരാജൻ്റെ ഇടപെടൽ കാരണമാണ്. ഇതെല്ലാം ജയരാജൻ്റെ ലെയ്സൺ വർക്കിൻ്റെ റിസൽട്ടാണ്. അതെല്ലാം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ജയരാജനും പാർട്ടിയിലെ ചിലരുമായി തെറ്റിയിട്ടുണ്ടെന്നും ജയരാജൻ ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.