Criticism | ഇസ്രാഈലിന്റെ ഇറാൻ ആക്രമണം പരാജയപ്പെട്ടോ? നെതന്യാഹു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രാജ്യത്തെ മാധ്യമങ്ങളും; കണ്ണിൽ പൊടിയിടാനെന്ന് കുറ്റപ്പെടുത്തൽ


● ഇസ്രാഈലിന്റെ ആക്രമണം പ്രതീക്ഷിച്ച ഫലം നൽകാതെ പരാജയപ്പെട്ടു.
● ഇറാന്റെ വ്യോമ പ്രതിരോധം പല ആക്രമണങ്ങളെയും തകർത്തു.
● നെതന്യാഹുവിൻ്റെ സഖ്യത്തിനുള്ളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്
ടെൽ അവീവ്: (KVARTHA) ശനിയാഴ്ച പുലർച്ചെ ഇറാനെതിരെ നടത്തിയ ആക്രമണം തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതായി ഇസ്രാഈലിൽ വിമർശനം. ആക്രമണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വ്യാപകമായ സംശയമാണ് രാജ്യത്തെ പ്രതിപക്ഷവും മാധ്യമങ്ങളും അടക്കം ഉയർത്തിയിരിക്കുന്നത്. ഈ ആക്രമണം പ്രതീക്ഷിച്ചത്ര ആഘാതം സൃഷ്ടിച്ചിട്ടില്ലെന്ന് കാൻ അടക്കമുള്ള ഇസ്രാഈലിലെ പ്രമുഖ മാധ്യമങ്ങൾ കുറ്റപ്പെടുത്തി.

ഇറാനെതിരെയുള്ള പരിമിതമായ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും നെതന്യാഹുവിന്റെ അനുയായികളെ തൃപ്തിപ്പെടുത്താനും ശക്തമായ നടപടികൾ സ്വീകരിച്ചു എന്ന തോന്നൽ നൽകാനുമാണ് ഈ നീക്കമെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ മിലിട്ടറി പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ മാധ്യമ പ്രവർത്തകനുമായ റാമി യിത്സാർ, ഇറാനെതിരായ ആക്രമണത്തെ 'പരിമിതവും ദുർബലവും' എന്നാണ് വിശേഷിപ്പിച്ചത്. ഇറാനെതിരെ താൻ എന്തെങ്കിലും ചെയ്തുവെന്ന് അനുയായികളെ കാണിക്കാനുള്ള നെതന്യാഹുവിൻ്റെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വലിയ വില നൽകേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രാജ്യത്ത് ഒറ്റരാത്രികൊണ്ട് ഉണ്ടായ നാശനഷ്ടങ്ങളേക്കാൾ വലിയ വില ഇറാന് നൽകേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് യാർ ലാപിഡ് പറഞ്ഞു. ഇറാനിലെ തന്ത്രപരവും സാമ്പത്തികവുമായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തേണ്ടതില്ലെന്ന തീരുമാനം തെറ്റായിരുന്നു. തിന്മയുടെ അച്ചുതണ്ടിന് ഇറാൻ നേതൃത്വം നൽകുന്നുവെന്നും കനത്ത വില നൽകണമെന്നും ലാപിഡ് എക്‌സിൽ കുറിച്ചു.
מברך את חיל האוויר שהוכיח שוב יכולות מבצעיות ברמה הגבוהה בעולם ואת העליונות האווירית שלו. אוייבי ישראל יודעים הבוקר שצה"ל חזק ויכול לתקוף בעוצמה ולהגיע לכל מקום.
— יאיר לפיד - Yair Lapid (@yairlapid) October 26, 2024
ההחלטה לא לתקוף מטרות איסטרטגיות וכלכליות באיראן היתה שגויה. היינו יכולים וצריכים לגבות מאיראן מחיר כבד בהרבה.
>>
പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ സഖ്യത്തിനുള്ളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇറാനിയൻ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നതിൽ പരാജയപ്പെടുന്നത് വരും തലമുറകൾക്ക് ഖേദമുണ്ടാക്കുമെന്ന് ലിക്കുഡ് പാർട്ടിയുടെ താലി ഗോട്‌ലീബ് അഭിപ്രായപ്പെട്ടു. ഇറാനിയൻ എണ്ണ ശേഖരത്തെ ആക്രമിക്കാതിരിക്കാനുള്ള തീരുമാനത്തെ 'ഗുരുതരമായ തെറ്റ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ആക്രമണങ്ങളെ ഇറാൻ്റെ വ്യോമ പ്രതിരോധം പരാജയപ്പെടുത്തി
ഇസ്രാഈൽ നടത്തിയ നിരവധി ആക്രമണങ്ങൾ ഇറാനിയൻ വ്യോമ പ്രതിരോധം തകർത്തതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടെഹ്‌റാൻ പ്രവിശ്യയിലെ നിരവധി സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രാഈൽ ആക്രമണം നടത്തിയെങ്കിലും ഇറാനിയൻ വ്യോമ പ്രതിരോധം മിക്കവയും തകർത്തുവെന്നാണ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
Iran's air defenses have successfully shot down adversarial targets in the airspace around Tehran province. pic.twitter.com/Kz9wFqLfWP
— IRNA News Agency (@IrnaEnglish) October 26, 2024
തിരിച്ചടിക്കരുതെന്ന് അഭ്യർഥിച്ചു
പരസ്പരമുള്ള ആക്രമണങ്ങൾ വലിയ സംഘട്ടനത്തിലേക്ക് നീങ്ങുന്നത് തടയാനായി, തിരിച്ചടിക്കരുതെന്ന് ഇസ്രാഈൽ ഇറാനോട് വ്യോമാക്രമണത്തിന് മുമ്പ് അറിയിപ്പ് നൽകിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്‌തു. ഡച്ച് വിദേശകാര്യ മന്ത്രി ഉൾപ്പെടെ നിരവധി മൂന്നാം കക്ഷികൾ വഴി ഇസ്രാഈൽ സന്ദേശം ഇറാനിലേക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ എന്താണ് ആക്രമിക്കാൻ പോകുന്നതെന്നും ഇസ്രാഈൽ ഇറാനിനോട് വ്യക്തമാക്കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇസ്രാഈൽ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, ടെഹ്‌റാൻ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രാഈൽ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് വരുത്തിയതെന്നും ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും സായുധ സേന അറിയിച്ചു. വൈകാതെ തന്നെ എല്ലാ വിമാന സർവീസുകളും സാധാരണ നിലയിൽ പുനരാരംഭിക്കുകയും ചെയ്‌തു. ഇത്തരമൊരു സാഹചര്യത്തിൽ ഇറാൻ തിരിച്ചടിക്കാൻ സാധ്യത കുറവാണെന്നും വിലയിരുത്തുന്നവരുണ്ട്.
#Israel #Iran #Netanyahu #MilitaryAction #Criticism #PoliticalStrategy