Verdict | മതംമാറ്റിയെന്ന കേസ്: കലീം സിദ്ദീഖി അടക്കമുള്ളവർക്കെതിരെയുള്ള കോടതി വിധി യുപിയിലെ വിവാദ മതപരിവർത്തന നിരോധന നിയമപ്രകാരത്തിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവം
● ജീവപര്യന്തം വിധിച്ചത് 12 പേർക്ക്
● 4 പേർക്ക് 10 വർഷം തടവ്
● ഒരാൾക്കെതിരെയുള്ള നടപടികൾ അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്
ലക്‌നൗ: (KVARTHA) കൂട്ട മതപരിവർത്തനം നടത്തിയെന്ന കേസിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്ലോബൽ പീസ് സെൻ്റർ അധ്യക്ഷനുമായിരുന്ന കലീം സിദ്ദിഖി ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തവും മറ്റ് നാല് പേർക്ക് 10 വർഷവും തടവ് വിധിച്ചതിലൂടെ 2020-21ൽ നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ വിവാദ നിയമം കൊണ്ടുവന്നതിന് ശേഷം സംസ്ഥാനത്ത് കൂട്ട മതപരിവർത്തന കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ സംഭവമായി മാറി.
2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിൻ്റെ മൂന്ന്, അഞ്ച്, എട്ട് വകുപ്പുകളും മതപരമായ കാരണങ്ങളാൽ വിദ്വേഷം വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) മറ്റ് വകുപ്പുകളും പ്രകാരമാണ് 16 പേരെ ശിക്ഷിച്ചിരിക്കുന്നത്. പശ്ചിമ യു പിയിലെ അറിയപ്പെടുന്ന മതപണ്ഡിതനായ കലീം സിദ്ദീഖി ഉൾപ്പെട്ടതിനാൽ ഈ കേസ് ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ ഡൽഹിയിലെ ഇസ്ലാമിക് ദഅവ സെൻ്റർ (ഐഡിസി) ഇന്ത്യ നടത്തിപ്പുകാരനും മതപ്രഭാഷകനുമായ മൗലാന ഉമർ ഗൗതവും ഉൾപ്പെടുന്നു. ഈ രണ്ടുപേരും ജോലി, പണം, വിവാഹം തുടങ്ങിയ പ്രലോഭനങ്ങളുപയോഗിച്ച് ആളുകളെ നിർബന്ധിതമായി ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്‌തുവെന്നാരോപിച്ച് 2021 ജൂണിൽ യുപി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഗൗതമിനെയും മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസ്മിയെയും ന്യൂഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്‌തതാണ് കേസ്.
ഫത്തേപൂരിലെ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ഗൗതം പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. 2021ൽ ഈ കേസിൽ ഇവരെ അറസ്റ്റ് ചെയ്ത യുപി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) സിദ്ദീഖി ‘മാസ്റ്റർ മൈൻഡ്’ ആണെന്നും ഗൗതം മതപരിവർത്തന 'സൂത്രധാരൻ' ആണെന്നും വിശേഷിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും മതംമാറ്റത്തിനായി ഇവർ 57 കോടി രൂപ സ്വീകരിച്ചെന്നും വിദ്യാഭ്യാസ സാമൂഹിക, മത സംഘടനകളുടെ നടത്തിപ്പിൻ്റെ മറവിൽ കൂട്ടമതപരിവർത്തനം നടത്തിയെന്നും എ ടി എസ് ആരോപിച്ചിരുന്നു. എന്നാൽ നിർബന്ധിതമോ നിയമവിരുദ്ധമോ ആയ മതപരിവർത്തനം നടത്തിയെന്ന ആരോപണങ്ങൾ ഇരുവരും ശക്തമായി നിഷേധിച്ചിരുന്നു.
അന്വേഷണത്തിൽ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള നിയമനടപടികളിൽ 17 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, ഇദ്രിസ് ഖുറേഷി എന്നയാൾക്കെതിരായ നടപടികൾ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസിൽ പ്രതിചേർക്കപ്പെട്ടവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഏഴ് പേർ (സിദ്ദിഖി, ഗൗതം, ഗൗതമിൻറെ മകൻ അബ്ദുല്ല ഉമർ ഉൾപ്പെടെ), മഹാരാഷ്ട്രയിൽ നിന്നുള്ള നാല് പേർ, ഡൽഹിയിൽ നിന്ന് മൂന്ന് പേർ, ഗുജറാത്ത്, ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്തർ എന്നിവരാണ് ഉൾപ്പെടുന്നത്.
അതേസമയം, "വിധിയെ അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് സിദ്ദിഖിയുടെയും മറ്റ് മൂന്ന് പേരുടെയും അഭിഭാഷകൻ മുഫ്തി ഒസാമ നദ്‌വി പറഞ്ഞു. അതിനിടെ കോടതിവിധിയിൽ പ്രതികരണവുമായി ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ്-ഇ-മുശാവറ രംഗത്തെത്തി. കലീം സിദ്ദിഖി, ഡോ. ഉമർ ഗൗതം എന്നിവർക്ക് വിധിച്ച കർശന ശിക്ഷകൾ തെറ്റാണെന്നും ഇത് നിയമത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഗുരുതരമായ ദുരുപയോഗമാണെന്നും ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ്-ഇ-മുശാവറ മേധാവിയും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ ഡോ. സഫറുൽ-ഇസ്ലാം ഖാൻ പറഞ്ഞു.
ഇസ്ലാം മതത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനാണ് ഇവർ ശ്രമിച്ചത്. തങ്ങളുടെ പ്രവർത്തനത്തിന്
വിദേശത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം സ്വീകരിച്ചാൽ അതിൽ തെറ്റൊന്നുമില്ല. ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർ വിദേശത്തു നിന്ന് തങ്ങളുടെ വിശ്വാസങ്ങളെയും പദ്ധതികളെയും പ്രചരിപ്പിക്കാൻ സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നും ഡോ. സഫറുൽ ഇസ്ലാം ഖാൻ കൂട്ടിച്ചേർത്തു.
#ForcedConversions, #KaleemSiddiqui, #UttarPradesh, #LifeSentence, #LegalAction, #ReligiousControversy