Controversy | താരസംഘടന 'അമ്മ'യെ തകർക്കാൻ ബോധപൂർവം ശ്രമമോ, പിന്നിൽ ആരുടെയെങ്കിലും അജണ്ടയുണ്ടോ? ശരിക്കും സംഭവിച്ചത്!
* ചില നടന്മാരുടെ പെരുമാറ്റം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) പണ്ട് മുഖ്യമന്ത്രിയായിരുന്ന ഒരാൾ പറഞ്ഞിരുന്നു പെണ്ണ് ഉള്ളിടത്ത് പെൺവാണിഭവും ഉണ്ടാകുമെന്ന്. അതു സത്യമാകുന്നു എന്നതാണ് ഇപ്പോൾ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രസംഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഇത് പറഞ്ഞത്. അദ്ദേഹം അന്ന് ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലായിരുന്നു. വളരെ ശുദ്ധമനസ്ക്കനും ജനകീയനുമായിരുന്നു അദ്ദേഹം. ജനങ്ങൾക്കും അതിൽ നല്ല ബോധ്യമുണ്ട്. ഒരിക്കൽ പോലും മോശപ്പെട്ട ഒരു ആരോപണം പോലും വരാത്ത കേരള ജനത ഇന്നും ഏറെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ആളാണ് നായനാർ.
എന്നിട്ട് പോലും അന്ന് അദ്ദേഹം ഇങ്ങനെ ഒരു വാചകം പറഞ്ഞപ്പോൾ എന്തൊക്കെ പ്രതിഷേധങ്ങളായിരുന്നു നായനാർക്കെതിരെ അലയടിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ പാർട്ടിയിൽ മാത്രമല്ല അദ്ദേഹത്തിൻ്റെ പ്രസ്താവനയ്ക്കതിരെ പ്രതിഷേധം നടത്തിയ ആളുകളുടെ പാർട്ടിയിൽ പോലും പീഡനവീരന്മാരുടെ എണ്ണം ഏറുന്നു എന്നതാണ് സത്യം. മാത്രമല്ല അത് രാഷ്ട്രീയത്തിന് അപ്പുറം സിനിമ ഉൾപ്പെടെ സമസ്തമേഖലയിലും വ്യാപിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ഇപ്പോൾ പുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിവാക്കുന്ന നഗ്നമായ സത്യവും അതാണ്. അതുകൊണ്ട് തന്നെ നായനാർ എന്ന പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി എല്ലാം കണ്ട് മുകളിൽ ഇരുന്ന് ഉറക്കെ ചിരിക്കുന്നുണ്ടാകും.
ഇന്ന് മലയാള സിനിമ മേഖലയിൽ നിന്ന് ഒരോ ദിവസവും പുറത്തുവരുന്നത് വളരെ നാണംകെട്ട വിഷയങ്ങളാണ്. നാം ആരാധിച്ചിരുന്ന പല താരങ്ങളുടെയും പൊയ് മുഖം അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതിൽ ജൂനിയർ താരങ്ങളെന്നോ സീനിയർ ജൂനിയർ താരങ്ങളെന്നോ സൂപ്പർ താരങ്ങളെന്നോ വ്യത്യാസമില്ല. ഒരിക്കൽ സിനിമ താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയെന്ന് പറഞ്ഞ് വളരെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച സംഘടനയാണ് അമ്മയെന്ന താരസംഘടന. അവിടെ പുരുഷ താരങ്ങൾ ആണ് രാജ്യവും ശക്തിയും മഹത്വവും എല്ലാം. ഇവിടെ സ്ത്രീ താരങ്ങൾ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നു പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ട്.
ഇത്രേം പെണ്ണുങ്ങൾ നിര നിരയായി കൊല്ലങ്ങൾ മുൻപുള്ള പീഡനം ഇപ്പോൾ വിളിച്ചു പറയുമ്പോൾ സ്വഭാവികം ആയും തോന്നാം അരുടെയോ അജണ്ട ഇതിനുപിന്നിൽ ഇല്ലേ എന്ന്. അമ്മയെന്ന സംഘടനയെ തകർക്കാൻ ആരോ മനഃപൂർവം നീക്കം നടത്തുന്നതുപോലെയും തോന്നുക സ്വഭാവികം. എന്നാൽ ഒരുകാലത്ത് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഒരു സ്ത്രീ തുറന്നു പറഞ്ഞാൽ അവരുടെ ഭാവിയെ തന്നെ ആകുമായിരുന്നു അത് ബാധിക്കുക. അവർക്ക് ജോലി ഇല്ലാതാകും, വരുമാനം നഷ്ടപ്പെടും. മാത്രമല്ല, സാമൂഹ്യമധ്യത്തിൽ വേട്ടക്കാർ ഇവരെ അപമാനിക്കാൻ എന്ത് കുതന്ത്രം വേണമെങ്കിലും മെനയുമായിരുന്നു.
സിനിമ മേഖലയിൽ എതിർശബ്ദം ഉയർത്താൻ കഴിയാത്തവർക്ക് ഒരു ശബ്ദമായിട്ടാണ് ഹേമ കമ്മീഷൻ ഉണ്ടായത്. അത് ഒരുപരിധിവരെ ഇപ്പോൾ ശരിയുമായിരിക്കുന്നു. ഇതിൻ്റെ തുടക്കം എന്നായിരുന്നു എന്ന് കൂടി ഒന്ന് മനസ്സിലാക്കണം. നിലവിലുള്ള കേസിന്റെ തുടക്കം എന്തായിരുന്നുവെന്നു ജനങ്ങൾക്ക് അറിവുള്ളതാണ്. നിലവിലുണ്ടായിരുന്ന സംഘടയെ തകർക്കാനൊന്നും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നായിരുന്നു ഇതെന്ന് ഒരിക്കലും തോന്നുന്നില്ല. സംഘടനയിൽനിന്നും നീതി കിട്ടുമെന്ന വിശ്വാസം നഷ്ടപ്പെട്ടപ്പോൾ സ്ത്രീകളുടെ ഒരു സംഘടന ഉണ്ടാക്കി എന്നതല്ലേ ശരി?.
മുൻപ് ഒരു നടി പീഡിപ്പിക്കപ്പെട്ടപ്പോൾ ആ നടി തൻ്റെ പീഡന വിവരം ലോകത്തെ അറിയിച്ചിട്ട് പോലും അവരുടെ ഒപ്പം നിലകൊള്ളുന്ന നിലപാട് ആയിരുന്നില്ല അമ്മയിലെ ഭൂരിപക്ഷം നടന്മാരുടെയും ഭാഗത്തു നിന്ന് ഉണ്ടായത്. ഇതിന് പിന്നിൽ കയ്യുണ്ടെന്ന് ആരോപിക്കപ്പെട്ട കുറ്റാരോപിതനായ നടനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാട് ആയിരുന്നു അമ്മയെന്ന സംഘടനയിലെ ഭൂരിപക്ഷം നടന്മാരും സ്വീകരിച്ചത്. ചുരുക്കം ചില വനിതാ താരങ്ങളും ഇവരെ പിന്തുണച്ചു. എന്നാൽ പല സീനിയറായ വനിതാ താരങ്ങളും പീഡിപ്പിക്കപ്പെട്ട നടിയ്ക്കൊപ്പം നിലകൊണ്ട് പ്രതിഷേധം ഉയർന്നപ്പോൾ മാത്രം കുറ്റാരോപീതനായ നടനെ അമ്മയെന്ന സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
മനസ്സിലാ മനസോടെ നിവൃത്തിയില്ലാതെ ആയിരുന്നു അമ്മയുടെ അന്നത്തെ ഭാരവാഹികൾ ഈ നടനെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. എന്നിട്ടും ആ നടന് ഇവിടെ സിനിമ ഇല്ലാതെ ഒന്നും വന്നില്ല. പല സിനിമകളും അദ്ദേഹത്തിൻ്റേതായി ഇവിടെ പുറത്തു വന്നിരുന്നു. സിനിമ മേഖലയിലെ പലരും ഇദ്ദേഹം തിരിച്ചു വരാൻ ആഗ്രഹിച്ചു. സംഘടനയിൽ ഇല്ലാത്ത ഈ നടന് പുറമേ നിന്നു പിന്തുണ കൊടുത്തു. പക്ഷേ, ജനം പഴയ പോലെ ഈ നടൻ്റെ സിനിമകളെ ഏറ്റെടുക്കാഞ്ഞതുകൊണ്ട് പല സിനിമകളും പരാജയപ്പെടുന്നതാണ് പിന്നീട് കണ്ടത്. നടിയെ പീഡിപ്പിച്ചതിൻ്റെ പേരിൽ കുറ്റാരോപിതനായ നടൻ അറസ്റ്റിൽ ആയപ്പോഴും ജയിലിൽ കഴിഞ്ഞപ്പോഴും അവിടെ പോയി കാണാൻ താല്പര്യമെടുത്ത പലരും ആണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുറ്റാരോപിതർ ആയിരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം.
അതിൽ നിന്ന് ഒന്ന് നാം മനസിലാക്കേണ്ടത് അമ്മയിൽ നിന്ന് പുറത്താക്കിയിട്ടും ഈ നടൻ പുറത്ത് സംഘടയ്ക്ക് അകത്തുനിന്നതിനെക്കാൾ ശക്തനാണെന്ന് വേണം. സൂപ്പർതാരങ്ങൾ പോലും ഈ നടനെ രഹസ്യമായി പുറത്തു നിന്ന് പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതൊക്കെ തന്നെയാണ് അമ്മയെന്ന താരസംഘടനയുടെ ഈ അവസ്ഥയ്ക്ക് കാരണവും. ഈ നടൻ്റെ സ്ഥാനത്ത് ഒരു നടി ആയിരുന്നുവെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു. അവരെ എല്ലാവരും കൂടി നശിപ്പിച്ച് നാണംകെടുത്തിയേനെ. നടി ഇവിടെ പീഡിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്രീക്കാരുടെ കൂടുതൽ പിന്തുണയും നടനൊപ്പമായിരുന്നു. നടിയ്ക്കൊപ്പം നിന്നത് അന്ന് തൃക്കാക്കര എംഎൽഎ ആയിരുന്ന പി ടി തോമസ് മാത്രം.
അമ്മ എന്ന പേര് ആരുടെ സൃഷ്ടിയാണെങ്കിലും അമ്മയെ അറിയാത്തവരുടെ സംഘടനയായി അത് മാറിയിരിക്കുന്നുവെന്നതാണ് എല്ലാവർക്കും ബോധ്യമാകുന്നത്. അമ്മയിൽ വന്നാൽ അമ്മയാക്കും എന്ന ചിന്താഗതി ഒഴിവാക്കിയാൽ അത്തരം ചിന്താഗതിക്കാരെ ഒഴിവാക്കിയാൽ സംഘടന നന്നാവും. എല്ലാ നടന്മാരെയും കുറ്റക്കാർ ആയി കാണാൻ പാടില്ല. അങ്ങനെ സാധിക്കുകയുമില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അത് ആരായാലും. ഹേമ കമ്മീഷൻ റിപ്പോർട്ട് നല്ലത് ആണ് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. അമ്മയിൽ നല്ലവരും ഉണ്ട്. ഈ അപവാദങ്ങളൊന്നും അവരെയും ഭാവിയിൽ ബാധിക്കാൻ ഇടവരരുത്. സാമൂഹ്യ സംസ്കാര മനുഷ്യ നന്മ കാണാത്ത, സ്വർത്ഥ അധികാര പ്രമാണിത്വ ആർത്തിയുടെ, സംസ്കാര ശൂന്യരുടെ മൂല്യ ധാർമിക ബോധമില്ലാത്ത ഒരു പ്രസ്ഥാനത്തിനും കാലത്തിന്റെ മുന്നിൽ നിലനിൽപ്പ് ഉണ്ടാകില്ല എന്നത് ഈ അവസരത്തിൽ എല്ലാ സംഘടനകളും മനസ്സിലാക്കേണ്ടത്. അമ്മ തകർന്നാൽ അതിന് കാരണക്കാർ അതിൻ്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ തന്നെയാവും. അല്ലാതെ മറ്റാരെയും ഈ വിഷയത്തിൽ പഴിച്ചിട്ട് കാര്യമില്ല.