Environment | രാജ്യത്തെ നഗര മാലിന്യം നദികളിലേക്ക് ഒഴുക്കുന്നത് ആഗോള പ്രശ്‌നമായി മാറിയതെങ്ങനെ?


തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി മരിച്ചത് അടുത്തതാണ്. ഇക്കൊല്ലം ഫെബ്രുവരി മുതല്‍ ജൂലൈ 23 വരെ 43 ശുചീകരണ തൊഴിലാളികളാണ് ജോലിക്കിടെ മരിച്ചതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു
അർണവ് അനിത
(KVARTHA) പതിറ്റാണ്ടുകളായി രാജ്യമെമ്പാടും മാലിന്യങ്ങള്‍ ശാസ്ത്രീയമായും കൃത്യമായും സംസ്‌കരിക്കാതിരിക്കുന്നത് ആഗോളപ്രശ്‌നമായി മാറിയെന്ന് പഠനം. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്ന കാര്യങ്ങളിലൊന്നായി ഇന്ത്യ മാറി. മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യമാണ് രാജ്യത്തെ ഏറ്റവും വലിയ പാരിസ്ഥിത പ്രശ്‌നം. നഗരമാലിന്യങ്ങള്‍ ഡ്രയ്‌നേജിലൂടെ നദികളിലേക്കാണ് ഒഴുക്കുന്നത്. തരംതിരിക്കാത്ത മാലിന്യങ്ങള്‍ പലയിടങ്ങളിലും കുന്നുകൂടിക്കിടക്കുകയാണ്.
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി മരിച്ചത് അടുത്തതാണ്. ഇക്കൊല്ലം ഫെബ്രുവരി മുതല്‍ ജൂലൈ 23 വരെ 43 ശുചീകരണ തൊഴിലാളികളാണ് ജോലിക്കിടെ മരിച്ചതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സുരക്ഷാ ഉപകരണങ്ങളോ, യന്ത്രങ്ങളുടെ സഹായമോ ഇല്ലാതെയാണ് ഈ തൊഴിലാളികളെല്ലാം ജോലി ചെയ്തിരുന്നത്.
കേന്ദ്രബജറ്റില്‍ ഇവരുടെ ക്ഷേമത്തിനുള്ള യാതൊരു പദ്ധതിയോ, പരാമര്‍ശങ്ങളോ ഇല്ല. ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ അതിജീവനത്തിനായി രാജ്യത്തെ വിശാലമായ നദീതടങ്ങളെ ആശ്രയിക്കുന്നു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ലോകത്തിലെ അതുല്യമായ ജലജീവികളുടെയും സസ്യങ്ങളുടെയും 18% സംരക്ഷിക്കുന്നത് ഇന്ത്യയിലെ നദികളാണ്.
ഇന്ത്യയിലെ 603 നദികളില്‍ പകുതിയിലധികവും മലിനമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2022-ല്‍ കണ്ടെത്തി. ഈ മലിനീകരണം പൊതുജനാരോഗ്യത്തിനും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല ജലസ്രോതസ്സുകളിലേക്കു മാലിന്യം ഒഴുക്കുന്നത് ആഗോള പ്രശ്‌നമായി മാറുന്നു. ഇന്ത്യയിലെ മുനിസിപ്പല്‍ ഖരമാലിന്യം ലോകത്തിലെ നദികളിലേക്ക് 10 ശതമാനം മാലിന്യം ഒഴുക്കുന്നെന്നാണ് 2020ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസിലെ ഗവേഷകര്‍ നടത്തിയ പഠനം കണക്കാക്കുന്നു.
ഖരമാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തത് ഇന്ത്യയിലാണെന്ന് ഒന്നിലധികം പഠനങ്ങള്‍ പറയുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് റിസര്‍ച്ച് അസോസിയേറ്റ് ശ്രോതിക് ബോസ് പറഞ്ഞു. ഗംഗാ നദി ശുചീകരിക്കാന്‍ മാത്രം 13,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെങ്കിലും ശ്രമങ്ങള്‍ ഏറെക്കുറെ പാഴായി. ഗംഗയുടെ തീരത്തുള്ള 70% നഗരങ്ങളും മാലിന്യങ്ങള്‍ നേരിട്ട് നദിയിലേക്ക് തള്ളുന്നെന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ 2019ല്‍ വിലയിരുത്തിയിരുന്നു. ഈ നഗരങ്ങളിലൊന്നും മാലിന്യപ്ലാന്റുകളില്ലായിരുന്നു.
മലിനജല സംസ്‌കരണ പ്ലാന്റുകളുടെ അഭാവവും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുടെ അഭാവവും കാരണം 38,000 ദശലക്ഷം ലിറ്റര്‍ മലിനജലം രാജ്യത്തെ നദികളിലേക്ക് ഒഴുക്കുന്നു. ലോകത്ത് സംസ്‌കരിക്കാതെ കിടക്കുന്ന മുനിസിപ്പല്‍ മാലിന്യത്തിന്റെ 17% ഇന്ത്യയിലാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ് പഠനം പറയുന്നു. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലെങ്കില്‍, രാജ്യത്തെ നദികളിലേക്ക് ഒഴുക്കുന്ന മാലിന്യത്തിന്റെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
മുനിസിപ്പല്‍ ഖരമാലിന്യ നിര്‍മാര്‍ജനത്തിനായി അനുയോജ്യമായ ചട്ടക്കൂടുകളുള്ള ഒരു ആഗോള ഉടമ്പടി സ്ഥാപിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. ഇത് രാജ്യങ്ങള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. മാലിന്യം കൊണ്ടുപോകുമ്പോഴുള്ള അപകടസാധ്യതയും കുറയ്ക്കുന്നെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക അഡ്രിയാന ഗോമസ് സനാബ്രിയ പറഞ്ഞു. 2020-ല്‍ 78 ദശലക്ഷം ടണ്‍ സംസ്‌കരിക്കാത്ത മുനിസിപ്പല്‍ മാലിന്യം നദികളിലേക്ക് ഒഴുക്കിയെന്ന് പഠനം പറയുന്നു.
ഇന്ത്യ, ആഫ്രിക്ക, ചൈന, ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍ ചേരുമ്പോള്‍ മാലിന്യത്തിന്റെ അളവ് 80% വരും. ഒഴുക്കിയ മാലിന്യത്തിന്റെ ഭൂരിഭാഗവും നഗരപ്രദേശങ്ങളില്‍ നിന്നാണ് (70%). ബാക്കിയുള്ളത് ഗ്രാമീണ മേഖലകളില്‍ നിന്നും. 'നിയന്ത്രണങ്ങളുടെയും നിയമം നടപ്പാക്കുന്നതിന്റെയും അഭാവം, മാലിന്യ ശേഖരണ നിരക്ക് കുറഞ്ഞത്, ഉയര്‍ന്ന ഗതാഗത ചെലവ്, വൈവിധ്യമാര്‍ന്ന മുനിസിപ്പല്‍ ഖരമാലിന്യ സാങ്കേതികവിദ്യകളുടെ അഭാവം എന്നിവയാണ് നദിയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.
പങ്കാളിത്ത സാമൂഹ്യ-സാമ്പത്തിക പാതകള്‍ ഭാവിയില്‍ മനുഷ്യരാശിക്ക് മികച്ച വികസനസാധ്യതകള്‍ക്ക് വഴിയൊരുക്കും. ഇന്ത്യ, ആഫ്രിക്ക, ചൈന, ദക്ഷിണേഷ്യ, ലാറ്റിനമേരിക്ക, കരീബിയന്‍ രാജ്യങ്ങളില്‍ ഇതിന് അനുകൂലമായ അന്തരീക്ഷം ഉള്ളതിനാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കും, കൂടാതെ 2030-ഓടെ കുന്ന്കൂടി കിടക്കുന്ന മുനിസിപ്പല്‍ ഖരമാലിന്യത്തില്‍ 88% സംകരിക്കാനും കഴിയും. സുസ്ഥിര മാലിന്യ സംസ്‌കരണ രീതികള്‍ വേഗത്തില്‍ നടപ്പാക്കാത്തതും മിതമായ സാമ്പത്തിക വികസനവും കാരണം ഏകദേശം 35 ദശലക്ഷം ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യം 2040-ല്‍ നദികളിലേക്ക് ഒഴുക്കേണ്ടിവരുന്ന വലിയ അപകടസാധ്യത നമുക്ക് മുന്നിലുണ്ട്.
കൂടാതെ 2040-ല്‍ നദികളില്‍ അടക്കം ഒഴുക്കുമെന്ന് പ്രതീക്ഷിക്കുന്ന മുനിസിപ്പല്‍ ഖരമാലിന്യത്തിന്റെ 95% ദക്ഷിണേഷ്യ , ചൈന, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായിരിക്കും. മൊത്തം ചോര്‍ച്ചയുടെ 55% ചൈനയില്‍ നിന്നും ദക്ഷിണേഷ്യയിയില്‍ നിന്നുമായിരിക്കും. 2025ല്‍ ജലപാതകളോട് ചേര്‍ന്ന് (1 കിലോമീറ്റര്‍ വരെ) താമസിക്കുന്ന ഗ്രാമീണ ജനസംഖ്യയുടെ വളര്‍ച്ച കാരണം ഇന്ത്യയും ചൈനയും നദികളിലേക്ക് മാലിന്യം തള്ളുന്നത് കൂടുമെന്ന് പഠന പദ്ധതികള്‍ പറയുന്നു.
ഇന്ത്യയില്‍ പ്രതിദിനം 1,52,245 മെട്രിക് ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു, അതില്‍ 75 ശതമാനവും സംസ്‌കരിക്കപ്പെടുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുനിസിപ്പല്‍ ഖരമാലിന്യത്തില്‍ പൊതുവെ ഗാര്‍ഹിക, വാണിജ്യ, ബയോമെഡിക്കല്‍, നിര്‍മ്മാണ, നശീകരണ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്നു. മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പറയുന്നു. മുനിസിപ്പല്‍ ഖരമാലിന്യത്തിന്റെ ഉയര്‍ന്ന അളവില്‍ വേര്‍തിരിക്കപ്പെടാത്ത ജൈവ വിഘടന ഘടകങ്ങളുണ്ട്, ഇത് കുറഞ്ഞ കലോറി മൂല്യമുള്ള മിശ്രിത മാലിന്യങ്ങള്‍ കൂടുന്നതിലേക്ക് നയിക്കുന്നു, ഇവ കത്തിച്ച് കളയാന്‍ കഴിയില്ല. അതുകൊണ്ട് കുഴിച്ചുമൂടുകയോ, കൂട്ടിയിടുകയോ ചെയ്യുന്നു.
'100% മാലിന്യങ്ങളും ഉറവിടത്തില്‍ വേര്‍തിരിക്കുക, വീടുതോറുമുള്ള ശേഖരണം, ശാസ്ത്രീയമായി കുഴിച്ചുമൂടുക, സുരക്ഷിതമായി സംസ്‌കരിക്കുക എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ എല്ലാ നഗരങ്ങള്‍ക്കും മാലിന്യ രഹിത പദവി കൈവരിക്കാം എന്ന ലക്ഷ്യത്തോടെ 2021-ല്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 ആരംഭിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ 2.0 ന്റെ മാനദണ്ഡങ്ങള്‍ കൃത്യസമയത്ത് കൈവരിക്കാന്‍ സാധ്യതയില്ല. കാരണം നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു.