Compensation | ട്രെയിനിലെ ബോൾട്ട് ഇളകിവീണ് കണ്ണിന് പരിക്കേറ്റു; യാത്രക്കാരന് 3.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
20 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് കമ്മീഷനിൽ പരാതി നൽകിയത്.
ന്യൂഡൽഹി: (KVARTHA) ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പിന്റെ ബോൾട്ട് ഇളകി വീണ് ഇടത് കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് യാത്രക്കാരന് 3.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേയോട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) നിർദേശിച്ചു.
മുമ്പ്, തെലങ്കാന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഒമ്പത് ശതമാനം പലിശയും 20,000 രൂപ കോടതി ചെലവും ഉൾപ്പെടെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേ ഈ വിധിയെ ചോദ്യം ചെയ്തതിനെ തുടർന്ന് എൻസിഡിആർസി നൽകേണ്ട നഷ്ടപരിഹാരം 3.2 ലക്ഷം രൂപയായി കുറച്ചു.
ഈ കേസിൽ റെയിൽവേ അപകടം - അസാധാരണ സംഭവങ്ങൾ (നഷ്ടപരിഹാരം) നിയമങ്ങൾ പ്രകാരം നൽകാവുന്ന പരമാവധി നഷ്ടപരിഹാരമാണിതെന്ന് എൻസിഡിആർസി അധ്യക്ഷൻ റാം സുരത്ത് റാം മൗര്യയും അംഗം ഭരത് കുമാർ പാണ്ഡ്യയും നിരീക്ഷിച്ചു.
പരാതിക്കാരനായ വെന്നപു പ്രസാദറാവു എന്നയാൾ ജന്മഭൂമി എക്‌സ്‌പ്രസ്സിൽ സെക്കന്ദരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇളകി നിന്നിരുന്ന ഒരു നട്ട് ബോൾട്ട് ഇടത് കണ്ണിൽ പതിച്ചത്. വെന്നപു തന്റെ പരിക്കിനും മാനസിക വേദനയ്ക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് സംസ്ഥാന കമ്മീഷനിൽ പരാതി നൽകിയത്.