Criticism | ലോക ദാരിദ്ര്യത്തിന്റെ മുള്‍ക്കിരീടം ഇന്ത്യയ്ക്ക് കിട്ടിയത് എങ്ങനെ?
● യുഎൻ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ദരിദ്രർ ഇന്ത്യയിലാണ്.
● തൊഴിലില്ലായ്മയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പ്രധാന കാരണങ്ങൾ.
● ചികിത്സാ ചെലവും വർധിച്ചത് ജനങ്ങളെ കടക്കെണിയിലാക്കുന്നു.
ദക്ഷാ മനു
(KVARTHA) ഇന്ത്യയില്‍ 234 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നുമുള്ള ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് വലിയ ചർച്ചയായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ 2024-ലെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോര്‍ട്ടില്‍ 112 രാജ്യങ്ങളിലെ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ ഉപയോഗിച്ചു തയ്യാറാക്കിയതാണ്.
താഴ്ന്ന വരുമാനമുള്ള 21 രാജ്യങ്ങള്‍, താഴ്ന്ന-ഇടത്തരം വരുമാനമുള്ള 47 രാജ്യങ്ങള്‍, ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള 40 രാജ്യങ്ങള്‍, ഉയര്‍ന്ന വരുമാനമുള്ള നാല് രാജ്യങ്ങളുമാണ് പഠനവിധേയമാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ അടക്കം 10 സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ കുടുംബത്തിനും വ്യക്തിക്കും ഒരു ദാരിദ്ര രൂപരേഖ തയ്യാറാക്കിയാണ് ബഹുമുഖ ദാരിദ്ര്യം അളക്കുന്നത്. 112 രാജ്യങ്ങളിലെ 6.3 ബില്യണ്‍ ജനങ്ങളില്‍ 1.1 ബില്യണ്‍ ആളുകള്‍, അല്ലെങ്കില്‍ 18.3% ജനത കടുത്ത ബഹുമുഖ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്നവരില്‍ പകുതിയിലധികവും കുട്ടികളാണ്.
പാക്കിസ്ഥാനില്‍, 93 ദശലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്, എത്യോപ്യയില്‍ 86 ദശലക്ഷവും നൈജീരിയയില്‍ 73 ദശലക്ഷവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 66 ദശലക്ഷവുമാണ്. ഇന്ത്യയ്ക്കൊപ്പം, ഈ അഞ്ച് രാജ്യങ്ങളിലെ ഏകദേശം പകുതിയോളം ജനം, അതായത് 1.1 ബില്യണ്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു (48.1%). ലോകത്തിലെ പകുതിയോളം ദരിദ്രര്‍ ഉപ-സഹാറന്‍ ആഫ്രിക്കയിലും (553 ദശലക്ഷം) മൂന്നിലൊന്ന് ദക്ഷിണേഷ്യയിലും (402 ദശലക്ഷം) താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 40% അല്ലെങ്കില്‍ 455 ദശലക്ഷം ആളുകള്‍ യുദ്ധവും അസ്ഥിരതയും നേരിടുന്ന രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്ന 218 ദശലക്ഷം ആളുകളും ദുര്‍ബലമോ സംഘര്‍ഷ ബാധിതമോ ആയ സാഹചര്യങ്ങളില്‍ 335 ദശലക്ഷം ജനങ്ങളും 375 ദശലക്ഷം വളരെ ദുര്‍ബല പ്രദേശങ്ങളിലോ സമാധാന അന്തരീക്ഷം ഇല്ലാത്ത രാജ്യങ്ങളിലോ ജീവിക്കുന്നവരും ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏതാണ്ട് 289 ദശലക്ഷം (25.1%) ജനം ഈ മൂന്ന് അവസ്ഥകളില്‍ രണ്ടോ അതിലധികമോ ദുരിതങ്ങള്‍ അനുഭവിക്കുന്നു, അതേസമയം 184 ദശലക്ഷം (16%) മൂന്നും അനുഭവിക്കുന്നു. യുദ്ധം ബാധിച്ച രാജ്യങ്ങളില്‍, മൊത്തത്തിലുള്ള ദാരിദ്ര്യ നിരക്ക് 34.8% ആണ്. സംഘര്‍ഷം അനുഭവിക്കാത്ത രാജ്യങ്ങളിലെ 10.9 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. ദുര്‍ബലവും സംഘര്‍ഷ ബാധിതവും സമാധാന അന്തരീക്ഷം ഇല്ലാത്തതും കാരണം ബഹുമുഖ ദാരിദ്ര്യം ചില രാജ്യങ്ങളില്‍ ഇരട്ടിയിലധികം ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സമീപകാലത്തായി പശ്ചിമേഷ്യയിലടക്കം സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും പെരുകുകയും ചെയ്തു. അപകടങ്ങളില്‍ പുതിയ തലങ്ങളിലെത്തി, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ജീവിതത്തിനും ഉപജീവനമാര്‍ഗത്തിനും വ്യാപകമായ തടസ്സമാണ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റര്‍ അക്കിം സ്റ്റെയ്നര്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദാരിദ്ര്യത്തില്‍ കഴിയുന്നവരെ ഫലപ്രദമായി സഹായിക്കുന്നതിനും ദാരിദ്രം തുടച്ചുനീക്കുന്നതിനും വര്‍ധിച്ച വിഭവങ്ങളും പ്രത്യേക വികസന, പുനരുദ്ധാരണ പദ്ധതികളും അവയിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതും അടിയന്തിര ആവശ്യമാണെന്ന് സ്റ്റെയ്നര്‍ പറഞ്ഞു.
ഇന്ത്യയില്‍ ദാരിദ്യം കൂടുന്നതിനുള്ള കാരണം തൊഴിലില്ലായ്മയും ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പവുമാണ്. പച്ചക്കറികളുടെ വില കഴിഞ്ഞ 14 മാസത്തെ റെക്കോഡ് നിലയില്‍ എത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടുന്നേയില്ലെന്നാണ് ആക്ഷേപം. കോര്‍പ്പറേറ്റ് അനുകൂല നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. നെല്ല് ഏറ്റെടുക്കാത്തതിനാല്‍ പഞ്ചാബില്‍ കര്‍ഷകര്‍ രണ്ടാഴ്ചയായി സമരത്തിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നേയില്ല. ഫലപ്രദമായ ഗോഡൗണ്‍ സംവിധാനമില്ലാത്തതാണ് പ്രധാനകാരണം. കര്‍ഷകര്‍ക്കൊപ്പം കയറ്റിറക്ക് തൊഴിലാളികളും മില്ലുടമകളും ഇടനിലക്കാരും സമരത്തിലാണ്. ഇത്തവണ പതിവില്‍ കൂടുതല്‍ വിളവാണ് നെല്‍കൃഷിയിലുണ്ടായിരിക്കുന്നത്. ഇത് മുതലെടുക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ചികിത്സാ ചെലവിനായി കടം വാങ്ങുന്നതും വായ്പയെടുക്കുന്നതും രാജ്യത്തെ സാധാരണക്കാരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതായി ദേശീയ ആരോഗ്യ അക്കൗണ്ട് റിപ്പോര്‍ട്ട് തന്നെ പറയുന്നു. ചികിത്സയുടെ 35 ശതമാനം തുകയും മരുന്നുകള്‍ക്കാണ് ചെലവിടുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ആസ്തമ ഉള്‍പ്പെടെയുള്ള എട്ട് അവശ്യമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചു. പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊടുക്കാനുള്ള നികുതി വിഹിതം പോലും കേന്ദ്രം കൃത്യമായി കൊടുക്കാറില്ലെന്നും വിവിധ മുഖ്യമന്ത്രിമാർ തന്നെ പരാതിപ്പെടുന്നു.
ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം പോലും വെട്ടിക്കുറയ്ക്കുകയും ചെയ്തു. എല്ലാ മേഖലകളിലും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേന്ദ്രം ഒരുക്കുന്നത്. അതുവഴി സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയും സാധാരണക്കാര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
#IndiaPoverty, #UNReport, #GlobalPoverty, #EconomicCrisis, #HealthcareCrisis