Diplomacy | ഇന്ത്യയോ ചൈനയോ? ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസ നായകെ നേരിടുന്ന ചോദ്യങ്ങൾ


● 13-ാം ഭേദഗതിയും ചൈനീസ് ഇടപെടലുകളും പ്രധാന വെല്ലുവിളികൾ
● സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടതുണ്ട്
നവോദിത്ത് ബാബു
(KVARTHA) ശ്രീലങ്കൻ പ്രസിഡൻ്റായ അനുര കുമാര ദിസനായകെ നേരിടുന്ന ചോദ്യങ്ങൾ വ്യാപകമായ ആശങ്കകൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിലുള്ള ബന്ധങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി, ഇക്കണോമിക് നയങ്ങൾ എന്നിവയെക്കുറിച്ച് ദിസനായകെയുടെ നിലപാടുകൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇടതുപക്ഷ സർക്കാരുകൾക്ക് മുൻപിലുള്ള വെല്ലുവിളികൾ, പ്രത്യേകിച്ച് ജെവിപി പോലെയുള്ള പാർട്ടികളുടെ എതിർവശങ്ങൾ, അനുര കുമാരന്റെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
സാമ്പത്തിക പ്രതിസന്ധി മാറാൻ പുതിയ നീക്കങ്ങൾ ആവശ്യമാണ്. ഇന്ത്യയും ചൈനയും തമ്മിൽ നേരിടുന്ന ആഘാതം, ഭാവിയിൽ ശ്രീലങ്കയുടെ സമാധാനവും വികസനവും ഉറപ്പാക്കാൻ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ ഒരറ്റത്തു കടലിലേക്ക് തൂങ്ങി നിൽക്കുന്ന ശ്രീലങ്ക ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ ആദ്യത്തെ ഇടതുപക്ഷസർക്കാർ അധികാരത്തിലേറിയതിൻ്റെ അനുരണനങ്ങൾ ഏറെ വീശിയടിച്ചതും ഇന്ത്യാ മഹാരാജ്യത്തിലാണ്. ശ്രീലങ്കൻ പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആദ്യം അഭിനന്ദനവുമായി എത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരുമാണെന്നത് ശ്രദ്ധേയമാണ്.
ഇടതുപാർട്ടികൾ ഭരിക്കുന്ന നേപ്പാളിനെപ്പോലെ തന്നെ ശ്രീലങ്കയിലെ പുതിയ ഭരണകൂടത്തോടും സമാധാനപരമായ സഹവർത്തിത്വത്തോടെ മുൻപോട്ടു പോകാനാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ ഭരണാധികാരികളും സർക്കാരും നൽകുന്നത്.
മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ. സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം.
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ തിളങ്ങുന്ന ജയം. തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 22 ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. ആകെ 75% പോളിംഗ് രേഖപ്പെടുത്തി.
2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നേരത്തെ ഉള്ള ഭരണാധികാരികൾ കൈകൊണ്ട സാമ്പത്തിക നയങ്ങളുടെ ഇരയായ രാജ്യത്തെ ദിസനായകെ എങ്ങനെ മുന്നോട്ട് നയിക്കുമെന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാഷ്ട്ങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ ഇതിന് ഒരു മറുവശവുമുണ്ട്. തീവ്ര ഇടതുപക്ഷക്കാരനായ ദിസനായകെ പ്രസിഡൻ്റായി എത്തുമ്പോൾ തങ്ങളോട് എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യം 'ഇന്ത്യൻ ഭരണകൂടത്തിനുണ്ട്.
ചരിത്രപരമായി തന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച പാർട്ടിയാണ് ജെവിപി. നിലവിൽ ശ്രീലങ്കയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിക്കുന്ന ആശങ്കകളെയെല്ലാം ജെവിപി നയപരമായി തന്നെ എതിർക്കുന്നുണ്ട്. 1987ൽ ഒപ്പുവെച്ച ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാഗമായ ശ്രീലങ്കൻ ഭരണഘടനയുടെ 13-ാം ഭേദഗതി (13A) സംബന്ധിച്ചും ഇന്ത്യയുടെ ആശങ്ക ഇനി അതേ നിലയിൽ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏതാണ്ട് ഇല്ലാതായെന്ന് തന്നെ വേണം വിലയിരുത്താൻ. ശ്രീലങ്കയുടെ കേന്ദ്ര അധികാരങ്ങൾ വിഭജിക്കുക, ഫെഡറലിസത്തിനും പ്രവിശ്യകളുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് പതിമൂന്നാം ഭേദഗതിയിലുള്ളത്.
ശ്രീലങ്കയിൽ നീതി, സമത്വം, സമാധാനം എന്നിവ ഉറപ്പാക്കുന്നതിന് ഈ ഭേദഗതി നടപ്പിലാക്കുന്നത് നിർണ്ണായകമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയത്തിൽ പ്രവിശ്യാ തിരഞ്ഞെടുപ്പ് നടത്താൻ പ്രതിജ്ഞാബദ്ധനാണെന്ന നിലപാട് മാത്രമാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അംഗീകരിച്ചത്. മറ്റുവിഷയങ്ങളിൽ പുതിയ ഭരണഘടനാ സാധ്യതകളെപ്പറ്റിയായിരുന്നു ദിസനായകെ ചൂണ്ടിക്കാണിച്ചത്.
തമിഴ് സ്വാധീനമുള്ള ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ഭൂവുടമകളുടെയും പോലീസിൻ്റെയും മേൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി സൃഷ്ടിച്ച ഭരണഘടനയുടെ 13-ാം ഭേദഗതിയെ തുടക്കം മുതൽ ജെവിപി എതിർത്തിരുന്നു. തമിഴർക്ക് അധികാരം വിഭജിക്കുന്നതിനെയും ഇവർ എതിർത്തിട്ടുണ്ട്.
1987ലെ ഇന്ത്യ-ലങ്ക കരാറിനെയും ജെവിപി എതിർത്തിരുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ കൂടുതൽ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന വ്യാപാരം സംബന്ധിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും (സിഇപിഎ) എതിരാണ് ജെവിപി. കച്ചത്തീവ് ദ്വീപ് ഇന്ത്യക്ക് തിരികെ നൽകാനുള്ള ശ്രമങ്ങളെയും ജെവിപി എതിർത്തിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബിജെപിയും കച്ചത്തീവ് വിഷയം തിരഞ്ഞെടുപ്പ് അജണ്ടയായി ഉയർത്തിക്കൊണ്ട് വരാൻ ശ്രമിച്ചിരുന്നു.
മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ തീവ്ര അഭിനിവേശം പുലർത്തുന്നതിനാൽ ഇന്ത്യയോടുള്ള സമീപനം പോലെയായിരിക്കില്ല ദിസനായകെയുടെ ചൈനയോടുള്ള അടുപ്പം. നിലവിൽ ശ്രീലങ്കയിലെ ചൈനീസ് ഇടപെടലുകളെ പ്രത്യയശാസ്ത്ര ആഭിമുഖ്യത്തിലൂടെ ശ്രീലങ്കയ്ക്ക് അനുകൂലമാക്കിയെടുക്കാൻ ദിസനായകെ പരിശ്രമിച്ചേക്കുമെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭാവിയിൽ അധികാരത്തിലെത്തുന്നവർക്ക് അന്താരാഷ്ട്ര നാണ്യ നിധിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടി വരുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.
2022ലെ ജനകീയ പ്രക്ഷോഭകാലത്ത് ഐഎംഎഫ് വ്യവസ്ഥകളെ എതിർത്തിരുന്ന ദസനായകെ ഇനി എന്ത് നിലപാട് ഈക്കാര്യത്തിൽസ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) കൂടിയാലോചിച്ച് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ ദിസനായകെ പ്രതികരിച്ചത് ഈ കാര്യത്തിൽ കടുകട്ടിയായ നിലപാടുകൾ സ്വീകരിക്കില്ലെന്ന വിലയിരുത്തലുമുണ്ടായിട്ടുണ്ട്. ശ്രീലങ്കയിൽ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നതാണ് ദിസനായകെയുടെ പ്രധാനവെല്ലുവിളി. പൊതുചെലവ് നിയന്ത്രിക്കുകയും പൊതുവരുമാനം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനഃസ്ഥാപിക്കാം എന്നവെല്ലുവിളിയാണ് പുതിയ പ്രസിഡൻ്റിനെ കാത്തിരിക്കുന്നതെന്ന് നിരവധി സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ശ്രീലങ്കയെ സംബന്ധിച്ച് സാമ്പത്തികമായി ഏറ്റവും ആശ്രയിക്കാവുന്ന രാജ്യം ഇന്ത്യയെക്കാൾ ചൈനയാണെന്നാണ് നിലവിലെ നിക്ഷേപപങ്കാളിത്തങ്ങൾ വ്യക്തമാക്കുന്നത്. മാർക്സിസ്റ്റ് പശ്ചാത്തലമുള്ള ആദ്യ ശ്രീലങ്കൻ പ്രസിഡൻ്റിനോട് ആശയപരമായ ഐക്യദാർഢ്യം കൂടി ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചാൽ ചൈന-ശ്രീലങ്ക ബന്ധം ദിസനായകെ കാലത്ത് കൂടുതൽ ശക്തിപ്പെടുമെന്നും നിരീക്ഷണങ്ങളുണ്ട്. പുതിയ രാഷ്ട്രീയ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ പ്രതിസന്ധികളെ മറികടക്കാനുള്ള കൈത്താങ്ങാകാൻ ചൈന രാഷ്ട്രീയമായി തീരുമാനിക്കുമോയെന്നതും നിർണ്ണായകമാണ്. ഇത് ഇന്ത്യാ-ശ്രീലങ്ക ബന്ധത്തിൽ എത്രമാത്രം കല്ലുകടിയുണ്ടാക്കുമെന്ന് എന്തായാലും കാത്തിരുന്ന് കാണേണ്ടതുണ്ട്.
ഇന്ത്യയിലെ തന്ത്രപരമായ ഭാഗങ്ങളിൽ അധിനിവേശം നടത്താനുള്ള ത്വരയും അക്രമാസക്തതയും എപ്പോഴും കാണിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യൻ മഹാസമുദ്രത്തിൽ അവർക്ക് ചില സ്ഥാപിത താൽപര്യങ്ങളുണ്ട്. അരുണാചൽ പ്രദേശിൻ്റെ അതിർത്തി പ്രദേശങ്ങളിൽ ബങ്കറുകൾ സ്ഥാപിച്ചാണ് അവർ ഇന്ത്യയെ വെല്ലുവിളിക്കുന്നത്. അതിന് സമാനമായി ശ്രീലങ്കയെ തങ്ങളുടെ സൈനികതാവളമാക്കാനും ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരെ ഒളിപ്പോര് നടത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ദുർബലമാക്കാൻ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് അയൽ രാജ്യമായ പാക്കിസ്ഥാന് ഫണ്ടും ആയുധങ്ങളും ഭീകരവാദികൾക്ക് പരിശീലനവും നൽകുന്നത് ചൈന തന്നെയാണ്.
വൻ സൈനിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ തളർത്തുകയെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അതിനുള്ള കോടാലികൈയ്യായി അവർ ശ്രീലങ്കയെയും ഉപയോഗിക്കുകയാണെങ്കിൽ ഉപഭൂഖണ്ഡത്തിൽ സംഘർഷഭരിതമായ സ്ഥിതിവിശേഷമുണ്ടാകും. നേപ്പാളിനെപ്പോലെ ഇരു രാജ്യങ്ങളോടും സമവായത്തിൽ മുൻപോട്ടു പോകുന്ന ഒരു സർക്കാരിന് മാത്രമേ ശ്രീലങ്കയിലും നിലനിൽപ്പുണ്ടാക്കുകയുള്ളൂ. ഇതു തിരിച്ചറിയാനുള്ള വിവേകം പുതിയ ശ്രീലങ്കൻ പ്രസിഡൻ്റ് കാണിക്കുമോയെന്ന ചോദ്യമാണ് അനുര കുമാര ദിസ നായകെയുടെ പുതിയ അധികാര പ്രാപ്തിയോടെ ഉയരുന്നത്.
#SriLanka #India #China #geopolitics #13thAmendment #economiccrisis