Bizarre | രാം ലീലയ്ക്കിടെ വേദിയില്‍ വെച്ച് പരസ്പരം 'തല്ലിത്തകര്‍ത്ത്' അഭിനയിച്ച് ശ്രീരാമനും രാവണനും; വൈറലായി വീഡിയോ

 
Actors playing Lord Ram and Ravana clash during Ramlila, video goes viral
Actors playing Lord Ram and Ravana clash during Ramlila, video goes viral

Photo Credit: Screenshot from a X Video by Sachin Gupta

● ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം.
● മുടി വലിക്കുകയും തള്ളി താഴെയിടുകയും ചെയ്തു.
● പ്രേക്ഷകരില്‍ ചിലര്‍ സ്റ്റേജിലെത്തി ഇടപെട്ടു.

ദില്ലി: (KVARTHA) ശനിയാഴ്ച ദസറ ദിനത്തില്‍ നടന്ന രാം ലീലയ്ക്കിടെ വേദിയില്‍ വെച്ച് പരസ്പരം 'തല്ലിത്തകര്‍ത്ത്' അഭിനയിച്ച് ശ്രീരാമന്റെയും രാവണന്റെയും വേഷങ്ങള്‍ ചെയ്യുന്ന അഭിനേതാക്കള്‍. നാടകമാണെന്ന് മറന്ന് ഇരുവരും തമ്മില്‍ ഒരു 'യഥാര്‍ത്ഥ ജീവിത' പോരാട്ടം നടത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ അംരോഹ (Amroha) ജില്ലയിലാണ് നാടകത്തിനിടെ രസകരമായ സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ സച്ചിന്‍ ഗുപ്ത എന്ന മാധ്യമപ്രവര്‍ത്തകന്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. 'യുപിയിലെ അംരോഹയില്‍ ഒരു രാംലീല പ്രകടനത്തിനിടെ രാമനും രാവണനും യഥാര്‍ത്ഥത്തില്‍ ഏറ്റുമുട്ടി. രാവണന്‍ രാമനെ തള്ളി. ആളുകള്‍ സ്റ്റേജിലെത്തി ഇടപെട്ടു,'- ഗുപ്ത ഹിന്ദിയില്‍ എഴുതി.

വൈറലായ ഈ വീഡിയോയില്‍, നാടകത്തിന്റെ ഭാഗമായി രാവണന് നേരെ അമ്പുകള്‍ എറിയുന്ന 'ഭഗവാനായ രാമനും' 'ലക്ഷ്മണനെയും' കാണിക്കുന്നു. രാമന്റെയും രാവണന്റെയും വേഷം ചെയ്യുന്ന രണ്ട് പുരുഷന്മാരാണ് ശരിക്കും പോരടിച്ചത്. പരസ്പരം കുത്തുകയും മുടി വലിക്കുകയും തള്ളി താഴെയിടുകയും ചെയ്തതോടെ രംഗം പന്തിയല്ലെന്ന് മനസ്സിലാക്കിയ പ്രേക്ഷകരില്‍ ചിലര്‍ സ്റ്റേജിലേക്ക് കയറി ഇടപെടുകയും ഇരുവരെയും പിടിച്ച് മാറ്റുകയുമായിരുന്നു. 

അതേസമയം, ദില്ലിയില്‍ രാം ലീല പരിപാടിക്കിടെ കുംഭകര്‍ണനായി വേഷമിട്ടയാള്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് മരിച്ചു. തെക്കന്‍ ദില്ലിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം. പശ്ചിം വിഹാര്‍ നിവാസിയായ വിക്രം തനേജ(60)യാണ് രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ വേഷം ചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹതിനായത്. 

എന്നാല്‍ കുംഭകര്‍ണ വേഷത്തിലായിരുന്നതിനാല്‍ ആദ്യം ആരും ശ്രദ്ധിച്ചില്ല. പിന്നീട് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ബോധരഹിതനാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ വിക്രമിനെ പ്രദേശത്തെ ആകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് പിഎസ്ആര്‍ഐ ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഹൃദയാഘാതം മൂലമാണ് തനേജ മരിച്ചതെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു. മാളവ്യ നഗറിലെ സാവിത്രി നഗറിലാണ് രാംലീല പരിപാടി നടന്നത്.

#ramleela, #viralvideo, #india, #fight, #drama, #festival



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia