Order | കെട്ടിട നിർമാണത്തിനായി കുന്നിൻചരിവുകളിലും കുത്തനെ ചരിവുള്ള പ്രദേശങ്ങളിലും മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം; സർക്കാർ ഉത്തരവിറങ്ങി; മുൻപ് നൽകിയ അനുമതികൾ എല്ലാം റദ്ദാക്കി
* കുന്നിൻചരിവുകളിൽ നിർമാണം നടത്തുന്നത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നുമാണ് ഹൈകോടതി വ്യക്തമാക്കിയത്
തിരുവനന്തപുരം: (KVARTHA) കെട്ടിട നിർമാണത്തിനായി സംസ്ഥാനത്തെ കുന്നിൻചരിവുകളിലും കുത്തനെ ചരിവുള്ള പ്രദേശങ്ങളിലും മണ്ണ് നീക്കം ചെയ്യുന്നതിന് താത്കാലിക നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ. കെ ഹരികുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കുന്നിൻചരിവുകളിൽ നിർമാണം നടത്തുന്നത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നുമാണ് ഹൈകോടതി വ്യക്തമാക്കിയത്.
മുൻപ്, കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഹാജരാക്കണമെന്നായിരുന്നു നിയമം. എന്നാൽ, ഹൈകോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഇനി മുതൽ ഇത്തരം പ്രദേശങ്ങളിൽ നിർമാണം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
ഉത്തരവ് പ്രകാരം, കുന്നിൻചരിവുകളിലും കുത്തനെ ചരിവുള്ള പ്രദേശങ്ങളിലും കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിലവിൽ നൽകിയിരുന്ന എല്ലാ അനുമതികളും താത്കാലികമായി റദ്ദാക്കി. പുതിയ അനുമതികൾ നൽകുന്നത് തുടർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
#Kerala #hillsideban #constructionban #environment #HighCourt #governmentorder