Conflict | ഇസ്രാഈലിനെതിരെ കര ആക്രമണത്തിന് തയ്യാറെന്ന് ഹിസ്ബുല്ല; ആദ്യമായി ലെബനൻ തലസ്ഥാനത്തും വ്യോമാക്രമണങ്ങൾ; സ്ഥിതി രൂക്ഷം
● 24 മണിക്കൂറിനിടെ ലെബനനിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ 105 മരണം
● യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ അടിയന്തര യോഗം ചേരുന്നു.
ബെയ്‌റൂട്ട്: (KVARTHA) വെള്ളിയാഴ്ച ഇസ്രാഈൽ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ ഉടൻ തിരഞ്ഞെടുക്കുമെന്ന് ഹിസ്ബുല്ലയുടെ ഉപനേതാവ് ശൈഖ് നഈം ഖാസിം പറഞ്ഞു. ഹിസ്ബുല്ല ഇസ്രാഈലിനെതിരെ കര ആക്രമണം നടത്താൻ തയ്യാറാണെന്നും ഇസ്രാഈലിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ പ്രസംഗത്തിനൊടുവിൽ ക്ഷമ പാലിക്കാൻ ശൈഖ് നഈം ഖാസിം ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ ലെബനനിലുടനീളം ഇസ്രാഈൽ വ്യോമാക്രമണം നടത്തി. ആദ്യമായി ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്തും ഇസ്രാഈൽ ആക്രമണം ഉണ്ടായിയെന്നതാണ് പ്രത്യേകത. 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്ത രക്തരൂക്ഷിതമായ 24 മണിക്കൂറിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ഡസൻ കണക്കിന് ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രാഈൽ പറയുമ്പോൾ, തെക്കൻ ലെബനൻ, ബെക്കാ വാലി, ബാൽബെക്ക്-ഹെർമൽ ഗവർണറേറ്റ്, ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും ബോംബാക്രമണം നടന്നതായി ലെബനൻ ഉദ്യോഗസ്ഥർ പറഞ്ഞു. ലെബനനിലെ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ 'കൂട്ടക്കൊല' എന്നാണ് വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച പുലർച്ചെ, ബെയ്‌റൂട്ടിലെ കോല പാലം പ്രദേശത്ത് ഇസ്രാഈൽ ആക്രമണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പരസ്പര ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം തലസ്ഥാന നഗര പരിധിക്കുള്ളിൽ ഇസ്രാഈൽ നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു ഇത്. മുമ്പ് ഇസ്രാഈൽ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിത താവളമായി കണ്ടിരുന്ന ലെബനൻ തലസ്ഥാനവും ഇപ്പോൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഭീതിയിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹിസ്ബുല്ലയുടെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിന് കനത്ത നാശനഷ്ടം വരുത്തിയ ഇസ്രാഈൽ ആക്രമണങ്ങൾക്കിടയിലും, സായുധ സംഘം ഞായറാഴ്ച ഇസ്രാഈലിനെതിരെ ആക്രമണം തുടർന്നു. ഹിസ്ബുല്ലയെ അതിർത്തിയിൽ നിന്ന് തുരത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സെപ്റ്റംബർ 23നാണ് ലെബനനെതിരെ ഇസ്രാഈൽ വലിയ രീതിയിൽ ബോംബാക്രമണങ്ങൾ ആരംഭിച്ചത്.
രാജ്യത്തുടനീളം ഇസ്രാഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലെബനനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ അടിയന്തര യോഗം ചേരുന്നുണ്ട്. ഇതിനിടെ, ഹസൻ നസ്രല്ലയുടെ കൊലപാതകത്തെത്തുടർന്ന് വലിയ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കിൽ ഇറാൻ പ്രതികരിക്കുമെന്ന് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
#Hezbollah, #HassanNasrallah, #Lebanon, #Israel, #MiddleEastConflict, #MilitaryLeadership