Tragedy | കല്ല് പോലും അവശേഷിക്കാതെ പോയ ഇടം! വയനാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ നാട്ടിൽ നിന്നുള്ള കുറിപ്പ് ശ്രദ്ധേയമായി
* ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.
* ദുരന്തത്തെ അതിജീവിക്കാൻ പോരാടുന്ന ജനങ്ങളുടെ മനസിലെ മുറിവുകളും, അവരുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും കുറിപ്പ് വിവരിക്കുന്നു.
കൽപറ്റ: (KVARTHA) വയനാട്ടിൽ ദാരുണ ദുരന്തത്തിനിരയായ ഗ്രാമത്തിൽ നിന്നുള്ള നൊമ്പരകരമായ കുറിപ്പ് ശ്രദ്ധേയമായി. ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞ ജീവിതങ്ങളെയും നഷ്ടപ്പെട്ട സ്വപ്നങ്ങളെയും പങ്കുവെച്ച ബശീർ ഫൈസി ദേശമംഗലത്തിന്റെ കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുത്തുകാരൻ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നഷ്ടപ്പെട്ട വീടുകൾ, നശിച്ച സ്കൂൾ, കല്ല് പോലും അവശേഷിക്കാതെ പോയ ക്ഷേത്രം... ഒക്കെയും ഓർമ്മകളുടെ കല്ലറകളായി മാറിയിരിക്കുന്നു. ദുരന്തത്തെ അതിജീവിക്കാൻ പോരാടുന്ന ജനങ്ങളുടെ മനസ്സിലെ മുറിവുകളും, അവരുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും കുറിപ്പ് വിവരിക്കുന്നു. സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്നു.
ദുരന്തബാധിതർക്ക് വീടുകൾ മാത്രമല്ല, ജീവിതം പുനർനിർമ്മിക്കാനുള്ള സാമ്പത്തിക സഹായവും അവസരങ്ങളും ആവശ്യമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ദുരന്തത്തെ മറികടന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ അചഞ്ചലമായ ആത്മവിശ്വാസത്തെക്കുറിച്ചും പരാമർശിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പെയ്യാൻ വെമ്പിയ കണ്ണീർ മേഘങ്ങൾ...
___________
മഴ മേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്ന ഇന്നലെയുടെ സായാഹ്നം സന്ധ്യയിലേക്ക് വഴിമാറുമ്പോഴാണ് അവിടെ എത്തിയത്.
പലവട്ടം Shafirudeen Papa സഫീർ വിളിച്ചത് കൊണ്ടാണ് മടിച്ചെങ്കിലും ആ ദുരന്ത ഭൂമിയിൽ ഇന്നലെ എത്തിയത്.
ദുരന്തം നടന്ന ആ രാത്രി മുതൽ പലവട്ടം അവൻ അങ്ങോട്ടൊന്നു വരണം കാര്യങ്ങൾ നേരിൽ അറിയണം എന്ന് പറഞ്ഞു കൊണ്ടിരുന്നു.
മുമ്പു പുത്തുമലയിൽ
ദുരന്തം ഉണ്ടായപ്പോൾ ഉപ്പ, ജേഷ്ഠൻ, പെങ്ങൾ, ജേഷ്ഠഭാര്യ,
എന്നിവരും, സന്തോഷം കളിയാടിയിരുന്ന വീടും
സ്വരൂകൂട്ടിയ എല്ലാം നഷ്ടപെട്ട കൂട്ടുകാരൻ ആണ് സഫീർ.
വെള്ളം നക്കിയെടുത്ത
ചൂരൽ മല എത്തും മുന്നേ
രണ്ടു പോലീസ് എയ്ഡ് പോസ്റ്റിലും വാഹനം തടഞ്ഞു.
സഫീർ ഇറങ്ങി കാര്യങ്ങൾ പറഞ്ഞു.
സമസ്തയുടെ പേര് പറഞ്ഞപ്പോൾ വാഹനം കടത്തിവിട്ടു.
ഏതോ പ്രേതാലയം പോലെ മണ്ണും ചെളിയും വന്നു തകർന്നു തരിപ്പണമായ ചൂരൽ മല അങ്ങാടി.
അവിടവിടെ കൂടി നിൽക്കുന്ന കുറച്ചു പേർ.
ഓരോരുത്തരുടെയും മുഖത്ത് നിർവ്വികാരത.
കൈകൊടുക്കുമ്പോൾ ഞാൻ പറഞ്ഞു:
'നിങ്ങടെ മുഖത്ത് നോക്കി ചിരിക്കാൻ പറ്റുന്നില്ല'
പക്ഷെ അത്ഭുതപ്പെടുത്തിയ മറുപടി ഉടൻ വന്നു:
'ഞങ്ങൾ ഒന്നുചിരിക്കാൻ നോക്കുകയാണ് ഉസ്താദേ...'
ശെരിയായിരുന്നു.
അവർ ആ സാഹചര്യത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു.
അവർ ചിരിച്ചു തുടങ്ങിയിരിക്കുന്നു.
നമ്മുടെ അഭിമാനമായ ഇന്ത്യൻ ആർമിയുടെ കഠിന പ്രയത്നത്തിന്റെ അടയാളമായി നിൽക്കുന്ന
ബൈലി പാലത്തിൽ കയറി മറുവശത്തു എത്തി.
കുറച്ചേറെ പേർ കൂടി നിൽക്കുന്നുണ്ട്.
അവർ ഓരോരുത്തരും അടുത്ത് വന്നു കൈചൂണ്ടി വെള്ളത്തിന്റെ സംഹാര പ്രഹരത്തിനു മുമ്പുള്ള ആ ഗ്രാമത്തിന്റെ 'കഥ' പറഞ്ഞു.
തൊട്ട് മുന്നിൽ 'ഉണ്ണിമാഷുടെ' സ്കൂൾ.
പാതി അവശേഷിച്ചു നാമാവശേഷമായി നില്കുന്നു.
കണ്ണീരായി വഴിമാറി ഒഴുകുന്ന പുഴ,
ഇപ്പുറത്തു നാട്ടുകാർ ഉത്സവം കണ്ട ക്ഷേത്രം. കല്ല് പോലും അവശേഷിക്കാതെ പോയ ഇടം.
പക്ഷെ,
കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലും,
ഉരുണ്ടെത്തിയ പാറക്കല്ലുകൾക്കും പിഴുതെടുക്കാൻ കഴിയാത്ത ആൽ മരം
ക്ഷേത്ര മുറ്റത് എല്ലാത്തിനും മൂക സാക്ഷിയായി നില്കുന്നുണ്ട്.
ആ ആൽ മരത്തിനൊരു നാവുണ്ടായിരുന്നെങ്കിൽ 40 ദിവസം മുന്നേ പാതിരാത്രിയിൽ ഒരു ഗ്രാമത്തിന്റെ എല്ലാ ആഹ്ലാദങ്ങളും കവർന്നെടുത്ത,
തന്റെ തണലിൽ കൊച്ചു തമാശകൾ പറഞ്ഞിരുന്ന മനുഷ്യരെ വരിഞ്ഞു മുറുക്കി കൊണ്ട് പോയ ആ രാത്രിയുടെ
കരാള ഭീകരതയെ കുറിച്ച് പറഞ്ഞു തരുമായിരുന്നു.
എല്ലാം കണ്ടും കേട്ടും ഉലഞ്ഞും ഒരു താപസനെ പോലെ മുണ്ടക്കയ് ഗിരി നിരകളുടെ ഉച്ചിയിലേക്ക് കണ്ണ് പായിച്ചു,
മലയിറങ്ങിവരുന്ന നേർത്ത തണുത്ത കാറ്റിൽ ശിഖരങ്ങളാട്ടി അവൻ നിൽക്കുന്നുണ്ട്.
വാർത്ത മാധ്യമങ്ങളിൽ കണ്ടതിന്റെയൊക്കെ എത്രയോ ഇരട്ടിയാണ് ആ മണ്ണിൽ കാണുന്നത്.
ഇടക്ക് വളരെ യാദൃശ്ചികമായി adv ഷമീർ കുന്നമംഗലം
Adv Shameer Kunnamangalam
വന്നു ചേർന്നു.
സമയം അഞ്ചര കഴിഞ്ഞു.
മുണ്ടക്കൈ,
പുഞ്ചിരി വെട്ടം ഭാഗത്തേക്ക് പോകാൻ നല്ല ആഗ്രഹം ഉണ്ട്.
പക്ഷെ,
പോലീസിന്റെ കർശന നിയന്ത്രണം ആണ്.
അതിനും കാരണം ഉണ്ട്.
ഭാഗികമായി
തകർന്ന വീടുകളിൽ കയറി അവശേഷിക്കുന്നവ അടിച്ചു മാറ്റിയ വിരുതന്മാർ തുടക്കത്തിൽ ഉണ്ടായത്രേ.
പിന്നീട് അവിടെ താമസിച്ചിരുന്നവർക്ക്
അവശേഷിച്ച സാധനങ്ങൾ എടുക്കാൻ
മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.
അതും വൈകുന്നേരം 5 മണിവരെ മാത്രം.
5 മണികഴിഞ്ഞാൽ അവിടെ കാവൽ ഉള്ള പോലീസുകാരും മലയിറങ്ങും.
കാരണം ഇപ്പോഴും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്.
വീണ്ടും ഒരു ഉരുൾ പൊട്ടലിനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.
സമയ പരിധിയും കഴിഞ്ഞു,
നമ്മൾ അവിടെ വീടുണ്ടായിരുന്നവരും അല്ല.
അതുകൊണ്ട് അങ്ങോട്ട് പോകാനുള്ള ആഗ്രഹം ബൈലി പാലത്തിന്റെയരികിൽ ഉപേക്ഷിച്ചു മടങ്ങാൻ ഒരുങ്ങി.
അപ്പോഴാണ് ആ മനുഷ്യൻ വന്നത്.
'ജെപി'എന്ന് നാട്ടുകാർ വിളിക്കുന്ന ജയപ്രകാശ്..!!
സഫീർ ഓടിച്ചെന്നു വിവരങ്ങൾ പറഞ്ഞു.
അദ്ദേഹം അവിടെയുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ അരികെ ചെന്ന് കുറെയേറെ സംസാരിക്കുന്നതു കണ്ടു.
ഒടുവിൽ സമ്മതം കിട്ടി.
മലയിറങ്ങിയ രണ്ടു പോലീസുകാർ വീണ്ടും ഞങ്ങൾക്ക് മാത്രമായി സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തു.
ഞങൾ വന്ന വാഹനത്തിന് അങ്ങോട്ട് പോകാൻ അനുമതിയില്ല.
ജയപ്രകാശ് ജീപ്പുമായി വന്നു.
ഞാനും ഷമീർ വക്കീലും മുന്നിൽ കയറി,
അന്തു ചാത്തോത്ത് പേരോട്
സഫീർ
Muhammed Uvais Yamani
Nazeer RM എന്നിവർ പിറകിൽ ഇരുന്നു.
ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്ക് ജീപ്പ് നിരങ്ങി നീങ്ങി.
സമയം
6 മണിയോട് അടുത്തു.
നേർത്ത മഴ..!
തേയിലക്കാടുകൾക്കിടയിലൂടെ മുകളിലേക്ക്.
'ജെപി'കുറച്ചു നേരം കൊണ്ട് കുറേയേറെ പറഞ്ഞു കൊണ്ടിരുന്നു.
ആ രാത്രി ഓടിയെത്തിയത് മുതൽ ഈ നാല്പ്പതാം ദിവസം വരെയുള്ള കാര്യങ്ങൾ..!!
രാത്രിയുടെ ഇരുളിൽ മുഴങ്ങിയ ആർത്തനാദങ്ങൾ..!
ചെളിയിൽ പൂണ്ടു പോയവരെ വലിച്ചെടുക്കുമ്പോൾ
മണ്ണ് വാശി പിടിച്ചു മാംസം ഉരിഞ്ഞെടുത്ത മനസ്സ് മരവിപ്പിക്കുന്ന ദൃശ്യങ്ങൾ...!!
ആംബുലൻസുകളുടെ
കരളു പിളർക്കുന്ന സൈറനുകൾ..!!
മൃത ശരീരങ്ങൾ ഓരോന്നായി കടന്നു പോയ നിമിഷങ്ങൾ...!!
ജെപിയുടെ മാത്രം
അനുഭവം ആയിരുന്നില്ല അത്.
അവിടെ എത്തിയ ഓരോരുത്തരും അനുഭവിച്ച മഹാ ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകൾ..!
മനുഷ്യൻ എല്ലാം മറന്നു ശെരിക്കും മനുഷ്യരായ ദിവസങ്ങൾ..!!
ജെപി കണ്ണ് നിറച്ചു പറഞ്ഞ മറ്റൊരു കാര്യം.
എവിടെ നിന്നൊക്കെയോ ഓടിയെത്തിയ രക്ഷാ പ്രവർത്തകരെ കുറിച്ചാണ്.
സമാനതകളില്ലാത്ത
സേവന പ്രവർത്തനം കൊണ്ട്
അവർ അത്ഭുതപ്പെടുത്തികളഞ്ഞു.
വാഹനം മുണ്ടക്കൈ എത്തി.
ഒരുനിമിഷം ഹൃദയം നിലച്ചു.!
തൊട്ട് മുന്നിൽ അതാ പച്ച വർണ്ണത്തിൽ
പാതി തകർന്നു പോയ മുണ്ടക്കായ് ജുമാ മസ്ജിദ്..!
പ്രിയപ്പെട്ട ശിഹാബ് ഫൈസി അവസാനം ഉറങ്ങിയ ആ റൂം..!!
മണ്ണടിച്ചു കയറിയതിന്റെ അടയാളങ്ങൾ..!
പുഞ്ചുരിമട്ടം ഭാഗത്തേക്ക് തിരിയുന്ന വളവിൽ
പാതി തകർന്ന വീടുകൾ
കടകൾ..!!
ഒരു വീട്ടിലെ എല്ലാവരും നഷ്ടമായ നൗഫലിന്റെ വീട് നിന്ന സ്ഥലം...!
യാ അല്ലാഹ്
ഉള്ളിൽ നിന്നൊരു നിലവിളി പിടഞ്ഞു.
കണ്ണുകളിൽ അശ്രുകണങ്ങൾ സമ്മതം ചോദിക്കാതെ വന്നു നിറയുന്നു...!!
പോലീസുകാർ കാണിച്ചു തന്ന ഇടത്തേക്ക് നോക്കിയപ്പോൾ അവിശ്വസനീയത തോന്നി.
കാരണം ഉരുൾ പൊട്ടി ഒഴുകി വന്ന ഭാഗത് നിന്നും കുറച്ചു ഉയർന്ന പ്രദേശത്താണ് പള്ളി നിൽക്കുന്നത്.
വെള്ളം പൊട്ടി ഒഴുകി എത്തുന്നത് സീതകുണ്ടിൽ ആണ്.
ഏകദേശം 15 അടി താഴെ.
പക്ഷെ അവിടെ എത്തിയ വെള്ളവും പാറക്കല്ലുകളും
ചെളിയും
ചുഴിയിൽ അകപ്പെട്ട പോലെ സംഹാര ഭീകരമായി മുകളിലേക്ക് ഉയർന്നാണ് മുണ്ടക്കൈ,
പുഞ്ചിരി മട്ടം
എന്നിവയെ അടിച്ചു തകർത്തു വലിച്ചു താഴേക്ക് കൊണ്ട് പോയത്...!!
ഭീമകാരമായ പാറക്കല്ലുകൾ
എത്ര ലാഘവത്തോടെയായിരിക്കും ഉരുൾ വെള്ളം ചുഴറ്റി എറിഞ്ഞത്...!!
ഓർക്കുമ്പോൾ പോലും ഭയം ഇരച്ചു കയറുന്നു.
ആ രാത്രിയിൽ എങ്ങോട്ട് ആകും അവശേഷിചവർ ഓടി മാറിയിട്ടുണ്ടാവുക..!
ആനയുടെ കാവലിൽ ഇരുന്നു രക്ഷപെട്ട ഒരു വല്യമ്മയുടെ ബൈറ്റ് വന്നപ്പോൾ അതിനു താഴെ ചിലരെങ്കിലും പരിഹസിച്ചു കമന്റ് ഇട്ടത് കണ്ടു.
അല്ല മനുഷ്യരെ
അതൊക്കെ ആ രാത്രിയിൽ ഉണ്ടായത് തന്നെയാണ് എന്നറിയണമെങ്കിൽ നിങ്ങൾ ഇവിടെ വരണം.
രക്ഷപ്പെട്ടവർ അന്ന് സഹിച്ച സാഹസം അത്രമേൽ ഭീകരമാണ്.
ഓടിമാറാൻ കുന്നിൻ മുകളല്ലാതെ വേറെ വഴിയില്ല.
ചൂരൽ മല താഴ്ന്ന പ്രദേശമാണ്.
അങ്ങോട്ട് ഓടിയിറങ്ങാൻ കഴിയില്ല കാരണം,
ഹൂങ്കാരവം മുഴക്കി എല്ലാം കടിച്ചു തുപ്പി
വരിഞ്ഞു പിഴുതു വരുന്ന ഉരുൾ വെള്ളം തഴോട്ടാണ് കലിത്തുള്ളിപ്പായുന്നത്...!!
അപ്പോൾ മുകളിലേ കാട്ടിലേക്ക് തന്നെയാണ് ഓടിക്കയറാൻ കഴിയുക..!!
അവിടെ ആനയും
വന്യ മൃഗങ്ങളും ഉണ്ടോ എന്നതൊന്നും അവർക്ക് അപ്പോൾ പ്രശനമായി തോന്നിയില്ലായിരിക്കാം....!!
ചാറൽ മഴ ഇത്തിരി കനത്ത് തുടങ്ങി.
പോലീസുകാർ പുഞ്ചിരിയോടെയാണെങ്കിലും മടങ്ങാൻ നിർദേശം നൽകി.
ഇനിയും അവിടെ തങ്ങുന്നത് ശെരിയല്ല.
ഡ്യൂട്ടി കഴ്ഞ്ഞിട്ടു പോലും അവർ ഞങ്ങൾക്കായി തിരിച്ചു വന്നതാണ്.
അവർക്ക് നന്ദി പറഞു
മലയിറങ്ങി.
ചൂരൽ മലയിൽ
ജയപ്രകാശിന്റെ നേതൃത്വത്തിൽ ഇപ്പോഴും സൗജന്യമായി നൽകുന്ന ചൂട് ചായയും ബിസ്ക്കട്ടും കഴിക്കാൻ ജെപി ക്ഷണിച്ചു.
കടത്തിണ്ണയിൽ മുഴുകൻ ചെളിയാണ്.
ഇരിക്കാൻ പോലും ഇടം ഇല്ല.
ക്ഷണം സ്വീകരിച്ചു ചായ കുടിക്കുമ്പോഴാണ് അവിടെ ഇരിക്കുന്ന
ഒരാളെ ജെപി പരിചയപ്പെടുത്തുന്നത്.
14 വർഷം ആയി ഭാര്യ കിടപ്പ് രോഗിയാണ്.
ദുരന്തം കഴിഞ്ഞു ഇന്നുവരെ ഒരു ജോലിക്ക് പോകാൻ അദ്ദേഹത്തിന് കഴ്ഞ്ഞിട്ടില്ല.
എന്തങ്കിലും സഹായം പിന്നീട് ആയാലും നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഷമീർ വക്കീലിനെ നോക്കി.
ഒരൊറ്റ നോട്ടത്തിൽ അദ്ദേഹം പറഞ്ഞു:
'ജെപി വണ്ടിയെടുക്ക് നമുക്ക് ആളുടെ വീട്ടിലേക്ക് പോകാം'
ഉടൻ എല്ലാവരും വീണ്ടും ജീപ്പിൽ ആ വീട്ടിലേക്ക്.
വിവരങ്ങൾ തിരക്കിയ
ജനുവിൻ കേസ് ആണ് എന്നുറപ്പായപ്പോൾ
അവിടെ വെച്ച് തന്നെ ഒരു വലിയ തുക ചെക്ക് എഴുതികൊടുത്തു.
ഒരു കാര്യം കൂടി
നാം വാർത്തകളിൽ അറിയുന്നത് മാത്രമല്ല
ദുരന്താനന്തര നാട്.
ഉറ്റവരെ നഷ്ടപെട്ട വേദന മാത്രല്ല ഇപ്പോൾ അവരെ വേട്ടയാടുന്നത്.
ചിതറിപ്പോയ കുടുംബങ്ങൾ,
പലരും പല പ്രദേശത്താണ് വാടകക്ക് കഴിയുന്നത്.
എല്ലാ സഹായവും എല്ലാവർക്കും എത്തിക്കാൻ കഴ്യാത്ത സാങ്കേതിക തടസങ്ങൾ ഉണ്ട്.
'കിട്ടുന്നവർക്ക് എല്ലാം കിട്ടുന്നു കിട്ടാതവർക്ക്
ഒന്നും കിട്ടുന്നില്ല'
എന്ന പരാതിയും നില നിൽക്കുന്നുണ്ട്.
അതുകൊണ്ട് അവിടെ ചെന്ന് മുന്നിൽ കാണുന്ന ദുരന്ത ബാധിതർക്ക് നേരിട്ടു സഹായം നൽകുന്നത് പ്രയോഗികമല്ല.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ കൃത്യമായ സഹായ വിതരണം പോലെ,
റവന്യു അധികൃതരിൽ നിന്നും രേഖകൾ ഉറപ്പ് വരുത്തി ദുരന്തബാധിതരെ നേരിൽ നൽകുന്ന കാര്യത്തിൽ ശ്രദ്ധിക്കണം.
വീടുകൾ നിരവധി ഓഫറൂകൾ ഉണ്ട്.
അവയൊക്കെ ആകാൻ സമയം എടുക്കും.
അതെ സമയം
തൊഴിൽ നഷ്ടപെട്ടവർ,
രക്ഷിതാവ് നഷ്ടപെട്ടവർ,
ചെറുകിട കച്ചവടം ചെയതിരുന്നവർ,
വാഹനം ഓടിച്ചിരുന്നവർ
അവരുടെയൊക്കെ നിത്യ വരുമാനം ഇല്ലാതായി.
അവരെ ചേർത്ത് പിടിക്കണം.
ഒന്ന് പച്ച പിടിക്കും വരെ അവരെ സഹായിക്കാൻ എല്ലാവരും ഉണ്ടാകണം.
സമസ്ത
ആദ്യ ഘട്ടം എന്ന നിലക്ക് അടിയന്തിര സഹായം നൽകുകയും
തുടർ പ്രവർത്തങ്ങൾക്കായി വിശദമായ പ്രോജക്ട് നൽകാൻ സമിതിയെ നിശ്ചയികുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് കിട്ടുന്ന മുറക്ക് വളരെ കൃത്യമായ പദ്ധതികൾ സമസ്ത നടപ്പിലാക്കും.
എസ്‌കെഎസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി റിയാസ് ഫൈസിയുടെ നേതൃത്വത്തിൽ ചേർന്നുകൊണ്ടിരുന്ന മേപ്പാടി മേഖല മീറ്റിംഗിൽ പങ്കെടുത്തു.
ജില്ലയിലെ സമസ്തയുടെ നേതൃത്വത്തിൽ നടത്തിയ സഹായ സെല്ലിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വിഖായ നടത്തിയ സേവന സന്നദ്ധതയേ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
'വാർത്തകളുടെ പ്രളയ' കാലത് ഓഫർ ചെയ്തവർ വീട് മാത്രേ നൽകൂ എന്ന
വാശി കളഞ്ഞു
കൃത്യമായ പഠനം നടത്തി അവരുടെ ജീവിതത്തെ കരുപ്പിടിപ്പിക്കണം..!
പലരും നിർമിച്ചു നൽകുന്ന വീടുകൾ പല ഭാഗത്തു ആകും.
അതെ സമയം തകർന്നു പോയ ആ മൂന്നു ഗ്രാമങ്ങളെ മറ്റൊരു സ്ഥലത്ത് റിക്രിയേറ്റ് ചെയ്താൽ അവരുടെ ഭൂതകാലം അവർക്ക് തിരിച്ചു കിട്ടും.
ആ തരത്തിലേക്ക് ഗവണ്മെന്റ്റ് പരിശ്രമിക്കും എന്ന് പ്രതീക്ഷിക്കാം.
ഒരേ ഭാഗത്ത് ഭൂമി ലഭ്യമാക്കുക എന്നതായിരിക്കും മുന്നിലെ ആദ്യ വെല്ലുവിളി.
ഇച്ഛശക്തിയിൽ ആ വെല്ലു വിളിയെ മറികടക്കാനാവണം.
വയനാട് ഒരു തോട്ടം മേഖല കൂടിയാണ്.
നൂറ്റാണ്ടുകളായി അവിടെത്തെ തൊഴിലാളികളെ ഉപയോഗപ്പെടുത്തി കോടികൾ കൊയ്യുന്ന തേയില കമ്പനി ഭീമന്മാർ ഉണ്ട് അവിടെ
അവരിൽ നിന്നും സഹായമായി സ്ഥലം സൗജന്യമായി വിട്ടു നൽകാൻ ഗവൺമന്റ് ശ്രമിക്കണം.
തടസമാകുന്ന വന/തോട്ടം മേഖല നിയമങ്ങൾ ഉണ്ടെങ്കിൽ കേന്ദ്ര-കേരള ഗവണ്മെന്റുകൾ നിയമത്തിൽ ഭേതഗതി വരുത്തുകയോ/നിയമ നിർമ്മാണം നടത്തുകയോ വേണം.
(ഈ ദുരന്തത്തിൽ ഈ കമ്പനി ഭീമന്മാർ എന്തങ്കിലും സഹായ വാഗ്ദാനം ചെയ്തതായി വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഉണ്ടെങ്കിൽ അറിയിക്കുക)
എല്ലാം മറന്നു
അവർ ചിരിക്കാൻ ശ്രമിക്കുകയാണ്.
ജീവിച്ചല്ലെ പറ്റൂ.
കൂടെയുണ്ടാവണം എല്ലാവരും.
പുത്തുമലയുടെ താഴെ നിരനിരയായി അടക്കം ചെയ്ത കബറുകൾ..!!
പല ജാതി
മതം
രാഷ്ട്രീയം..!
അവർ ഉറങ്ങുകയാണ്.
നിദാന്ത ശൂന്യമായ ഉറക്കം..!!
നമ്മുടെ എല്ലാ അഹങ്കാരങ്ങളും
ചോർന്നു പോകും അവിടെ എത്തിയാൽ..!
എന്തിന്റെയൊക്കെ പേരിൽ പകയും കൊലയും സംഘട്ടനവും നടത്തുന്നവർ
ഓർക്കുക
ഇത്രേയുള്ളൂ ജീവിതം..!!
കിട്ടാതെ പോയ ദുനിയാവിനെ ഓർത്തു നിരാശപ്പെടുന്നവർ
ഒന്ന് ചൂരൽ മലയിൽ നിന്നും നോക്കിയാൽ മതി..
നമുക്ക് റബ്ബ് തന്ന അനുഗ്രഹാങ്ങളുടെ വിലയറിയാൻ..!!
ശെരിക്കും പറഞ്ഞാൽ ഈ യാത്ര കാഴ്ചകൾ കാണാൻ ആയിരുന്നില്ല,
സ്വയം തിരിച്ചറിയാൻ
നമ്മളെ അള്ളാഹു എന്തുമാത്രം ചേർത്ത് പിടിക്കുന്നു എന്നറിയാൻ മാത്രമായിരുന്നു.
ഓർക്കുക,
ഈ പോസ്റ്റിൽ ഒരിടത്തും 'വയനാട്'എന്ന് ചേർക്കാത്തത് ബോധപൂർവം ആണ്.
വയനാടിന്റെ ഒരു ഭാഗത്തു മാത്രമാണ് ഈ ദുരന്തം ഉണ്ടായത്.
അങ്ങോട്ട് റീൽസിനും ഫോട്ടോ ഷൂട്ടിനും മാത്രമായി ആരും പോകേണ്ട.
വയനാട്ടിലെ മറ്റു സ്ഥലങ്ങൾ പോകാൻ ഭയക്കേണ്ട സ്ഥലമല്ല.
പഴയ പോലെ
പോകണം.
നിങ്ങളെയും കാത്ത് എന്നത്തെയും പോലെ അവിടെ ചില ജീവിതങ്ങൾ ഉണ്ട്.
നിങ്ങൾ വാങ്ങുന്ന ഒരു ബോട്ടിൽ വെള്ളത്തിൽ
ഒരു ചായയിൽ
ഒരു പാക് ബിസ്കറ്റിൽ
ജീവിതം തളിർക്കുന്ന കച്ചവടക്കാർ
ഓട്ടോറിക്ഷ തൊഴിലാളികൾ,
അങ്ങിനെ പരസ്പരബന്ധിതരായ ജീവിതങ്ങൾ...!!
പടച്ചോന്റെ രക്ഷ എല്ലാവരിലും ഉണ്ടാകട്ടെ..!!
ബഷീർ ഫൈസി ദേശമംഗലം
#WayanadLandslide #KeralaDisaster #ReliefEfforts #HumanitarianAid #CommunitySupport #StandWithKerala