Innovation | കുറ്റാന്വേഷണത്തിന് 3ഡി സ്കാനര്‍ ഉപയോഗിച്ച് യുഎഇ പൊലീസ്
● യുഎഇ പൊലീസ് കുറ്റാന്വേഷണത്തിൽ 3ഡി സ്കാനർ ഉപയോഗിക്കുന്നു.
● വാതക ചോർച്ച, സ്ഫോടനം തുടങ്ങിയ കേസുകളിൽ ഇത് വളരെ ഉപകാരപ്രദം.
● കൃത്യമായ തെളിവുകൾ ശേഖരിക്കാൻ സഹായിക്കുന്നു.
ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) കുറ്റാന്വേഷണത്തിന് 3ഡി സ്കാനര്‍ ഉപയോഗിച്ച് യുഎഇ പൊലീസ്. വാതക ചോര്‍ച്ച മുതല്‍ ഗ്യാസ് ലീക്ക് സ്ഫോടനം വരെ 3ഡി സ്കാനര്‍ ഉപയോഗിച്ച് കണ്ടെത്തിയിരിക്കുകയാണ് അബുദബി പൊലീസ്. 2020 സെപ്തംബറിൽ എയർപോർട്ട് റോഡിലെ കെഎഫ്‌സി കെട്ടിടത്തിലുണ്ടായ മാരകമായ വാതക ചോർച്ച സ്‌ഫോടനത്തിന് ശേഷമാണ് ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ ആദ്യമായി 3ഡി സ്കാനർ ഉപയോഗിക്കുന്നത്.
ഇരകളെ കണ്ടെത്താനും സ്‌ഫോടനത്തിൻ്റെ വലിപ്പവും ചുറ്റളവും തിരിച്ചറിയാനും സ്‌റാപ്പ്‌നലുകൾ തമ്മിലുള്ള ദൂരം അളക്കാനും 3ഡി സ്കാനര്‍ സഹായിച്ചതായി അബുദബി പൊലീസിലെ ക്രൈം സീൻ മെഷർമെൻ്റ് ആൻഡ് സ്‌കെച്ചിങ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് അൽ കഅബി (النقيب محمد الكعبي) പറഞ്ഞു. ഹാജരാക്കിയ തെളിവുകൾക്കൊപ്പം ഉൾപ്പെടുത്തേണ്ട ദൃശ്യത്തിൻ്റെ കൃത്യമായ ചിത്രവും ഇത് നൽകുന്നു. സ്‌കാനറുകൾ ഉപയോഗിക്കുന്നതിന് മുന്‍പ്, പോലീസ് ഉദ്യോഗസ്ഥർക്ക് വിവിധ കോണുകളിൽനിന്ന് എല്ലാ വിശദാംശങ്ങളുടെയും ഫോട്ടോകൾ ക്ലിക്ക് ചെയ്യേണ്ടിയിരുന്നു.
തുടർന്ന് സംഭവത്തെ ചിത്രീകരിക്കുന്നതിനായി ചിത്രങ്ങൾ സംയോജിപ്പിക്കണം. ഇതിന് രണ്ട് ദിവസം വരെ കാലതാമസം എടുത്തേക്കാം. എന്നാൽ, ഒരു സ്കാനർ ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ജോലി പൂർത്തിയാക്കാം. ഇത് കോടതി കേസുകളിൽ ഉപയോഗപ്രദമാകും. രക്തവും വിരലടയാളവും തിരിച്ചറിയാനും ഫോട്ടോ എടുക്കാനും ലൈറ്റ് റേഡിയേഷൻ ഉപയോഗിക്കുന്ന ഒരു മൊബൈൽ ലേസർ ഫിംഗർപ്രിൻ്റ് ഡിറ്റക്ഷനാണ് ഈ ഉപകരണം.
3ഡി സ്കാനർ പോലുള്ള ക്രൈം സീൻ ഓപ്പറേഷനുകളിൽ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള നൂതന മാർഗങ്ങൾ കണ്ടെത്തുന്നതിനും മുൻകൈയെടുത്തതിന് ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പൊലീസ് (ഐഎസിപി) 40 പൊലീസ് നേതാക്കളിൽ ഒരാളായി ക്യാപ്റ്റൻ അൽ കഅബിയെ തെരഞ്ഞെടുത്തു.
കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിൽ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ പഠിക്കുന്ന അബുദബി പൊലീസിൻ്റെ ആദ്യ ബാച്ചിൽ ഒരാളായിരുന്നു അദ്ദേഹം. മുഖംമൂടി ധരിച്ച രണ്ടുപേർ രാത്രിയിൽ ഒരു സ്വർണക്കടയിൽ അതിക്രമിച്ചുകയറി, തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും, മൃതദേഹവും കത്തിയും ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്ത സംഭവത്തില്‍ 3ഡി സ്കാനര്‍ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
#UAEPolice #3DScanner #CrimeSceneInvestigation #Technology #Innovation #ForensicScience #UAE