ADVERTISEMENT
● ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓർത്തഡോക്സ് ജൂത വിഭാഗമായ ചബാദ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സ്വി കോഗനെ വ്യാഴാഴ്ചയാണ് കാണാതായത്.
● ദുബൈയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് കാറോടിച്ചാണ് സ്വി കോഗൻ അൽ ഐനിൽ എത്തിയതെന്നാണ് വിവരം.
● പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ദുബൈ: (KVARTHA) യുഎഇയിൽ ജൂത റബ്ബി സ്വി കോഗനെ (28) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ, കോഗൻ്റെ കൊലപാതകം യുഎഇയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചു. എല്ലാത്തരം തീവ്രവാദത്തെയും മതഭ്രാന്തിനെയും തങ്ങൾ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓർത്തഡോക്സ് ജൂത വിഭാഗമായ ചബാദ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സ്വി കോഗനെ വ്യാഴാഴ്ചയാണ് കാണാതായത്. ഞായറാഴ്ചയാണ് അൽ ഐനിൽ മൃതദേഹം കണ്ടെത്തിയത്. സ്വി കോഗൻ്റെ കൊലപാതകം ജൂത വിരുദ്ധ തീവ്രവാദ പ്രവർത്തനമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇസ്രാഈൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എല്ലാ ഇസ്രാഈലി ഏജൻസികളും അന്വേഷണത്തിൽ ഭാഗമാണെന്നും ദുബൈയിലെ കോഷർ സൂപ്പർമാർക്കറ്റിൽ വച്ചാണ് കോഗനെ അവസാനമായി കണ്ടതെന്നും ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ സംഭവത്തിൽ ഇറാൻ്റെ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായുള്ള സൂചനകളുണ്ടെന്ന് ഭരണകക്ഷിയായ ലിക്കുഡ് പാർട്ടി അംഗം അയൂബ് കാര അഭിപ്രായപ്പെട്ടു. എന്നാൽ ഇറാൻ എംബസി ഈ ആരോപണം തള്ളിക്കളഞ്ഞു
ദുബൈയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് കാറോടിച്ചാണ് സ്വി കോഗൻ അൽ ഐനിൽ എത്തിയതെന്നാണ് വിവരം. കാറിനകത്ത് ബലപ്രയോഗം നടന്നതിൻ്റെ സൂചനകളും പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഉസ്ബൈക്കിസ്‌താൻ സ്വദേശികളായ മൂന്നു പേർ ഇയാളെ പിന്തുടർന്നുവെന്നും കൊലപാതകത്തിന് ശേഷം സംഘം തുർക്കിയിലേക്ക് കടന്നതായുമാണ് പറയുന്നത്. ഇതിനിടയിലാണ് മൂന്ന് പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
#SwieKogan #JewishRabbi #MurderInUAE #ArrestsInUAE #AntiSemitism #Terrorism
