അബൂദബിയില്‍ വധശിക്ഷയ്ക്ക് വിധിച്ച യുവാവിന് പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി
Jun 3, 2021, 16:04 IST
അബൂദബി: (www.kvartha.com 03.06.2021) അബൂദബി കോടതി വധശിക്ഷയ്ക്ക് വിധിച്ച തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് (45) പുതുജീവിതം സമ്മാനിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂദബി മുസഫയില്‍ വച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ചകളുടെയും ദിയാധനമായി (blood money) അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.
2012 സെപ്തംബര്‍ ഏഴിനായിരുന്നു അബൂദബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബൂദബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.
അബൂദബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം എ യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബൂദബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്‌സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇത് രണ്ടാം ജന്മമെന്ന് ബെക്‌സ് കൃഷ്ണന്‍
നാട്ടിലേക്ക് പോകാനായുള്ള ഔട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്‌സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു.
ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടല്‍. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം എ യൂസഫലിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്‌സ് കൃഷ്ണന്‍.
ദൈവത്തിന് നന്ദി പറഞ്ഞ് എം എ യൂസഫലി
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാധ്യമായതില്‍ സര്‍വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം എ യൂസഫലി. യു എ ഇ എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
Keywords: Abu Dhabi, News, Gulf, World, Youth, Court, MA Yousafali, Help, MA Yousafali helps man sentenced to death in Abu Dhabi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.