Deportation | കഴിഞ്ഞ 33 വര്‍ഷത്തിനിടെ 5,95,000 വിദേശികളെ നാടുകടത്തിയതായി കുവൈത്ത്
● 354,168 പേര്‍ പുരുഷന്മാരും 230,441 പേര്‍ സ്ത്രീകളും.
● ഇതില്‍ 10,602 കുടുംബങ്ങളും ഉള്‍പ്പെടുന്നു.
● ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നു.
● വിമാന ടിക്കറ്റ് നല്‍കാനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാരുടേത്.
കുവൈത്ത് സിറ്റി: (KVARTHA) കുവൈത്തില്‍ കഴിഞ്ഞ 33 വര്‍ഷത്തിനിടെ 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് (Brigadier Jassim Al-Misbah) അറിയിച്ചു. ഇതില്‍ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉള്‍പ്പെടുന്നു.
നാടുകടത്തല്‍ അംഗീകരിച്ച് കഴിഞ്ഞാല്‍, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും കര്‍ശന സുരക്ഷയില്‍ കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കര്‍ശന സുരക്ഷയിലാണ്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. 2024 മുതല്‍ 25,000 പേരെ കൂടി അയച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് റഫര്‍ ചെയ്യപ്പെടുന്ന വ്യക്തികള്‍ക്കായി മൂന്ന് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തല്‍ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തില്‍ ബ്രിഗേഡിയര്‍ അല്‍ മിസ്ബ വെളിപ്പെടുത്തി. നാട് കടത്തപ്പെട്ടവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാരുടേതാണെന്നും അദ്ദേഹം വിശദമാക്കി.
ടിക്കറ്റ് റിസര്‍വേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഡിപോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവല്‍ ഓഫീസുകള്‍ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
നാട് കടത്തപ്പെടുന്നവരോട് ആദരവോടെ പെരുമാറുന്നുവെന്നും അവരുടെ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്ന മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് കുവൈത്ത് ദീര്‍ഘകാലമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Kuwait #deportation #expatriates #MiddleEast #immigration #Gulfnews