Victory | പ്രവാസി സാഹിത്യോത്സവത്തില്‍ ജിദ്ദ സിറ്റി തിളങ്ങി; അടുത്തത് മക്കയില്‍
● ആതിഥേയരായ ജിസാനും സാഹിത്യോത്സവില്‍ മാറ്റുരച്ചു.
● ജനറല്‍ വിഭാഗത്തില്‍ ജിസാന്‍ 215 പോയിന്റ് നേടി.
● 11 വേദികളിലായി 79 മത്സര ഇനങ്ങള്‍ നടന്നു.
ജിസാന്‍: (KVARTHA) 14-ാമത് സൗദി വെസ്റ്റ് നാഷണല്‍ പ്രവാസി സാഹിത്യോത്സവത്തില്‍ (Saudi West National Literary Festival) ജിദ്ദ സിറ്റി സോണ്‍ തിളങ്ങി. ജിസാനിലെ സബിയയില്‍ നടന്ന സാഹിത്യോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ 223 പോയിന്റ് നേടി ജിദ്ദ സിറ്റി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, കാമ്പസ് വിഭാഗത്തില്‍ ജിദ്ദ നോര്‍ത്ത് ഒന്നാം സ്ഥാനക്കാരായി. മക്ക, മദീന, തായിഫ്, അല്‍ബഹ, അസീര്‍, യാമ്പു, ജിദ്ദ നോര്‍ത്ത് സോണുകളും ആതിഥേയരായ ജിസാനും സാഹിത്യോത്സവില്‍ മാറ്റുരച്ചു.
ജനറല്‍ വിഭാഗത്തില്‍ ജിസാന്‍ 215 പോയിന്റും മക്ക 122 പോയിന്റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കലാപ്രതിഭയായി ജിസാന്‍ സോണില്‍ അസ്ലം ശഹര്‍ഖാനും സര്‍ഗ പ്രതിഭകളായി മക്ക സോണിലെ റിസ്വാന കമാല്‍, മുഹമ്മദ് ഷാഫി മലാവി എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിക്കുന്ന കാമ്പസ് വിഭാഗത്തില്‍ മക്ക സോണ്‍ രണ്ടാം സ്ഥാനം നേടി.
ഉദ്ഘാടന സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് കല്ലായിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ്. സൗദി നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം നിര്‍വഹിച്ചു. രഹ് നാസ് കുറ്റ്യാടി, മാധ്യമപ്രവര്‍ത്തകന്‍ ഇസ്മാഈല്‍ മാനു, താഹ കിണാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.എസ്.സി സൗദി വെസ്റ്റ് ജനറല്‍ സെക്രട്ടറി യാസിര്‍ അലി ഓമച്ചപ്പുഴ സ്വാഗതവും അനസ് ജൗഹരി നന്ദിയും പറഞ്ഞു.
ദേശം താണ്ടിയ വാക്കും വരയും സാഹിത്യോത്സവ് പ്രമേയ സ്‌പെഷ്യല്‍ സപ്ലിമെന്റ് ഐ.സി.എഫ്. നാഷനല്‍ വെല്‍ഫെയര്‍ സെക്രട്ടറി മഹ് മൂദ് സഖാഫി അലി വടക്കാങ്ങരക്ക് നല്‍കി പ്രകാശനം ചെയ്തു. സിറാജ് മാട്ടില്‍ സന്നിഹിതനായി.
ജൂനിയര്‍ വിഭാഗത്തിന്റെ മദ്ഹ് ഗാന മത്സരത്തോട് കൂടി വേദിയില്‍ കലാ പ്രകടനങ്ങള്‍ക്ക് തുടക്കമായി. 11 വേദികളിലായി 79 മത്സര ഇനങ്ങളാണ് നടന്നത്. 'ദേശം താണ്ടിയ വാക്കും വരയും' എന്ന പ്രമേയത്തില്‍ സലീം പട്ടുവം (പ്രവാസം വാക്കുകളുടെ സഞ്ചാരം വഴക്കം), ആശിഖ് സഖാഫി (ദേശാതിരുകള്‍ക്കപ്പുറത്ത് പ്രവാസി വരഞ്ഞിടുന്നത്) പ്രമേയ പ്രഭാഷണം നടത്തി.
വൈകീട്ട് നടന്ന സമാപന സമ്മേളനം ആര്‍.എസ്.സി. നാഷണല്‍ ചെയര്‍മാന്‍ അഫ്‌സല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്. ഇന്ത്യ സെക്രട്ടറി ഉബൈദുല്ല ഇബ്രാഹീം നൂറാനി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ചുണ്ടമ്പറ്റ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.
വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനങ്ങളെ പ്രതിനിധീകരിച്ച് ഹാരിസ് കല്ലായി (കെ.എം.സി.സി), സിറാജ് കുറ്റ്യാടി (ഐ.സി.എഫ്.) ഷാജി പുളിക്കത്താഴത്ത് (ഒ.ഐ.സി.സി.) ദേവന്‍ വെന്നിയൂര്‍ (ജല), മജീദ് മാസ്റ്റര്‍ (റിയാദ് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍), ഖാലിദ് പട്‌ല, അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി ആശംസകളറിയിച്ചു.
ത്വല്‍ഹത് കൊളത്തറ, മുജീബ് തുവ്വക്കാട്, ഉസ്മാ മറ്റത്തൂര്‍, സാദിഖ് ചാലിയാര്‍ സന്നിഹിതരായി. ജനറല്‍, കാമ്പസ് വിഭാഗങ്ങള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സയ്യിദ് ശബീറലി തങ്ങള്‍ സ്വാഗതവും നിയാസ് കാക്കൂര്‍ നന്ദിയും പറഞ്ഞു. 2025 ലെ പ്രവാസി നാഷണല്‍ സാഹിത്യോത്സവ് മക്കയില്‍ നടക്കും. സാഹിത്യോത്സവ് പതാക മക്ക സോണ്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.
#SaudiLiteraryFestival #Jeddah #Jizan #Makkah #KeralaLiterature #IndianExpats #LiteraryCompetition