Accident | റാസല്‍ഖൈമയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നുവീണ് ഇന്ത്യന്‍ യുവ ഡോക്ടറും വനിതാ പൈലറ്റും മരിച്ചു
● മകന്‍ വിമാനം പറപ്പിക്കുന്നത് കാണാന്‍ മാതാപിതാക്കളും എത്തിയിരുന്നു.
● ജസീറ ഏവിയേഷന്‍ ക്ലബ്ബ് അധികൃതരാണ് മരണവിവരം സ്ഥിരീകരിച്ചത്.
● മരിച്ച രണ്ട് പേരുടെയും കുടുംബങ്ങള്‍ക്ക് ജിസിഎഎ അനുശോചനം അറിയിച്ചു.
റാസല്‍ഖൈമ: (KVARTHA) എമിറേറ്റിലെ തീരപ്രദേശത്ത് അല്‍ ജസീറ എയര്‍ സ്‌പോര്‍ട്സ് ക്ലബ്ബിന്റെ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും മരിച്ചു. യുഎഇയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരനായ യുവ ഡോക്ടര്‍ അല്‍ മാജിദും (26) സഹ പൈലറ്റായ പാക്കിസ്ഥാനി യുവതിയുമാണ് മരിച്ചത്. ജസീറ ഏവിയേഷന്‍ ക്ലബ്ബ് അധികൃതരാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റാസല്‍ഖൈമ കടലില്‍ ബീച്ചിനോട് ചേര്‍ന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകര്‍ന്നുവീണത്. ഡോ. സുലൈമാനാണ് വിമാനം വാടകയ്‌ക്കെടുത്തത്. മകന്‍ വിമാനം പറപ്പിക്കുന്നത് കാണാന്‍ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷന്‍ ക്ലബിലെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ വര്‍ക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും അന്വേഷണം തുടരുകയാണ്. മരിച്ച രണ്ട് പേരുടെയും കുടുംബങ്ങള്‍ക്ക് ജിസിഎഎ അനുശോചനം അറിയിച്ചു. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.
#planecrash #rasalkhaimah #uae #india #aviation #accident #rip