Delay | അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റി
● ഒക്ടോബര്‍ 21-നാണ് കോടതി ആദ്യം കേസ് പരിഗണിച്ചിരുന്നത്.
● നവംബര്‍ 17ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നു.
● കേസ് എപ്പോള്‍ പരിഗണിക്കുമെന്ന് വൈകാതെ അറിയിക്കും.
റിയാദ്: (KVARTHA) സൗദി അറേബ്യയിലെ ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളും. അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി റിയാദ് ക്രിമിനല്‍ കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നത് മാറ്റിവെച്ചു. കഴിഞ്ഞ ഒക്ടോബര്‍ 21-നാണ് കോടതി ആദ്യം കേസ് പരിഗണിച്ചിരുന്നത്.
പിന്നീട് കഴിഞ്ഞ നവംബര്‍ 17ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡിസംബര്‍ എട്ടിലേക്ക് കേസ് നീട്ടിവെക്കുകയായിരുന്നു. റിയാദ് ക്രിമിനല്‍ ഞായറാഴ്ച രാവിലെ വാദം പൂര്‍ത്തിയായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത കേസ് എപ്പോള്‍ പരിഗണിക്കുമെന്ന് വൈകാതെ അറിയാനാവും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ധനസമാഹരണ പ്രവര്‍ത്തനം വിജയകരമായിരുന്നു. മലയാളികള്‍ അടക്കമുള്ള ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ ചേര്‍ന്ന് 47.87 കോടി രൂപ എന്ന ഭീമമായ തുക സമാഹരിച്ചു. ഈ തുകയാണ് അബ്ദുല്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനുള്ള ദയാധനമായി നല്‍കിയത്.
ഇതിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ മോചന നടപടികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കോടതി വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടു. ഇനി മോചന ഉത്തരവില്‍ കോടതി ഒപ്പ് വെക്കുകയാണ് വേണ്ടത്. ഇത് പൂര്‍ത്തിയായാല്‍ അബ്ദുല്‍ റഹീമിന് 18 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാം. ധനസമാഹരണത്തിലൂടെ ലഭിച്ച തുകയില്‍ നിന്ന് ബ്ലഡ് മണി നല്‍കിയ ശേഷവും പതിനൊന്നരക്കോടി രൂപ ബാക്കിയുണ്ട്.
ഈ തുക മറ്റ് ആവശ്യമുള്ളവര്‍ക്ക് സഹായമാകുന്ന വിധത്തില്‍ ഉപയോഗിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്വിമയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. 18 വര്‍ഷത്തിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ മോചനം വൈകുന്നത് കുടുംബത്തിന് നിരാശ പടര്‍ത്തിയിട്ടുണ്ട്.
#AbdulRahim #SaudiArabia #Kerala #release #justice #diaspora #fundraising