Delay | അബ്ദുൽ റഹീം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും; കോടതിയിൽ നിന്ന് മോചന ഉത്തരവുണ്ടായില്ല; ഇനി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും
● സൗദി അറേബ്യയിലെ ജയിലിൽ കഴിയുകയാണ് റഹീം.
● വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ നാടൊന്നടങ്കം ധനസമാഹരണം നടത്തിയിരുന്നു.
● 47.87 കോടി രൂപയാണ് ധനസമാഹരണത്തിലൂടെ ലഭിച്ചത്.
● കോടതി വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്.
റിയാദ്: (KVARTHA) സഊദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് വീണ്ടും നിരാശ. അദ്ദേഹത്തിന്റെ മോചനം വൈകും. ഞായറാഴ്ച കോടതിയിൽ നിന്ന് മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ 21-നാണ് കോടതി ആദ്യം കേസ് പരിഗണിച്ചിരുന്നത്.
വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്ന അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കാൻ നാടൊന്നടങ്കം നടത്തിയ ധനസമാഹരണ പ്രവർത്തനം വിജയകരമായിരുന്നു. മലയാളികൾ അടക്കമുള്ള ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 47. 87 കോടി രൂപ എന്ന ഭീമമായ തുക സമാഹരിച്ചു. ഈ തുകയാണ് അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനുള്ള ദയാധനമായി നൽകിയത്.
ഇതിന്റെ ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചതോടെ മോചന നടപടികൾ പൂർത്തിയായി. തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടു. ഇനി മോചന ഉത്തരവിൽ കോടതി ഒപ്പ് വെക്കുകയാണ് വേണ്ടത്. ഇത് പൂർത്തിയായാൽ അബ്ദുൽ റഹീമിന് 18 വർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാം.
ധനസമാഹരണത്തിലൂടെ ലഭിച്ച തുകയിൽ നിന്ന് ബ്ലഡ് മണി നൽകിയ ശേഷവും പതിനൊന്നരക്കോടി രൂപ ബാക്കിയുണ്ട്. ഈ തുക മറ്റ് ആവശ്യമുള്ളവർക്ക് സഹായമാകുന്ന വിധത്തിൽ ഉപയോഗിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്.
#AbdulRahim #SaudiJail #Kerala #JusticeForAbdulRahim #Crowdfunding #ReleaseDelayed