Release Delay | ആറാം തവണയും മാറ്റിവെച്ചു; റഹീമിന്റെ മോചനം വൈകും; കേസ് പുതിയ ബെഞ്ചിലേക്ക്


● മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഹീമിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലായി.
● 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്.
● റഹീമിന്റെ മോചനം സംബന്ധിച്ച് ബുധനാഴ്ച സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.
റിയാദ്: (KVARTHA) സൗദി അറേബ്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. റിയാദ് ക്രിമിനൽ കോടതി കേസ് ആറാം തവണയും മാറ്റിവച്ചു. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ, മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഹീമിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലായി.
സൗദി പൗരൻ ഫാഇസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ശഹ്റിയുടെ 15 വയസുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിലായത്. കേസിൽ റഹീമിന്റെ വധശിക്ഷ കഴിഞ്ഞ ജൂലൈ രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിച്ചത്.
റഹീമിന്റെ മോചനം സംബന്ധിച്ച് ബുധനാഴ്ച സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെ റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തീരുമാനം അനുകൂലമായിരുന്നുന്നെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്പോർട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനാകുമായിരുന്നു. റഹീമിന്റെ മടക്കയാത്രക്കുള്ള രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
കേസ് ഇനിയും നീട്ടരുതെന്നും ഇതിന് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്തണമെന്നും അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ കഴിഞ്ഞ തവണ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വധശിക്ഷ ഒഴിവാക്കിയെങ്കിലും, ഒരു ജീവൻ നഷ്ടപ്പെട്ടതിലുള്ള പൊതു നിയമനടപടികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും തീർപ്പുണ്ടാവാത്തതിനാലാണ് റഹീമിന്റെ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്.
#AbdulRaheem #SaudiCourt #ReleaseDelay #LegalIssues #KeralaNews #CourtPostponement