Hema Report | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമാക്കാരും സര്‍ക്കാരും വെട്ടിലായി, ഇനി എങ്ങനെ കുരുക്കഴിക്കും?

 
Hema Report

Photo Credit : Website / The Hindu

* സിനിമയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് 
* ഈ റിപ്പോർട്ട് സിനിമയിലെ അധികാര രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു

ആദിത്യൻ ആറന്മുള 

(KVARTHA) വ്യക്തിപരമായ ആരോപണങ്ങളും ആക്ഷേപങ്ങളും പുറത്തുവിടാത്തതിനാല്‍ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊതുമണ്ഡലത്തിലെത്തിയാലും ഒന്നും സംഭവിക്കില്ലെന്ന സര്‍ക്കാരിന്റെയും സിനിമയിലെ ഉന്നതരുടെയും ധാരണയ്ക്ക് കനത്ത തിരിച്ചടി. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നാല്‍ സ്വമേധയാ കേസെടുക്കാമെന്ന് നിയമമുള്ളതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. 

പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ നിയമമുണ്ടെന്നും നടപടിയെടുക്കുമെന്നും ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ള പവര്‍ഗ്രൂപ്പാണ് സിനിമ നിയന്ത്രിക്കുന്നതെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

പല ഉന്നതരുടെയും പേരുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇല്ലെന്ന് കോടതിയെ അറിയിച്ചാല്‍ വലിയ തിരിച്ചടിയുണ്ടാകും. മന്ത്രി കെബി ഗണേഷ് കുമാറും എം മുകേഷ് എംഎല്‍എയും ആരോപണവിധേയരാണ്. അതുകൊണ്ട് ഇവരെ രക്ഷിക്കാന്‍ നീക്കം നടക്കുമോ എന്ന് ഇരകള്‍ക്ക് ഭയമുണ്ട്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി രക്ഷപ്പെടാന്‍ ഇരുവരും നീക്കം നടത്തുന്നെന്ന ആക്ഷേപം ശക്തമാണ്. നടന്‍ തിലകന്റെ അഭിനയ ജീവിതം തകര്‍ത്തത് ഗണേഷ് കുമാറും മമ്മൂട്ടിയും ചേര്‍ന്നാണെന്ന് തിലകന്റെ സുഹൃത്തായ നാടകനടന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതും തിരിച്ചടിയായി. 

മമ്മൂട്ടിയുടെ ഇമേജിന് കോട്ടംതട്ടാതിരിക്കാന്‍ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപ് കേസില്‍ പെട്ടതോടെ സിനിമയിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടാണ് താരസംഘടനയുടെ പദവികളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കുന്നത്. സിനിമയില്‍ ഗുണ്ടകളെയും മറ്റും സൈര്യവിഹാരം നടത്താന്‍ അനുമതി നല്‍കിയത് ദിലീപും സംഘവുമാണെന്ന ആക്ഷേപം ശക്തമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും നാണക്കേടും ഭയവും കാരണം ആരും തുറന്ന് പറയാത്തതാണ്.

മഞ്ജുവാര്യര്‍ രണ്ടാമത് സിനിമയില്‍ വന്നപ്പോള്‍ അവരെ ഒതുക്കാനുള്ള എല്ലാ കളികളും പവര്‍ഗ്രൂപ്പ് കളിച്ചു. മോഹന്‍ലാല്‍ മാത്രമാണ് മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ തയ്യാറായ മുന്‍നിരതാരം. അതുകൊണ്ട് മാത്രം പിടിച്ച് നില്‍ക്കാനാകില്ലെന്ന് മനസിലാക്കിയാണ് മഞ്ജു വിമന്‍ ഇന്‍ കളക്ടീവ് സിനിമ വിട്ടത്. ദിലീപും സിദ്ദീഖും മുകേഷും ഗണേഷും അടങ്ങുന്ന ലോബി വളരെ ശക്തമാണെന്നത് പരസ്യമായ രഹസ്യമാണ്. നിലവിലെ സംഭവവികാസങ്ങളില്‍ യുവതാരങ്ങളും ആഷിഖ് അബു, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ദിലീപ് പോത്തന്‍, ശ്യാംപുഷ്‌കരന്‍ അടക്കമുള്ളവരും ആശങ്കയിലല്ല. കാരണം അവരൊന്നും ഇതില്‍ പെടുന്നവരല്ല. 

എന്നാല്‍ ഈ സംഘത്തിലെ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങളും വാര്‍ത്തകളും മുമ്പും ഉയര്‍ന്നിട്ടുണ്ട്. അതില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യുവതാരങ്ങളാരും ഉള്‍പ്പെട്ടതായി അറിവില്ല. പലരും ആക്രമണത്തിന് ഇരയായവരെയും ഒറ്റപ്പെടുത്തുന്നവരെയും സഹായിച്ചിട്ടുമുണ്ട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ പൃഥ്വിരാജും ആസിഫ് അലിയും നായികമാരാക്കിയിരുന്നു. ഈ നടിയുടെ ഏറ്റവും അവസാനമിറങ്ങിയ സിനിമ പൊളിക്കാന്‍ എല്ലാ തന്ത്രങ്ങളും പവര്‍ഗ്രൂപ്പ് പയറ്റി. സാറ്റലൈറ്റോ, ഓവര്‍ സീസോ, ഒടിടിയോ വിറ്റ് പോയില്ല. അവസാനം മനോരമ മാക്‌സാണ് അവകാശം വാങ്ങിയത്.

താരസംഘടനയിലുള്ള നടിമാരോട് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നടിമാരുടെയും ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെയും രഹസ്യമൊഴി എടുത്തത് കേസാക്കില്ലെന്ന ധാരണയിലായതിനാല്‍ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ക്രൂരമായ അതിക്രമങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ സ്വമേധയാ കേസെടുത്തില്ലെങ്കില്‍ അത് വലിയ നാണക്കേടായി മാറും. ഒന്നാമത് സര്‍ക്കാരിന്റെ പ്രതിച്ഛായ വളരെ മോശമായ അവസ്ഥയിലാണ്. അതിനൊപ്പം സിനിമാക്കാരെ രക്ഷിക്കാന്‍ ഇറങ്ങിയാല്‍ സംഗതി അതിലും വഷളാകും. 

തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ മുഖം രക്ഷിക്കാനെങ്കിലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതില്‍ നിന്ന് ഏതൊക്കെ വമ്പന്‍മാരെ ഒഴിവാക്കേണ്ടിവരും എന്നതാണ് പ്രധാന കാര്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, മാനേജര്‍മാര്‍, ചെറിയ നിര്‍മാതാക്കള്‍, ഇടത്തരം നടന്മാര്‍ എന്നിവരെ ബലിയാടിക്കിയേക്കാം. എന്നിട്ട് ഞങ്ങള്‍ നടപടി എടുത്തെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യാം. 

അല്ലെങ്കില്‍ പുതിയ പരാതികള്‍ പരിഗണിക്കുന്നതിനായി ട്രൈബ്യൂണല്‍ രൂപീകരിച്ചേക്കാം. വിമന്‍ ഇന്‍ കളക്ടീവ് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ അംഗീകരിച്ച് അവരെയും അനുനയിപ്പിച്ചേക്കാം. ഗണേഷ് കുമാറിനെയും മുകേഷിനെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെയും ഒഴിവാക്കിയുള്ള നടപടിയായിരിക്കും സര്‍ക്കാരെടുക്കുകയെങ്കില്‍ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കും. അതുകൊണ്ട് സിനിമാക്കാരേക്കാള്‍ വലിയ പ്രതിസന്ധിയിലാണ് സര്‍ക്കാര്‍.
 

Hema Report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia