Tribute | ഡിഗോ മറഡോണയില്ലാത്ത 4 വർഷങ്ങൾ; കണ്ണൂരിനെ ത്രസിപ്പിച്ച ഫുട്ബോൾ ഇതിഹാസം

 
Remembering Diego Maradona: Four Years Since His Demise
Remembering Diego Maradona: Four Years Since His Demise

Photo Credit: X/Maradona

● ദൈവം എന്ന വിളി ഒരേ ഒരാൾക്ക് മാത്രം. 
● അറുപതാം വയസ്സിൽ ഈ ലോകത്തോട് വിട.
● അർജന്റീനക്ക് വേണ്ടി 91 കളികളില്‍ 34 ഗോളുകൾ.

(KVARTHA) ഫുട്ബോൾ മൈതാനത്ത് തൊട്ടതെല്ലാം പൊന്നാക്കിയ കാൽപന്ത് കളിക്കാരനാണ് ഡീഗോ അർമാൻഡോ മറഡോണ. ഫുട്ബോളിന് ഒരേ ഒരു രാജാവേ ഉള്ളൂ. സാക്ഷാൽ പെലെ. എന്നാൽ ഫുട്ബോൾ പ്രേമികൾക്ക് ഒരേ ഒരു ദൈവമേയുള്ളൂ. ഡിഗോ മറഡോണ. മെസ്സി, റൊണാൾഡോ, നെയ്മർ  ഫുട്ബോൾ ലോകത്ത് ഏറെ ജേതാക്കൾ പിന്നെയും വന്നുവെങ്കിലും ദൈവം എന്ന വിളി ഒരേ ഒരാൾക്ക് മാത്രം. 

കാലുകളിൽ മാന്ത്രികത ഒളിപ്പിച്ചുവെച്ചു മൈതാനത്തെ മഹോത്സവമാക്കിയ സാക്ഷാൽ ഡിഗോ. ദൈവം വിടവാങ്ങിയിട്ട് നവംബർ 25ന് നാല് വർഷം പൂർത്തിയായിക്കുകയാണ്. 1977 മുതൽ 1996 വരെ ലോക ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാവായിരുന്നു ഡിഗോ. ഒറ്റയാൾ പോരാട്ടം വഴി 1986ൽ അർജന്റീനക്ക് ലോക ഫുട്ബോൾ കിരീടം സമ്മാനിച്ചു കൊടുത്ത അസാമന്യ പ്രതിഭ. ആ ലോകകപ്പിൽ 5 ഗോൾ അടിക്കുകയും 5 എണ്ണത്തിന് അവസരം ഒരുക്കുകയും ചെയ്തു ഡീഗോ. 

1960 ഒക്ടോബർ 30ന് ജനിച്ച ഡീഗോ അർമാൻഡോ മറഡോണ ലോകത്തുള്ള മുഴുവൻ ഫുട്ബോൾ പ്രേമികളെയും തീരാദുഃഖത്തിലാഴ്ത്തി അറുപതാം വയസ്സിൽ ഈ ലോകത്തോട് വിട പറയുമ്പോൾ  ലോകത്തിലുള്ള ഫുട്ബോൾ ആരാധകർ മുഴുവൻ നിശ്ചലവസ്ഥയിൽ ആയിരുന്നു. തനിക്ക് എത്രയും പ്രിയപ്പെട്ട ആരോ ഒരാൾ തന്റെ ഹൃദയത്തിൽ നിന്നും പിടിച്ചുപറിക്കപ്പെട്ട വേദനയുമായാണ്  ഓരോ ഫുട്ബോൾ പ്രേമിയും പ്രസ്തുത ദിവസം കഴിച്ചുകൂട്ടിയത്.

ആധുനിക ഫുട്ബോളിലെ ഏറ്റവും ജനപ്രീതി ആർജിച്ച ഈ കളിക്കാരൻ  ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവക്കുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 

1986-ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഫുട്ബോൾ ആരാധകർ ഫോക് ലൻഡ് യുദ്ധം എന്ന് വിശേഷിപ്പിച്ച ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടം പിടിച്ചു. 

റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.

1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്ര മൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.

വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.

അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനോ എന്തിന് ഇന്ത്യയുടെ ഫുട്ബോൾ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന കൊൽക്കത്തക്കൊ അവകാശപ്പെടാനില്ലാത്ത ഒരു അതുല്യ ബന്ധം നമ്മുടെ കണ്ണൂരും ഡിഗോയും തമ്മിലുണ്ട്. 2012 ഒക്ടോബർ 24 നായിരുന്നു ആ ചരിത്രം മുഹൂർത്തം. ഡിഗോ കണ്ണൂരിൽ. ഫുട്ബോൾ ആരാധകരെ ആനന്ദനൃത്തത്തിൽ ആറാടിച്ചുകൊണ്ട് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആടിയും പാടിയും ഫുട്ബോൾ തട്ടിയും ഡീഗോ നിറഞ്ഞാടി. ഇന്ത്യയിൽ എല്ലാ സ്ഥലത്തുനിന്നും ഫുട്ബോൾ ആരാധകർ ആ ദിവസം കണ്ണൂരിൽ തടിച്ചുകൂടി എന്നതാണ് വാസ്തവം. 

കണ്ണൂരിന്റെ സ്നേഹം ഏറ്റുവാങ്ങി കസവുമുണ്ടും ഉടുത്ത് എത്തിയ മുൻ ശുണ്ഠിക്കാരനായ ഡിഗോ എങ്ങനെ പെരുമാറും എന്നതിനെ സംബന്ധിച്ച് സംശയമുണ്ടായിരുന്നു. എങ്കിലും ആരാധകരെ കയ്യിലെടുത്തു കൊണ്ട് തന്നെയാണ് മടങ്ങിപ്പോയത്. ഒരു സ്വപ്നസാഫല്യം പോലെ ആരാധകരും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഡിഗോയുടെ പ്രതിമ. ഡിഗോ താമസിച്ചിരുന്ന ഹോട്ടലിലെ മുറി ഒരു സന്ദർശക ഗാലറി പോലെ ഇപ്പോഴും ഉടമയായ രവീന്ദ്രൻ സൂക്ഷിക്കുന്നു. സ്വപ്ന തുല്യമായ ആ അവസരം ഫുട്ബോൾ പ്രേമികൾ എന്നും ആനന്ദത്തോടെ ഓർക്കുന്നു.

#DiegoMaradona, #footballlegend, #Argentina, #RIPMaradona, #football, #sports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia