Copa America | കോപയില്‍ ആദ്യ ജയവുമായി തിരിച്ച് വരവ് രാജകീയമാക്കി ബ്രസീല്‍; ക്വാര്‍ടര്‍ കാണാതെ പുറത്തായി പരാഗ്വ


ആദ്യ മത്സരത്തില്‍ കോസ്റ്റോറികയുമായി ബ്രസീല്‍ സമനില വഴങ്ങിയിരുന്നു.
ജൂലൈ മൂന്നിന് നടക്കുന്ന മത്സരത്തില്‍ കോസ്റ്ററികയാണ് പരാഗ്വയുടെ എതിരാളികള്‍.
കോസ്റ്റരികയെ തകര്‍ത്ത് കൊളംബിയ.
നെവാഡ: (KVARTHA) കോപ അമേരികയില്‍ ആദ്യ ജയവുമായി തിരിച്ച് വരവ് രാജകീയമാക്കി ബ്രസീല്‍. പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ മിന്നും ജയം വലയിലാക്കിയത്. ജയത്തോടെ കാനറിപട ക്വാര്‍ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പരാഗ്വ ക്വാര്‍ടര്‍ കാണാതെ പുറത്തായി.
ഇരട്ടഗോള്‍ നേടികൊണ്ട് കളം നിറഞ്ഞ് കളിച്ച മഡ്രിഡ് സൂപര്‍താരം വിനീഷ്യസ് ജൂനിയറിന്റെ കരുത്തിലാണ് ബ്രസീല്‍ കോപയിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചത്. എതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ ഈ മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇനി ഗ്രൂപ് ഡിയിലെ അവസാന മത്സരത്തില്‍ കൊളംബിയയുമായി സമനില പിടിച്ചാലും ബ്രസീലിന് ക്വാര്‍ടറിലെത്താം. ഗ്രൂപില്‍ നിന്ന് കൊളംബിയ നേരത്തെ ക്വാര്‍ടര്‍ ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കോസ്റ്റോറികയുമായി ബ്രസീല്‍ സമനില വഴങ്ങിയിരുന്നു.
പന്തടക്കത്തിലും പാസിംഗിലും ബ്രസീലുമായി ഒപ്പം പിടിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് പരാഗ്വേയ്ക്ക് വിനയായത്. മറുവശത്ത് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കാന്‍ ബ്രസീലിനായി. കോപ അമേരികയില്‍ ബ്രസീലിന്റെ ആദ്യ ജയമാണിത്. പരാഗ്വേയും ബ്രസീലും ആറ് ഷോടുകള്‍ വീതം ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ നാലും ഗോളാക്കാന്‍ ബ്രസീലിനായി. പരാഗ്വേയ്ക്ക് ആകട്ടെ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്.
ഗോള്‍ രഹിതമായ അരമണിക്കൂറിനുശേഷം 35-മിനുടില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ആദ്യം ലീഡെടുത്തത്. 43- മിനുടില്‍ സാവിയോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ വിനീഷ്യസ് വീണ്ടും ഗോള്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പരാഗ്വ ഒരു ഗോള്‍ തിരിച്ചടിച്ചു. 48- മിനുട്ടില്‍ ഒമര്‍ അല്‍ഡെറേറ്റാണ് ഒരു ഗോള്‍ മടക്കിയത്. എന്നാല്‍ 65-മിനുടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലൂകാസ് പക്വറ്റ ബ്രസീലിന്റെ വിജയം ആധികാരികമാക്കി. നേരത്തെ 31- മിനുടില്‍ ലഭിച്ച പെനാല്‍റ്റി ലൂകാസ് പാഴാക്കിയിരുന്നു.
ഈ തകര്‍പന്‍ വിജയത്തോടെ ഗ്രൂപ് ഡിയില്‍ രണ്ട് മത്സരങ്ങളില്‍നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. രണ്ട് മത്രസങ്ങളും പരാജയപ്പെട്ട പരാഗ്വ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്. ജൂലൈ മൂന്നിന് ഒന്നാം സ്ഥാനത്തുള്ള കൊളംബിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. കോസ്റ്ററികയാണ് പരാഗ്വയുടെ എതിരാളികള്‍.